മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വെടിക്കെട്ട് ബാറ്റിംഗില്‍ മുംബൈ ഇന്ത്യന്‍സ് തോല്‍പ്പിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മികച്ച ഇന്നിങ്‌സും കീറോണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമാണ് മുംബൈയെ തുണച്ചത്. ഒടുവില്‍ ആറു വിക്കറ്റ് ജയത്തില്‍ മുംബൈ മുന്നേറി. സ്‌കോര്‍: കൊല്‍ക്കത്ത20 ഓവറില്‍ അഞ്ചു വിക്കറ്റിന് 174.
മുംബൈ 18 ഓവറില്‍ നാലു വിക്കറ്റിന് 178. രോഹിതും (68) പൊള്ളാര്‍ഡും (51) തന്നെയാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. 18ാം ഓവറില്‍ ജയ്‌ദേവ് ഉനദ്കടിന്റെ ഓവറിലെ മൂന്നു പന്തുകള്‍ സിക്‌സറടിച്ച് പൊള്ളാര്‍ഡ് ടീമിനെ വിജയത്തിലെത്തിച്ചു. 17 പന്തില്‍ നേടിയത് രണ്ട് ഫോറും ആറു സിക്‌സും. രോഹിത് 49 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സുമടിച്ചു. അമ്പാട്ടി റായുഡു 32 റണ്‍സെടുത്തു.
ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ അര്‍ധ സെഞ്ചുറിയുടെ മികവിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഭേദപ്പെട്ട സ്‌കോര്‍. ഗംഭീര്‍ 45 പന്തില്‍ 59 റണ്‍സെടുത്തു. റോബിന്‍ ഉത്തപ്പ (36), ആന്ദ്രെ റസല്‍(22), സൂര്യകുമാര്‍ യാദവ്(21) എന്നിവരും തിളങ്ങി. മുംബൈയ്ക്കു വേണ്ടി ടിം സൗത്തി രണ്ടു വിക്കറ്റ് വീഴ്ത്തി. ഗംഭീറും ഉത്തപ്പയും ചേര്‍ന്ന ഓപ്പണിങ് പതിവു പോലെ കൊല്‍ക്കത്തയ്ക്കു നല്‍കിയത് മികച്ച തുടക്കം. 7.4 ഓവറില്‍ 69 റണ്‍സ് ചേര്‍ത്താണ് ഇരുവരും പിരിഞ്ഞത്.
20 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സുമടിച്ച ഉത്തപ്പയെ ഹര്‍ഭജന്റെ പന്തില്‍ കീറോണ്‍ പൊള്ളാര്‍ഡ് പിടികൂടി. ഷാക്കിബുല്‍ ഹസന്‍(6) പെട്ടെന്നു മടങ്ങിയെങ്കിലും യാദവിനെ കൂട്ടുപിടിച്ച് ഗംഭീര്‍ സ്‌കോര്‍ നൂറു കടത്തി. എന്നാല്‍ ടീം സ്‌കോര്‍ 121ല്‍ നില്‍ക്കെ ഗംഭീര്‍ പുറത്തായി. മക്ലീനഘന്റെ പന്തില്‍ പൊള്ളാര്‍ഡിനു ക്യാച്ച്.
45 പന്തില്‍ ആറു ഫോറും ഒരു സിക്‌സുമടങ്ങുന്നതാണ് ഗംഭീറിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ പുറത്തായതോടെ കൊല്‍ക്കത്തയ്ക്കു ബ്രേക്ക് വീണു. അടുത്ത രണ്ടോവറില്‍ നേടിയത് എട്ടു റണ്‍സ് മാത്രം. എന്നാല്‍ ബുംറയുടെ അടുത്ത ഓവറില്‍ റസല്‍ പരിഹാരം ചെയ്തു. മൂന്നു ഫോര്‍13 റണ്‍സ്. സൗത്തിയുടെ അടുത്ത ഓവറിലും അത്ര റണ്‍സ് വന്നെങ്കിലും റസല്‍ പുറത്തായി.