ലക്ഷ്മിനായരെ പൂട്ടാന്‍ വിഎസ് രണ്ടും കല്‍പ്പിച്ച്; ലോ അക്കാദമയുടെ 11 ഏക്കര്‍ ഭൂമിയെ കുറിച്ച് റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോ അക്കാദമിയില്‍ ലക്ഷ്മിനായരുടെ പ്രിന്‍സിപ്പള്‍ സ്ഥാനമൊഴിയില്ലെന്ന പിടിവാശി തുടരവേ ലോഅക്കാദമിയുടെ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കാന്‍ നീക്കം തുടങ്ങി. ഭൂമി സര്‍ക്കാര്‍ കണ്ടുകെട്ടണമെന്നവാശ്യവുമായി വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

ഇക്കാര്യം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. റവന്യു സെക്രട്ടറിക്കാണ് അന്വേഷണച്ചുമതല. ലോ അക്കാദമിയിലെ ഭൂമി സര്‍ക്കാര്‍ ഭൂമിയാണോ എന്നാണ് പരിശോധിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോ അക്കാദമി സമരം വിദ്യാര്‍ത്ഥികളുടെ പ്രശ്നം മാത്രമല്ല, പൊതു പ്രശ്നം കൂടിയാണെന്ന് വി എസ് പറഞ്ഞിരുന്നു. ലോ അക്കാഡമിയിലെ ഭൂമിയുടെ പ്രശ്നം സംബന്ധിച്ച് വി എസ് ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ ഇത് സംബന്ധിച്ച് പരാതിയൊന്നും കിട്ടിയില്ല എന്ന് റവന്യൂ മന്ത്രി പറയുകയും പിന്നാലെ വി എസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിക്ക് കത്ത് നല്‍കുകയുമായിരുന്നു. സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി പിന്നീട് പതിച്ച് നല്‍കിയത് സംബന്ധിച്ചും അക്കാദമിക ഇതര ആവശ്യങ്ങള്‍ക്ക് ഭൂമി ദുരുപയോഗം ചെയ്തത് സംബന്ധിച്ചുമുള്ള കാര്യങ്ങള്‍ പരിശോധിക്കും.
വിദ്യാഭ്യാസ ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് കത്തില്‍ വി എസ് ആവശ്യപ്പെട്ടിരുന്നത്. സര്‍ക്കാര്‍ നല്‍കിയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി ചേര്‍ന്ന് ഫ്‌ളാറ്റുണ്ടാക്കി വില്‍ക്കുന്നത് ശരിയാണോയെന്നും വി എസ് കത്തില്‍ ചോദിച്ചിരുന്നു. ഇതേക്കുറിച്ചും വിശദമായ അന്വേഷണം വരും. അതിനിടെ, ലോ അക്കാദമി കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന പല കെട്ടിടങ്ങളും അനധികൃതമാണെന്ന് കോര്‍പ്പറേഷന്‍ കണ്ടെത്തിയിരുന്നു. പല കെട്ടിടങ്ങളുടെയും രേഖകള്‍ കോര്‍പ്പറേഷന്റെ കൈവശമില്ലെന്നും കോര്‍പ്പറേഷന്‍ നടത്തിയ അദാലത്തില്‍ കണ്ടെത്തിയിരുന്നു.

വിദ്യാഭ്യാസേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നതിലൂടെ വി എസ് ലക്ഷ്യമിട്ടത് പ്രധാനമായും രണ്ട് കാര്യങ്ങളെയാണ്. ഒന്ന് ഇവിടെ വീട് വച്ചു താമസിക്കുന്ന കോലിയക്കോട് കൃഷ്ണന്‍ നായരെയും രണ്ടാമാതായി ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിനെയും. വിഎസിനെ സംസ്ഥാന സമിതിയില്‍ അംഗമാക്കാനുള്ള കേന്ദ്രനിര്‍ദ്ദേശത്തെ എതിര്‍ത്തവരില്‍ പ്രധാനിയായിരുന്നു പിണറായി വിജയന്റെ വിശ്വസ്തനായ കോലിയക്കോട് കൃഷണന്‍ നായര്‍. ലോ അക്കാദമി ഡയറക്ടര്‍ നാരായണന്‍ നായരുടെ സഹോദരനാണ് ഇദ്ദേഹം.

