9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ലഭിക്കുന്നു

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ലഭിക്കാനുള്ള കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവെച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ കരാറില്‍ ഉള്‍പ്പെടുത്തിയാണ് 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കാന്‍ തീരുമാനമായത്. ജീവന്‍രക്ഷാ കിറ്റായ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ആക്രമണസമയങ്ങളില്‍ അത്യാവശ്യമാണെന്ന് പറഞ്ഞായിരുന്നു 9 വര്‍ഷം മുമ്പ് സേന അപേക്ഷ നല്‍കിയത്. ഡല്‍ഹി ആസ്ഥാനമായ എസ്എംപിപി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്കുള്ള കരാര്‍ ലഭിച്ചിരിക്കുന്നത്. ഓഖ്‌ല വ്യവസായ മേഖലയില്‍ കമ്പനിക്ക് ഒരു റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സെന്ററുണ്ട്. 639 കോടിയുടെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. ബോറോണ്‍ കാര്‍ബൈഡ് സെറാമിക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളാണ് നിര്‍മ്മിക്കുന്നതെന്നും ബാലിസ്റ്റികില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിനുള്ള ലൈറ്റ് മെറ്റീരിയലാണ് ഇതെന്നും കമ്പനി പറഞ്ഞു. 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വേണമെന്ന സേനയുടെ ആവശ്യം 2009ല്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും അതിനായി കരാര്‍ വിളിക്കുകയും ചെയ്തിരുന്നു. കരാറില്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ആറ് കമ്പനികളുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും സൈന്യത്തിന്റെ സുരക്ഷാ പരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു. 4ല്‍ ഒരാള്‍ മാത്രമാണ് ആദ്യ റൗണ്ട് പോലും വിജയിച്ചത്. 2016 മാര്‍ച്ചില്‍ അടിയന്തര ആവശ്യമെന്നോണം 50,000ത്തോളം ജാക്കറ്റുകള്‍ വാങ്ങാനുള്ള കരാറില്‍ പ്രതിരോധവകുപ്പ് നേരത്തെ ഒപ്പുവെച്ചിരുന്നു.

Top