ക്രൈം ഡെസ്‌ക്
മൊസൂൾ: ജനങ്ങളെ ക്രൂരമായി കൊലപ്പെടുത്തി ആഹ്ലാദിക്കുന്ന ഐഎസ് ഭീകരത വീണ്ടും. നാൽപതുപേരെ തെരുവിൽ നിരത്തി നിർത്തി വെടിവെച്ചു കൊന്ന ഭീകരർ കൊല്ലപ്പെട്ടവരുടെ കണ്ണുകൾ ചൂഴ്‌ന്നെടുത്തു. ഇറാഖിലെ മൊസൂളിലാണ് ഐ എസിന്റെ കൂട്ടക്കുരുതി അരങ്ങേറിയത്. രാജ്യദ്രോഹമാരോപിച്ച് നാൽപതിലധികം പേരെ ഐ എസ് വെടിവച്ച് കൊല്ലുകയായിരുന്നു.കണ്ണുചൂഴ്‌ന്നെടുത്ത ശേഷം മൃതദേഹങ്ങൾ ഇലക്ട്രിക് പോസ്റ്റുകളിൽ കെട്ടിത്തൂക്കിയ നിലയിൽ കാണപ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു
രഹസ്യങ്ങൾ ചോർത്തി എന്നാരോപിച്ചാണ് മൊസൂളിലെ ജനങ്ങളെ ഐ എസ് വെടിവച്ച് കൊന്നത്. ഇറാഖ് സേനയ്‌ക്കെതിരായ പോരാട്ടത്തെത്തുടർന്ന് പ്രദേശ വാസികൾ ഫോൺ ഉപയോഗിക്കരുതെന്ന് ഐ എസ് ചട്ടംകെട്ടിയിരുന്നു. ഇത് ലംഘിച്ചവരെയാണ് വധിച്ചത്. മൃതദേഹങ്ങളിൽ ഓറഞ്ച് നിറത്തിലുള്ള വസ്ത്രത്തിനു മേൽ വ!ഞ്ചകർ എന്ന് എഴുതിയിട്ടുണ്ട്.
വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് കഴിഞ്ഞ ബുധനാഴ്ചയും ഗാബത്ത് മിലിട്ടറി ബേസിന് സമീപം ഇരുപത് പേരെ വെടിവച്ചു കൊന്നിരുന്നു. ഏഴിലധികം പേരുടെ കഴുത്തറുത്തതായും റിപ്പോർട്ടുകളുണ്ട്. ഹമാമൽ അലീലിന് സമീപം നൂറിലധികം മൃതദേഹങ്ങൾ കെട്ടിക്കിടക്കുന്നുണ്ട്. കൂടുതൽ രാസായുധ പ്രയോഗങ്ങൾ പ്രദേശത്ത് ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ഐക്യരാഷ്ട്ര സഭ. അമേണിയവും സൾഫറും വലിയ അളവിൽ ഐ എസ് ശേഖരിച്ചിട്ടുള്ളതായി യു എൻ അറിയിച്ചു.