ലോ അക്കാദമിക്ക് സര്‍ക്കാര്‍ നല്‍കിയ ഭൂമി പാട്ടത്തിനായിരുന്നു. 1967ലാണ് തിരുവനന്തപുരത്ത് സംസ്ഥാനത്തെ ആദ്യത്തെ സ്വാശ്രയ നിയമ വിദ്യാഭ്യാസ സ്ഥാപനമായ കേരള ലോ അക്കാദമി സ്ഥാപിക്കപ്പെട്ടത്. പേരൂര്‍ക്കടയില്‍ സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ 11 ഏക്കര്‍ 49 സെന്റ് സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ചട്ടപ്രകാരം മൂന്ന് ഏക്കര്‍ ഭൂമി മതി കോളേജിന്. എന്നാല്‍ പതിനൊന്ന് ഏക്കര്‍ നാരായണന്‍ നായര്‍ കൈവശം വച്ചിരിക്കുന്നു. ഇതില്‍ എട്ട് ഏക്കറോളം ഭൂമിയില്‍ നാരായണന്‍ നായരുടെ വീടാണ്. ഇതിനോട് ചേര്‍ന്ന് കോലിയക്കോടിനും വീടുണ്ട്. സഹോദരങ്ങള്‍ രണ്ടു പേരും ആഡംബര വീടുണ്ടാക്കി തിരുവനന്തപുരത്തെ കണ്ണായ പേരൂര്‍ക്കടയില്‍ കഴിയുന്നു. ഇതിനെ ചോദ്യം ചെയ്യാന്‍ തന്നെയാ്ണ് വിഎസിന്റെ നീക്കം. സംസ്ഥാന സമിതിയില്‍ തനിക്കെതിരെ ശബ്ദമുയര്‍ത്തിയ കോലിയക്കോടിനെ വീട്ടില്‍ നിന്നും ഇറക്കി വിടാന്‍ ഉറപ്പിച്ചു തന്നെയാണ് വിഎസിന്റെ നീക്കവും.
പിണറായിയും കേന്ദ്ര കമ്മറ്റിയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് വിഎസിനെ സംസ്ഥാന സമിതിയില്‍ എടുക്കാനും നടപടി താക്കീതില്‍ ഒരുക്കാനും തീരുമാനിച്ചത്. എന്നിട്ടും കോലിയക്കോട് സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉന്നയിച്ചത് വിഎസിനെ അമ്പരപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വി എസ് ലോ അക്കാദമി വിഷയത്തില്‍ നിലപാട് കടുപ്പിക്കുകയാണ് വി എസ്. തനിക്ക് ലഭിച്ച ഏറ്റവും നല്ല അവസരം ഇതാണെന്ന തിരിച്ചറിവില്‍ കൂടിയാണ് വിഎസിന്റെ നീക്കങ്ങള്‍.

അനധികൃതമായി മാനേജ്മെന്റ് കൈവശം വച്ചരിക്കുന്ന 11 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും വി എസ് നേരത്തെ മുതല്‍ ആവശ്യപ്പെട്ടിരുന്നത്. കോളേജ് കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കുക. ആവശ്യത്തിന് മാത്രം ഭൂമിയില്‍ കോളേജ് പ്രവര്‍ത്തിക്കട്ടേ എന്നാണ് വി എസ് വ്യക്തമാക്കിയത്. ഇതിനുള്ള തുറന്ന പോരിലേക്കാണ് വി എസ് ഇനി പോകുന്നത്. റവന്യൂ മന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ വിജിലന്‍സിലും പരാതി നല്‍കാന്‍ വി എസ് ഉദ്ദേശിക്കുന്നുണ്ട്.

Top