
പുരസ്‌കാര നിറവിലും വിനയത്തോടെ ഇന്ദ്രന്‍സ് ‘കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ’ സമ്മതിക്കണം എന്ന് ഇന്ദ്രന്‍സിന്റെ ഡയലോഗ് നിറഞ്ഞ ചിരിയോടെയും കൈയടിയോടെയുമാണ് സദസ് സ്വീകരിച്ചത്. ആളൊരുക്കം ചിത്രത്തിലെ പപ്പു പിഷാരടിയെ അനശ്വരമാക്കിയാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഇന്ദ്രന്‍സിന്റെ പേര് പരാമര്‍ശിച്ചപ്പോഴെല്ലാം സദസ്സില്‍ ഗംഭീരമായ കൈയടിയാണ് ഉയര്‍ന്നത്. ഇതിനിടയിലായിരുന്നു ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങിയത്.
മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ സി ഡാനിയല്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു അഞ്ചു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഒറ്റമുറിവെളിച്ചത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായ രാഹുല്‍ റിജി നായര്‍, രണ്ടാമത്തെ ചിത്രമായ ഏദന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍, മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന്‍ ഇന്ദ്രന്‍സ്, മികച്ച നടി പാര്‍വതി തുടങ്ങി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായ 43 പേര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചിരിക്കുന്നത്.. ചലച്ചിത്രസംബന്ധിയായ പുസ്തകത്തിനും ലേഖനത്തിനുമുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ സമ്മാനിച്ചു.
മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകനും രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. രണ്ട് ലക്ഷം രൂപയാണ് മികച്ച സംവിധായകനുള്ള സമ്മാനത്തുക. മികച്ച നടനും നടിക്കും ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും ലഭിക്കും. മുമ്പ് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.