ഇറാഖിലേക്ക് തൊഴില്‍ തേടി പോകുന്ന യുവാക്കളുടെ എണ്ണത്തില്‍ ദിനംപ്രതി വന്‍വര്‍ധനയാണുണ്ടായിരിക്കുന്നതെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ദുബായില്‍ 25,000 രൂപ ശമ്പളം ജോലി കിട്ടുന്ന ജോലിക്ക് ഇറാഖില്‍ 70000 രൂപ കിട്ടുമെന്നതും തൊഴിലാളികളുടെ ചെലവിന്റെ വലിയ പങ്കും കമ്പനി വഹിക്കുമെന്നതും യുവാക്കളെ ഇറാഖിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നു. മാത്രമല്ല, ശമ്പളത്തിന്റെ നല്ലൊരു പങ്കും അവര്‍ക്ക് വീട്ടിലേക്ക് അയക്കുവാന്‍ കഴിയുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദുബായില്‍ വിസിറ്റിംഗ് വിസയിലെത്തി അവിടെ നിന്നും ഇറാഖിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ വലിയ തോതില്‍ വര്‍ധനവുണ്ടായതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇമിഗ്രന്റ്‌സ് മാനേജ്‌മെന്റ് അസോസിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അടുത്തകാലത്താണ് ഇത്രയും വര്‍ധനവുണ്ടായതെന്നും ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ലെന്നും അസോസിയേഷന്‍ പ്രതിനിധി പറയുന്നു. ആകര്‍ഷകമായ ശമ്പളമാണ് ഇറാഖി കമ്പനികള്‍ ഡ്രൈവര്‍മാര്‍, നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. നവമാധ്യമങ്ങളിലൂടെയാണ് ഒഴിവുകള്‍ ഇവര്‍ അറിയിക്കുന്നത്. വിസിറ്റിംഗ് വിസയില്‍ ദുബായിലെത്തുന്ന യുവാക്കള്‍ പിന്നീട് ഇറാഖിലേക്കാണ് പോകുന്നതെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാറുമില്ല.
ഇക്കാര്യങ്ങള്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. തീവ്രവാദവും യുദ്ധവും നശിപ്പിച്ച ഇറാഖില്‍ പുനര്‍നിര്‍മാണ് പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടക്കുന്നതാണ് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നത്. മികച്ച ശമ്പളവും ജീവിതവും സ്വപ്‌നം കണ്ട് അപകടകരമായ സാഹചര്യങ്ങളെ അവഗണിച്ചാണ് യുവാക്കള്‍ ഇത്തരം അവസരങ്ങള്‍ തിരഞ്ഞെടുക്കുന്നത്.