ദേ സെ നത്തിംഗ് സ്‌റ്റേയ്‌സ് ദ് സെയിം…സുവര്‍ണ്ണചകോരം നേടിയ ചിത്രത്തിന്റെ സംവിധായകനായ ജോ ഉഡഗിരിയുമായി നടത്തിയ അഭിമുഖം

തിരുവനതപുരം :കേരള അന്താരാഷ്ട്ര ചലചിത്രമേളയില്‍ സുവര്‍ണ്ണചകോരം നേടിയ ചിത്രമാണ് ദേ സെ നത്തിംഗ് സ്‌റ്റേയ്‌സ് ദ് സെയിം. കടത്തുകാരന്റെ കഥ പറഞ്ഞ സിനിമയാണ് ദേ സേ നത്തിംഗ് സ്റ്റേയ്‌സ് ദ് സെയിം . ഈ ജപ്പാന്‍ സിനിമയുടെ സംവിധായകനായ ജോ ഉഡഗിരിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്നും.

ജപ്പാനിലെ പുതിയ തലമുറ സിനിമാ സംവിധായകരെക്കുറിച്ച് എന്താണ് പറയാനുളളത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജപ്പാനില്‍ രണ്ട് തരം സിനിമകള്‍ നിര്‍മ്മിക്കുന്നവരാണുളളത്. ഒന്ന് ചെറിയ മുതല്‍ മുടക്കില്‍ സിനിമ നിര്‍മ്മിക്കുന്നവരുടെ ഒരു കൂട്ടം. അതുപോലെ വലിയ മുതല്‍മുടക്കില്‍ സിനിമ എടുക്കുന്നവര്‍. ഇവര്‍ക്കിടയില്‍ വേറെ ഒരു വിഭാഗം ഇല്ല എന്നതാണ് സത്യം. അതിനാല്‍ പുതിയ തലമുറയിലെ സംവിധായകര്‍ക്ക് ഈ രണ്ട് മേഖലയുടെ ഇടയില്‍പെടേണ്ടിവരുന്നു.

സിനിമയിലെ രാഷ്ട്രീയത്തെക്കുറിച്ച് എന്താണ് പറയാനുളളത്?

എനിക്ക് ക്യൂബ സന്ദര്‍ശിക്കാന്‍ സാധിച്ചിട്ടുണ്ട്. അവിടെയുളള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി ഞെരുങ്ങുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ആഴത്തിലറിയാന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ അവരെല്ലാ സന്തോഷമുളളവരാണ്. ജപ്പാനിലെ സ്ഥിതി നേരേ മറിച്ചാണ്. എല്ലാ രീതിയിലും മെച്ചപ്പെട്ട സ്ഥലമാണ് ജപ്പാന്‍. പക്ഷേ ആത്മഹത്യകളുടെ നിരക്ക് ഓരോ ദിവസവും കൂടുകയാണ്. ജനങ്ങള്‍ സംത്യപ്തരല്ല. ഭൗതികമായ സംതൃപ്തിക്ക് എല്ലാ നല്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല അതാണ് ജപ്പാന്‍ എന്നെ പഠിപ്പിക്കുന്നത്. ഈ രാഷ്ട്രീയമാണ് എന്റെ സിനിമയിലൂടെ ഞാന്‍ പറഞ്ഞത്.

ജപ്പാനിലെ ചലചിത്രമേളകളില്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമകള്‍ക്ക് പ്രാധാന്യം കിട്ടുന്നുണ്ടോ?

