ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനങ്ങള്‍ സൃഷ്ടിക്കുകയും ഭീകരരെ ഇന്ത്യയിലേക്കു കയറ്റിവിടാന്‍ സഹായിക്കുകയും ചെയ്യുന്ന പാക്ക് സൈന്യത്തിനു കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. നൗഷേരയിലെ പാകിസ്ഥാന്റെ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സൈന്യം അതിശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ പാകിസ്ഥാന്റെ ഭാഗത്ത് ആളപായമുണ്ടായോ എന്ന കാര്യം സൈന്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം, പാക് സൈനിക പോസ്റ്റുകള്‍ക്ക് കാര്യമായ നാശനഷ്ടം ഉണ്ടായതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
നൗഷേര സെക്ടടറിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ബങ്കറുകള്‍ തകര്‍ക്കാനുള്ള അത്യാധുനിക തോക്കുകളും ടാങ്ക് വേധ ആയുധങ്ങളുടേയും സഹായത്തോടെ ആയിരുന്നു ആക്രമണം. ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമായാണ് ആക്രമണം നടത്തിയത്. ഇവടെ പാക് സൈനികരുടെ സഹായത്തോടെയാണ് നുഴഞ്ഞു കയറ്റം നടക്കുന്നത്. അതിനുവേണ്ടിയാണ് പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത്. നുഴഞ്ഞു കയറ്റുക്കാരെ ഇനിയും പ്രോത്സാഹിപ്പിച്ചാല്‍ ഇന്ത്യ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് പാകിസ്ഥാനും ലോകത്തിനും മനസിലാക്കി കൊടുക്കുക കൂടിയാണ് തിരിച്ചടിയിലൂടെ ലക്ഷ്യമിട്ടതെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
കാശ്മീരില്‍ മഞ്ഞ് ഉരുകാന്‍ തുടങ്ങുന്നതോടെ നുഴഞ്ഞുകയറ്റം ഇനിയും വര്‍ദ്ധിക്കുമെന്നാണ് കരുതുന്നതെന്നും ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്നും മേജര്‍ ജനറല്‍ അശോക് നരൂല മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നുഴഞ്ഞുകയറ്റം ഇല്ലാതാക്കുന്നതിന് അതിര്‍ത്തിയിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.