ഇന്ത്യന്‍ ഡോക്ടര്‍ സവിതയുടെ മരണം ചരിത്രം തിരുത്തി: ഗര്‍ഭച്ഛിദ്രത്തിനു ‘യെസ്’ പറഞ്ഞ് അയര്‍ലണ്ട്

ഡബ്ലിന്‍: ഇന്ത്യന്‍ ഡോക്ടര്‍ സവിതയുടെ മരണം ഒടുവില്‍ അയര്‍ലണ്ടില്‍ ചരിത്രം തിരുത്തി. മാറി ചിന്തിക്കാന്‍ ഒരു അമ്മയുടെ മരണം വേണ്ടി വന്നുവെങ്കിലും മരിച്ചുപോയ സവിതയ്ക്കു ഈ അനുകൂല വിധിയിലൂടെ നീതി ലഭിച്ചുവെന്ന് സവിതയുടെ കുടുംബവും ഒരേ സ്വരത്തില്‍ കണ്ണീരോടെ പറയുന്നു.

ഗര്‍ഭച്ഛിദ്രം വേണോ വേണ്ടയോ എന്നതിലാണ് അയര്‍ലണ്ടില്‍ വോട്ടെടുപ്പ് നടന്നത്.ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന വിഭാഗത്തിന് അയര്‍ലണ്ടിലെ ഹിതപരിശോധനയില്‍ വന്‍ വിജയം ഉറപ്പാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹിതപരിശോധനയുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന രണ്ട് എക്‌സിറ്റ് പോള്‍ ഫലങ്ങളിലും അനുകൂലിക്കുന്നവര്‍ വന്‍ വിജയം നേടുമെന്നാണ് പ്രവചനം. അയര്‍ലണ്ട് ജനത ഗര്‍ഭച്ഛിദ്രത്തിനു അനുകൂലമായി വിധിയെഴുതിയാല്‍ ഭരണഘടന ഭേദഗതി ചെയ്യും. ഇന്ത്യന്‍ വംശജനായ ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ക്കൊപ്പമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ജീവിക്കാനുള്ള തുല്യ അവകാശം നല്‍കുന്ന ഭരണഘടന ഭേദഗതി 1983 ലാണ് രാജ്യത്തുണ്ടായത്. പല ദശകങ്ങള്‍ക്കിടയില്‍ ഈ വിഷയത്തില്‍ മൂന്നുവട്ടം ഐറിഷ് ജനത വോട്ട് ചെയ്തു കഴിഞ്ഞു. ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായി നിരോധിച്ചിട്ടുള്ള അയര്‍ലന്‍ഡില്‍ 2013 ല്‍ മാത്രമാണ് അമ്മയുടെ ജീവന്‍ അപകടത്തിലാണെങ്കില്‍ മാത്രം ഗര്‍ഭച്ഛിദ്രമാകാം എന്ന ഭേദഗതി വന്നത്. ഇന്ത്യക്കാരിയായ യുവതി ഡോ. സവിതയുടെ മരണത്തെ തുടര്‍ന്നായിരുന്നു അത്.

അയര്‍ലന്‍ഡിലെ വോട്ടെടുപ്പ് ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമാകുന്നതില്‍ സവിതയുടെ മാതാപിതാക്കളും സന്തോഷം പ്രകടിപ്പിച്ചു. ‘സവിതയ്ക്ക് നീതി ലഭിച്ചു. എന്റെ മകള്‍ക്ക് സംഭവിച്ചത് മറ്റാര്‍ക്കും ഇനി സംഭവിക്കരുത്. ഈ ചരിത്ര നിമിഷത്തില്‍ അയര്‍ലന്‍ഡിലെ ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല’ സവിതയുടെ പിതാവ് അന്ദനപ്പ യാലഗി പറഞ്ഞു.ഇപ്പോള്‍തന്നെ ‘നമ്മുടെ ഉത്തരം യെസ്’ ആണ് എന്നു വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ രാജ്യത്തിന്റെ പല ഭാഗത്തും പ്രത്യക്ഷപ്പെട്ടു തുടങ്ങി. എക്‌സിറ്റ് പോളുകളിലെ ഫലവുമായി ‘ഇറ്റ്‌സ് എ യെസ്’ എന്ന വമ്പന്‍ തലക്കെട്ടോടെയാണ് അയര്‍ലന്‍ഡിലെ മിക്ക പത്രങ്ങളും പുറത്തിറങ്ങിയത്.

അതിനിടെ, ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്ന വിഭാഗം തോല്‍വി സമ്മതിച്ചു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ഭരണഘടന മാറിയാലും ഗര്‍ഭച്ഛിദ്ര ഭീകരത എന്ന യാഥാര്‍ഥ്യം അങ്ങനെതന്നെ നില്‍ക്കുമെന്നും അവര്‍ പ്രതികരിച്ചു. അമ്മയുടെ ജീവിക്കാനുള്ള അവകാശത്തിനായി വലിയൊരു വിഭാഗം രംഗത്തുള്ളപ്പോള്‍ത്തന്നെ ഗര്‍ഭസ്ഥശിശുവിനും ഇതേ അവകാശമുണ്ടെന്ന വാദവുമായാണു രംഗത്തിറങ്ങിയത്.

Top