സൈന്യത്തില്‍ നിന്നും വ്യാപക കൊഴിഞ്ഞുപോക്ക്; അര്‍ദ്ധ സൈനീക വിഭാഗത്തില്‍ നിന്നും പിരിഞ്ഞുപോകുന്നത് ആയിരങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ശത്രുക്കളില്‍ നിന്നും കാത്തുരക്ഷിക്കുന്ന അര്‍ദ്ധ സൈനിക വിഭാഗളില്‍ നിന്നും വ്യാപകമായ കൊഴിഞ്ഞ് പോക്ക്. കേന്ദ്ര ആബ്യാന്തര മന്ത്രാലയമാണ് കണക്കുകള്‍ പുറത്ത് വിട്ടത്. ലോക്‌സഭയിലാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്ന് സൈനികര്‍ രാജിവെക്കുകയോ, സ്വമേധയാ പിരിഞ്ഞുപോവുകയോ ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ പറയുന്നു.

സിആര്‍പിഎഫ്, ബിഎസ്എഫ്, സി.ഐ.എസ്.എഫ് എന്നീ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കൊഴിഞ്ഞുപോക്കുള്ളത്. 2015 ല്‍ 909 ബിഎസ്എഫ് സൈനികരാണ് ജോലി മതിയാക്കിയതെങ്കില്‍ 2017 ആയപ്പോള്‍ ബിഎസ്എഫില്‍ നിന്ന് പുറത്തുപോകുന്നവരുടെ എണ്ണം 6415 ആയി ഉയര്‍ന്നു.

അതേസമയം 2015 ല്‍ 1376 അംഗങ്ങളാണ് സിആര്‍പിഎഫ് വിട്ടതെങ്കില്‍ 2017 ല്‍ അത് 5123ആയി ഉയര്‍ന്നുവെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. സിഐഎസ്എഫില്‍ നിന്ന് 768 പേരാണ് 2015 ല്‍ പുറത്തുപോയതെങ്കില്‍ 2017 ല്‍ അത് 1560 ആയി ഉയര്‍ന്നു.

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, സശസ്ത്ര സീമാ ബല്‍, അസ്സം റൈഫിള്‍സ് എന്നിവയില്‍ നിന്നും കൊഴിഞ്ഞുപോക്ക് വര്‍ധിച്ചിട്ടുണ്ട്. രാജിവെക്കുകകയോ സ്വമേധയാ വിരമിക്കുകയോ ചെയ്യുന്നതിന് പലരും വ്യക്തിപരമായ കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.

കുടുംബ പ്രശ്നങ്ങള്‍, ആരോഗ്യസ്ഥിതി എന്നീ കാരണങ്ങള്‍ ഉന്നയിച്ചും സേനയില്‍ നിന്ന് വിട്ടുപോകുന്നവരുണ്ട്. അതേസമയം 20 വര്‍ഷം ജോലിചെയ്ത് വിരമിച്ചാല്‍ മികച്ച പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട് എന്നതും കൊഴിഞ്ഞുപോക്കിന് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

Top