ജപ്പാനിലെ പ്രധാനപ്പെട്ട ചലചിത്രമേളയാണ് ടോക്കിയോ ചലചിത്രമേള. പക്ഷെ അവിടെ മുഴുവനും വാണിജ്യ ചിത്രങ്ങള്‍ക്കാണ് പ്രാധാന്യം. ആര്‍ട്ട് സിനിമകളെ വളരെ കുറച്ച് മാത്രമേ ടോക്കിയോ ഫിലിംഫെസ്റ്റിവലില്‍ പ്രോത്സാഹിപ്പിക്കുന്നുളളൂ. ഇത് വളരെ പ്രയാസമുളള ഒരു കാര്യമാണ്. എല്ലാവരും കച്ചവട സിനിമകളുടെ പുറകേയാണ്.

ദേ സേ നത്തിംഗ് സ്റ്റേയ്‌സ് ദ് സെയിം എന്ന സിനിമയിലൂടെ പറയാനുദ്ദേശിച്ചത് എന്താണ്?

ജപ്പാനിലായാലും ഇന്ത്യയിലായാലും പഴയ തലമുറ അതിന്റെ രീതികളോടൊപ്പം അസ്തമിക്കുകയാണ്. ആ തലമുറ പകര്‍ന്നു തന്ന സേവനങ്ങളെയോ രീതികളെയോ തുടരാനോ മനസിലാക്കാനോ ആരെയും നമ്മുക്ക് നിര്‍ബന്ധിക്കാനാവില്ലല്ലോ. അതുപോലെ വികസനം എന്ന വാക്കിനേയും കാണാം. പഴയ കാര്യങ്ങളെ നമ്മുക്ക് പെട്ടന്ന് മറക്കാനാകുന്നു. വികസനം വരുമ്പോഴേക്കും ജനങ്ങളുടെ വേഗം കൂടുന്നു. അത് വരെ കിട്ടിയ സേവനങ്ങളും സൗകര്യങ്ങളെയും സ്വാഭാവികമായിതന്നെ മറക്കുന്നു.

ജപ്പാനിലെ പ്രേക്ഷകരെക്കുറിച്ച് എന്താണ് പറയാനുളളത്?

്ജപ്പാനിലെ പ്രേക്ഷകരെ മാത്രമായി പറയാനാകില്ല. ലോകത്തിലെ പൊതുവായ മാറ്റങ്ങള്‍ ജപ്പാനിലും കാണാം. ജനങ്ങളെല്ലാം ടി വിയുടെ പുറകേയാണ്. വാണിജ്യപരമായ ചലചിത്രങ്ങളിലേക്കാണ് പ്രേക്ഷകര്‍ ഇടിച്ച് കയറുന്നത് അല്ലെങ്കില്‍ അവരെ അതിലേക്ക് എത്തിക്കുന്നത്. പണമുണ്ടാക്കുന്ന ഒരുപാട് നടന്മാര്‍ ജപ്പാനിലെ സിനിമയിലുണ്ട്. അതിനാല്‍ തന്നെ എങ്ങനെ പണമുണ്ടാക്കാമെന്ന് ചിന്തിക്കുന്ന യുവജനതയ്ക്ക് വാണിജ്യ സിനിമ ഒരു മാര്‍ഗ്ഗമായി മാറിയിട്ടുണ്ട്.

സിനിമയുടെ ഛായഗ്രഹണത്തെക്കുറിച്ച് എന്താണ് പറയാനുളളത്?

ക്രിസ്റ്റഫര്‍ ഡോയലാണ് സിനിമാറ്റോഗ്രഫി ചെയ്തത്. ഞങ്ങള്‍ തമ്മില്‍ ആത്മീയമായ ഒരു ബന്ധം സ്ഥാപിക്കാനായി.ഞാന്‍ മനസില്‍ കണ്ടത് അദ്ദേഹത്തിന് ദൃശ്യങ്ങളാക്കാനായി. എനിക്കും ചില ഭാഗങ്ങളില്‍ ഇടപെടാനും പറഞ്ഞ് നല്കാനും സാധിച്ചു. ഗ്രാമത്തെയും കടത്തുകാരനെയും ഞാന്‍ മനസില്‍ കണ്ടതുപോലെ ഒപ്പിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

 

Top