കൊച്ചി ∙ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പേരിൽ യുവാവിന്റെ മൊബൈൽ ഫോണിലേക്കു വാട്സ് ആപ് സന്ദേശം. ഐഎസിൽ ചേരണമെന്ന് ആവശ്യപ്പെടുന്ന ഇംഗ്ലിഷ് സന്ദേശമാണ് കാസർകോട് സ്വദേശിയായ ഇൻഫോ പാർക്കിലെ ജീവനക്കാരനു ലഭിച്ചത്. സൈബര്‍ സെല്ലിന് യുവാവ് നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. നവമാധ്യമങ്ങളിലൂടെ ഐഎസ് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായ വാര്‍ത്തകള്‍ക്കിടെയാണ് കൊച്ചിയിലെ സംഭവം. വെള്ളിയാഴ്ച്ചയാണ് കാസര്‍കോട് സ്വദേശിയായ യുവാവിന് വാട്ട്‌സ് ആപ്പില്‍ ആദ്യ സന്ദേശം ലഭിച്ചത്. +1(509) 8710700 എന്ന നമ്പറില്‍ നിന്ന് ഷാമി എന്ന് പരിചയപ്പെടുത്തിയാണ് സന്ദേശമെത്തിയത്.
‘താങ്കള്‍ ഞങ്ങളുടെ പട്ടികയിലുണ്ട്. ദവ്അത്തുല്‍ ഇസ്ലാം ദഅ് വാ ഗ്രൂപ്പിലേക്ക് സ്വാഗതം’ എന്നായിരുന്നു സന്ദേശം. ഐഎസില്‍ ചേരുന്നത് അപകടമാണെന്നും കരുതിയിരിക്കണമെന്നും പിന്നീട് സന്ദേശമെത്തി. മറ്റ് വിവരങ്ങളും അന്വേഷിച്ചു. ആരാണ് സന്ദേശമയക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഐഎസ്സില്‍ നിന്നും ഷാമി എന്നായിരുന്നു മറുപടി. പിറ്റേ ദിവസവും സന്ദേശം ലഭിച്ചു. ലാ ഇലാഹ ഇല്ലള്ളാഹ്, അല്ലാഹു റസൂല്‍ മുഹമ്മദ് എന്ന് ആലേഖനം ചെയ്ത പതാകയാണ് സന്ദേശം വന്ന നമ്പറിന്റെ പ്രൊഫൈല്‍ ചിത്രം. ഫേസ്ബുക്കില്‍ നിന്നാണ് ഭീകരര്‍ നമ്പര്‍ കൈക്കലാക്കിയതെന്ന് പോലീസ് സംശയിക്കുന്നു. ഫേസ്ബുക്കിലെ ‘റൈറ്റ് തിങ്കേഴ്‌സ്’ ഗ്രൂപ്പിനെ സംശയമുള്ളതായി യുവാവ് പോലീസിനോട് പറഞ്ഞിട്ടുണ്ട്. അതേസമയം, ഇതു സംബന്ധിച്ച പരാതി ലഭിച്ചിട്ടില്ലെന്നു ക്രമസമാധാന ചുമതലയുള്ള ഡിസിപി ഹരിശങ്കർ പ്രതികരിച്ചു.