പ്രത്യേക പുരസ്‌കാരം നല്‍കി ജയസൂര്യയെ ആദരിച്ചിട്ടും എന്ത് കൊണ്ട്അവസാന റൗണ്ടിലെത്തിയ ഇന്ദ്രന്‍സിനെ അവഗണിച്ചു;ജൂറിയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തം.

തിരുവനന്തപുരം: മികച്ച നടനായുള്ള പുരസ്‌കാരത്തില്‍ ഇന്ദ്രന്‍സിനോട് കാട്ടിയത് അവഗണനയോ? അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ ഒടുവിലത്തെ റൗണ്ടില്‍ എത്തിയത് ജയസൂര്യയും ഇന്ദ്രന്‍സുമായിരുന്നു. കുമ്പസാരം, ലുക്കാചൂപ്പി, സു സു സുധി വാത്മീകം എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ജയസൂര്യയെ അവസാന റൗണ്ടില്‍ എത്തിച്ചത്. മണ്‍ട്രോ തുരുത്ത്, അമീബ എന്നീ ചിത്രങ്ങളിലെ അത്ഭുതപ്പെടുത്തുന്ന അഭിനയ മികവുമായി ഇന്ദ്രന്‍സും ഒപ്പം മത്സരിച്ചു. അവാര്‍ഡ് കിട്ടിയത് ദുല്‍ഖറിന്. ഒന്നും കിട്ടാതെ പോയത് ഇന്ദ്രന്‍സിനും. ഹാസ്യ നടനോട് എന്ത് ആവാമെന്ന ജൂറിയുടെ നിലപാടാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.

മികച്ച നടനുള്ള അവര്‍ഡ് രണ്ടു പേര്‍ക്കുമായി അവാര്‍ഡ് പങ്കുവയ്ക്കുക അല്ലെങ്കില്‍ ജയസൂര്യയ്ക്ക് മികച്ച നടനുള്ള അവാര്‍ഡും ഇന്ദ്രന്‍സിന് പ്രത്യേക ജൂറി അവാര്‍ഡും നല്‍കുക എന്നീ നിര്‍ദേശങ്ങളാണ് ആദ്യം ജൂറിയില്‍ ഉയര്‍ന്നത്. ഇതു സംബന്ധിച്ച് അഭിപ്രായം വ്യത്യാസം നിലനില്‍ക്കെയാണ് ഒരു സമവായം എന്ന നിലയ്ക്ക് ദുല്‍ഖര്‍ സല്‍മാന്റെ പേര് ഉയര്‍ന്നു വന്നത്. ഇന്നലെ പുലര്‍ച്ചെ വരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ദുല്‍ക്കറ് അവാര്‍ഡ് നല്‍കുന്ന കാര്യത്തില്‍ എല്ലാവരും സമ്മതിച്ചത്. വളരെ പോസിറ്റിവായ കഥാപാത്രം ഫ്‌ളക്‌സിബിളായിട്ടാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത് എന്ന് ജൂറി വിലയിരുത്തി. ഇത്രത്തോളം സ്‌റ്റൈലിഷായിട്ട് ഈ അടുത്തകാലത്ത് ആരും അഭിനയിച്ചിട്ടില്ലെന്ന് ജൂറി ചെയര്‍മാന്‍ മോഹന്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂറിക്കുള്ളിലെ കടുത്ത അഭിപ്രായ ഭിന്നതയ്‌ക്കൊടുവിലാണ് മികച്ച നടനായി ദുല്‍ഖര്‍ സല്‍മാന്‍ തെരഞ്ഞെടുക്കപ്പെട്ടത് എന്നതാണ് യാഥാര്‍ത്ഥ്യം. അവാസാന റൗണ്ടില്‍ ഉള്‍പ്പെടാതിരുന്ന ദുല്‍ക്കറിന്റെ പേര് ഒടുവിലത്തെ മണിക്കൂറില്‍ പെട്ടെന്ന് ഉയര്‍ന്നു വരികയായിരുന്നു. അവസാന റൗണ്ടിനു തൊട്ടു മുമ്പ് മികച്ച നടനാകാനുള്ള മത്സരത്തില്‍ മമ്മൂട്ടി, പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. പത്തേമാരിയിലേത് മമ്മൂട്ടിയുടെ മികച്ച പ്രകടനം ആയിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ ഇതിന് മുമ്പുള്ള മികച്ച ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പത്തേമാരിയിലെ പ്രകടനം അവാര്‍ഡിനര്‍ഹമല്ല എന്ന് ജൂറി വിലയിരുത്തുകയായിരുന്നു. എന്ന് നിന്റെ മൊയ്തീനിലെ പൃഥ്വിരാജിന്റെ അഭിനയവും ഏറ്റവും മികച്ചതല്ലെന്ന് കണ്ടെത്തി. രൂപാന്തരങ്ങളിലെ അഭിനയ മികവാണ് കൊച്ചുപ്രേമനെ പരിഗണിക്കാന്‍ കാരണം.

