ന്യൂഡല്‍ഹി: മതനിരപേക്ഷ ജനാധിപത്യ രാജ്യമായി വിഭാവനം ചെയ്യുന്ന പുതിയ ഭരണഘടന നിലവില്‍ വന്ന ശേഷമുള്ള സംഭവ വികാസങ്ങള്‍ രാജ്യത്തെ അറിയിക്കാന്‍ നേപ്പാളിലെ ഇന്ത്യന്‍ സ്ഥാനപതി രാജ്യത്തെത്തി. പുതിയ ഭരണഘടനയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്നങ്ങളിലെ ഇന്ത്യയുടെ ഉത്കണ്ഠ നേപ്പാള്‍ പ്രധാനമന്ത്രിയെ അറിയിച്ചതായി സ്ഥാനപതി രഞ്ജിത്ത് റേയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ വംശീയ ന്യൂനപക്ഷങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് വൈവിദ്ധ്യമാര്‍ന്ന നേപ്പാളില്‍ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനങ്ങളെടുക്കാനാവില്ലെന്നാണ് നേപ്പാളിന്രെ പക്ഷം. ഹിന്ദു വികാരത്തിന് പ്രാധാന്യം കൊടുക്കുന്നതാണ് ഭരണഘടനയെന്ന് ഇന്ത്യയിലെ നേപ്പാള്‍ അംബാസഡര്‍ ദീപ് കുമാര്‍ ഉപാദ്ധ്യായ് പറഞ്ഞു. ടെറായിയെ കൂടാതെ മലയോര മേഖലയിലും അതൃപ്തി നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ സംഘര്‍ഷങ്ങളാണ് ഇന്ത്യയുടെ ആശങ്കക്ക് കാരണം. ഈ മേഖലയിലെ പ്രശ്നങ്ങളില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തണമെന്നും സ്ഥാനപതി മുഖേന അറിയിച്ചിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായമുള്ള വിഷയങ്ങളില്‍ ഭയപ്പെടുത്തലും അക്രമവുമില്ലാത്ത ചുറ്റുപാടില്‍ ചര്‍ച്ച നടത്തണമെന്നും ഇന്ത്യ നിര്‍ദ്ദേശിക്കുന്നു.നേപ്പാളിനെ നിലപാടുള്‍പ്പെടെ നേരിട്ടറിയിക്കാന്‍ സ്ഥാനപതി ഇന്ത്യയിലെത്തിയിരുന്നു. ന്യൂനപക്ഷ -ഭൂരിപക്ഷ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടു മാത്രമേ ഭരണഘടന പ്രഖ്യാപിക്കാവൂ എന്ന് പലതവണ അറിയിച്ചിട്ടും വഴങ്ങാതിരുന്നതിലുള്ള പ്രതിഷേധമായും സ്ഥാപതിയെ വിളിപ്പിക്കലിനെ കണക്കാക്കുന്നുണ്ട്. എന്നാല്‍ റേ ചൊവ്വാഴ്ച തിരികെ പോകുമെന്നാണ് വിവരം.ഭരണഘടനയുടെ കരട് ചര്‍ച്ചക്കെത്തിയപ്പോള്‍ തന്നെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് നേപ്പാള്‍ ഭരണനേതൃത്വവുമായി ചര്‍ച്ച നടത്താന്‍ വിദേശ കാര്യ സെക്രട്ടറി എസ്.ജയ്ശങ്കറിനെ കഴിഞ്ഞയാഴ്ച ഇന്ത്യ അയച്ചിരുന്നു.