മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശര്‍മ്മിള വിവാഹിതയാകുന്നു. സുഹൃത്തായ അയര്‍ലണ്ട് സ്വദേശി ഡെസ്മണ്ട് കുടിഞ്ഞോയാണ് വരന്‍. നീണ്ട നാളത്തെ പ്രണയത്തിനാണ് ഇതോടെ ഫലം കാണുന്നത്. കേരളത്തില്‍ വെച്ചാണ് വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരാഴ്ചയ്ക്കുള്ളില്‍ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് ശേഷം കേരളത്തില്‍ താമസിക്കാനും ഇറോം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ബെംഗളൂരില്‍ വെച്ചാണ് ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിഞ്ഞോന്‍ ഇറോമിനെ കുറിച്ച് അറിയുന്നത്. അതിന് ശേഷം ഇരുവരും കോടതിയില്‍ വെച്ച് കാണുകയുണ്ടായി.
ഈ പരിചയമാണ് പിന്നീട് വിവാഹം വരെ എത്തിനില്‍ക്കുന്നത്. എട്ടു വര്‍ഷത്തെ നീണ്ട പ്രണയത്തിനാണ് ഇപ്പോള്‍ പരിസമാപ്തി ആകുന്നത്. അടുത്തിടെ മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെ തുടര്‍ന്ന് ഇറോം കേരളത്തില്‍ എത്തിയിരുന്നു.വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ക്ക് ഡെസ്മണ്ടും ഇറോമും മധുരയിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ എവിടെ വെച്ചാകും വിവാഹം എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ഇറോം ശര്‍മിള നിരാഹാര സമരത്തില്‍ നിന്ന് പിന്മാറാന്‍ കാരണം ഡെസ്മണ്ട് കുടിനോയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. എന്നാല്‍ പ്രണയമല്ല സമരത്തില്‍ നിന്ന് പിന്മാറാന്‍ കാരണമെന്ന് ഇറോം വ്യക്തമാക്കിയിരുന്നു.മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇറോം ശര്‍മിള പതിനാറ് വര്‍ഷം നിരാഹാര സമരം നടത്തിയിരുന്നു. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിരാഹാര സമരം നടത്തിയ വ്യക്തിയാണ് ഇറോം. സമരം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാനായിരുന്നു ഇറോമിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രജ പാര്‍ട്ടിയ്ക്ക് തുടക്കമിട്ടെങ്കിലും തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല. മണിപ്പൂര്‍ തെരഞ്ഞെടുപ്പിനു ശേഷം ഇറോം കേരളത്തിലെത്തിയിരുന്നു.