ജയസൂര്യയ്ക്ക് പ്രത്യേക ജൂറി പുരസ്‌കാരം നല്‍കാന്‍ തീരുമാനം എടുത്തപ്പോള്‍ ഒരു അംഗം ഇന്ദ്രന്‍സിനുവേണ്ടി ശക്തമായി വാദിച്ചു. ‘ഇന്ദ്രന്‍സിന്റെ അഭിനയം അല്‍ഭുതപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ഞാന്‍ മാത്രം പറഞ്ഞാല്‍ അവാര്‍ഡ് കിട്ടില്ലല്ലോ’ എന്നാണ് ജൂറിയിലെ ഒരു അംഗം പറഞ്ഞത്. സ്വഭാവ നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന് നല്‍കണമെന്ന് മൂന്ന് അംഗങ്ങള്‍ വാദിച്ചു. എന്നാല്‍ പ്രേംപ്രകാശിന് അവാര്‍ഡ് നല്‍കിയേ തീരൂ ചില അംഗങ്ങള്‍ വാശിപിടിച്ചു. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിനിടയില്‍ കിട്ടിയ ഏറ്റവും മികച്ച വേഷമാണ് നിര്‍ണായകത്തിലേത് എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സുധീര്‍ കരമനയുടെ പേരും സ്വഭാവ നടനായി പരിഗണിക്കപ്പെട്ടിരുന്നു. ഇതോടെ ഇന്ദ്രന്‍സിന് അര്‍ഹിച്ച അംഗീകാരം നഷ്ടമായി.

തര്‍ക്കത്തിനൊടുവില്‍ ജൂറി അധ്യക്ഷന്‍ മോഹന്റെ നിര്‍ബന്ധമാണ് ദുല്‍ഖറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. എന്നാല്‍ മികച്ച നടിയായി പാര്‍വതിയുടെ തെരഞ്ഞെടുപ്പ് ഏകസ്വരത്തിലായിരുന്നു. സംഗീത അവാര്‍ഡുകള്‍ നിര്‍ണയിച്ചതും തര്‍ക്കങ്ങള്‍ക്കിടെയായിരുന്നു. മികച്ച സംഗീത സംവിധായകനാകാന്‍ രമേശ് നാരായണിനൊപ്പം അവസാന നിമിഷംവരെ എം.ജയചന്ദ്രനുണ്ടായിരുന്നു. ജയചന്ദ്രന്‍ സംഗീതത്തില്‍ എന്നു നിന്റെ മൊയ്തീനിലെ കാത്തിരുന്നു കാത്തിരുന്നു.. എന്ന ഗാനത്തിന് ശ്രേയാ ഘോഷാലിന്റെ പേര് മികച്ച ഗായികയ്ക്കായി ഉണ്ടായിരുന്നു. മികച്ച ചിത്രമായി സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളി തെരഞ്ഞെടുത്തത് ഏകകണ്ഠമായിട്ടായിരുന്നു.

Top