ഐഎന്‍എക്‌സ് മീഡിയ കേസില്‍ സിബിഐയുടെ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് സൂചന. ഇന്നലെ രാത്രി ഡല്‍ഹിയിലെ ജോര്‍ബാഗിലെ വസതിയില്‍നിന്ന് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ ഡല്‍ഹിയിലെ സി.ബി.ഐ. ആസ്ഥാനത്ത് ഒന്നരമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അര്‍ധരാത്രിയോടെ ആദ്യഘട്ട ചോദ്യംചെയ്യല്‍ അവസാനിപ്പിച്ചു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുക.
ചിദംബരത്തെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സി.ബി.ഐ. സംഘം കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ നേരത്തെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും അദ്ദേഹം സഹകരിച്ചില്ലെന്നും വിശദമായ ചോദ്യംചെയ്യല്‍ ആവശ്യമുണ്ടെന്നും ചൂണ്ടിക്കാണിച്ചായിരിക്കും സി.ബി.ഐ. കസ്റ്റഡി അപേക്ഷ നല്‍കുക. ഇന്ദ്രാണി മുഖര്‍ജി പി. ചിദംബരത്തിനെതിരെ സുപ്രധാന മൊഴി നല്‍കിയിട്ടുണ്ടെന്നും സിബിഐ കോടതിയെ അറിയിക്കും.
അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ചിദംബരം സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി പിന്നീട് മാത്രമേ പരിഗണിക്കൂ എന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. ഇതോടെ ചിദംബരത്തിന്‍റെ അറസ്റ്റ് ഏതാണ്ട് ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി പത്രസമ്മേളനം നടത്തിയ അദ്ദേഹത്തെ തൊട്ടുപിന്നാലെ ജോര്‍ബാഗിലെ വസതിയിലെത്തിയാണ് സിബിഐ അറസ്റ്റ് ചെയ്തത്.