ഇംഫാല്‍: 15 വര്‍ഷത്തെ തടങ്കലിന് ശേഷം ഇറോം ശര്‍മ്മിളയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു. മണിപ്പൂരിലെ സായുധസേന പ്രത്യേകാധികാര നിയമത്തിന് (അഫ്‌സ്പ) എതിരെ നിരാഹാര സമരം നടത്തുകയായിരുന്നു അവര്‍. ഇംഫാല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണിത്.
‘ ലക്ഷ്യം കണ്ടെത്തുംവരെ ഷഹീദ് മിനാറിന്റെ മുന്നില്‍ ഞാന്‍ നിരാഹാരം തുടരും.’ ഇംഫാലിലുള്ള ബീര്‍ തികേന്ദ്രജിത് പാര്‍ക്കിലെ ഷഹീദ് മിനാര്‍ സന്ദര്‍ശിക്കവേ ഇറോം ശര്‍മിള പറഞ്ഞു. ഇറോം ശര്‍മിളയ്‌ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 309 പ്രകാരം ആത്മഹത്യാശ്രമത്തിനാണ് കേസെടുത്തിരുന്നത്.
2000 നവംബര്‍ 14 മുതലാണ് ഇറോം ശര്‍മ്മിള നിരാഹാരം ആരംഭിച്ചത്. 1958 ലെ അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതുവരെ നിരാഹാര സമരം തുടരുമെന്ന് ശര്‍മ്മിള ആവര്‍ത്തിച്ചു. കഴിഞ്ഞ 15 വര്‍ഷമായി ഇവര്‍ ഭക്ഷണം കഴിച്ചിട്ടില്ല. കോടതി ഉത്തരവിനെ തുടര്‍ന്ന് ബലമായി മൂക്കില്‍ കൂടി നല്‍കുന്ന ഭക്ഷണമാണ് ജീവന്‍ നിലനിര്‍ത്തുന്നത്.
ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലായിരുന്നു ശര്‍മിളയെ പാര്‍പ്പിച്ചിരുന്നത്. പ്രോസിക്യൂഷന്‍ ചാര്‍ജ് ചെയ്ത കേസുകള്‍ ഇംഫാല്‍ സെഷന്‍ കോടതി റദ്ദുചെയ്തതിനെ തുടര്‍ന്ന് 2014 ഓഗസ്റ്റില്‍ മോചിപ്പിച്ചിരുന്നുവെങ്കിലും ജീവന് അപകടത്തിലാണെന്ന് പറഞ്ഞ് വീണ്ടും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലും ഇതുസംബന്ധിച്ച് അവര്‍ക്കെതിരെ കേസുണ്ട്.