ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാന് സമീപം ഇസ്രയേൽ വ്യോമാക്രമണം നടത്തിയത് കൃത്യമായ തയ്യാറെടുപ്പും പ്ലാനിങ്ങും നടത്തിയാണ്. ഒക്ടോബർ ഒന്നിന് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് മറുപടിയായി നടത്തിയ ഈ ആക്രമണം, വിനാശകരമായ തിരിച്ചടിയിൽ കലാശിക്കുമെന്നതും ഉറപ്പാണ്. തിരിച്ചടിക്കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ച ഇറാൻ, അതിനുള്ള നീക്കമാണിപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. ഇസ്രയേലിൻ്റെ വ്യോമാക്രമണത്തെ, വലിയ രൂപത്തിൽ ചെറുക്കാൻ സാധിച്ചതായും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനിലെ ആണവ നിലയങ്ങൾക്കെതിരെ ആക്രമണം നടത്തരുതെന്ന റഷ്യയുടെ മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ, ആണവ നിലയങ്ങൾ ഒഴിവാക്കണമെന്ന് അമേരിക്കയും ഇസ്രയേലിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതുവരെ പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം, ഇറാനിലെ ആണവനിലയങ്ങൾ ആക്രമിക്കപ്പെട്ടിട്ടില്ലെന്നാണ്, അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കെതിരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണങ്ങൾ പൂർത്തിയാക്കി ഇസ്രയേൽ വിമാനങ്ങൾ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിയതായാണ്, ഇസ്രയേൽ സൈനിക മേധാവി അവകാശപ്പെടുന്നത്. ഇസ്രയേൽ, ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന വിവരം നേരത്തെ ലഭിച്ചതിനാൽ, പ്രതിരോധിക്കാൻ ആവശ്യമായ സമയവും സൗകര്യവും ഇറാന് ലഭിച്ചിരുന്നു.
ഈ ദൗത്യത്തിനായി തങ്ങളുടെ ഏറ്റവും മികച്ച ഫൈറ്റർ ജെറ്റുകളും മിസൈലുകളുമാണ് ഇസ്രയേൽ തയ്യാറാക്കി നിർത്തിയത്. തങ്ങളുടെ അഞ്ചാം തലമുറ എഫ് -35 ഫൈറ്റർ ജെറ്റുകളും, എഫ്-15I റാം ഗ്രൗണ്ട് അറ്റാക്ക് ജെറ്റുകളും, F-16I സുഫ എയർ ഡിഫൻസ് ജെറ്റുകളുമാണ് ഇറാൻ ആക്രമണത്തിനായി ഇസ്രയേൽ വിന്യസിച്ചത്. റാംപേജ് ലോങ്ങ് റേഞ്ച് മിസൈലുകളും, ‘റോക്ക്സ്’ എന്ന് പേരുള്ള പുതുതലമുറ മിസൈലുകളും ഇസ്രയേൽ തയ്യാറാക്കിനിർത്തി.
ഇറാന്റെ മിസൈലുകളും ഡ്രോണുകളും സൂക്ഷിച്ചിരുന്ന 20 ക്യാമ്പുകളായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം. ആദ്യ ആക്രമണം തന്നെ ഇറാന്റെ റഡാർ ആൻഡ് എയർ ഡിഫൻസ് സൗകര്യങ്ങളിലായിരുന്നു. ഇതോടെ ഇറാന്റെ സൈനിക ബേസുകളിൽ ആക്രമണം നടത്താൻ ഇസ്രയേലിന് ധൈര്യമായി. പിന്നീടാണ് ഇറാന്റെ മിസൈലുകളും ഡ്രോണുകളും സൂക്ഷിക്കുന്ന സ്ഥലത്ത് ഇസ്രയേൽ ആക്രമണം നടത്തിയത്.
ഏകദേശം നൂറോളം ഫൈറ്റർ ജെറ്റുകളാണ് ഈ ആക്രമണത്തിന് ചുക്കാൻ പിടിച്ചത്. 25 മുതൽ മുപ്പത് ഗ്രൂപ്പുകളായാണ് ഇവ ആക്രമണം അഴിച്ചുവിട്ടത്. 10 ജെറ്റുകൾ ആക്രമണം നടത്തിയപ്പോൾ മറ്റുള്ളവ അവയെ സുരക്ഷിതമായി പൊതിയുകയായിരുന്നു. ദൗത്യത്തിന് ‘ഓപ്പറേഷൻ ഡേയ്സ് ഓഫ് റിപെന്റൻസ്’ എന്നാണ് ഇസ്രയേൽ പേര് നൽകിയിരുന്നത്.
അതേസമയം, രാജ്യതലസ്ഥാനമായ ടെഹ്റാന് സമീപം സ്ഫോടനം നടത്തിയ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. ഇസ്രയേൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും, വലിയ വില കൊടുക്കേണ്ടിവരുമെന്നും ഒരു ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് തസ്‌നിം ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഇസ്രയേലിന്റെ ആക്രമണം സ്ഥിരീകരിച്ച ഇറാൻ, മിസൈലുകളെ തങ്ങൾ കൃത്യമായി തടുത്തെന്നും, എന്നാൽ ചെറിയ ആക്രമണം ഉണ്ടായതായും നേരത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെയോടെയാണ് ഇറാന്റെ തലസ്ഥാനമായ ടെഹ്റാന് സമീപം വലിയ ശബ്ദത്തോടെ സ്ഫോടനങ്ങളുണ്ടായത്.
ടെഹ്റാന് സമീപമുള്ള കരാജ് പ്രദേശത്താണ് സ്ഫോടനമുണ്ടായത്. ഇറാന്റെ ഭാഗത്തു നിന്നുണ്ടായ നിരന്തരമായ ആക്രമണങ്ങൾക്ക് തിരിച്ചടിയാണ് ഇതെന്ന് ഇസ്രയേലി ഡിഫൻസ് ഫോഴ്സ് പിന്നീട് അറിയിച്ചിരുന്നു. ‘ ലോകത്തെ മറ്റേത് രാജ്യത്തെപ്പോലെയും, തിരിച്ചടിക്കാൻ ഇസ്രയേലിനും അവകാശമുണ്ട്. ഞങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെല്ലാം തയ്യാറാണ്. രാജ്യത്തെ സംരക്ഷിക്കാൻ ഞങ്ങൾ വേണ്ടതെല്ലാം ചെയ്യും’; എന്നായിരുന്നു ഇസ്രയേലി ഡിഫൻസ് ഫോഴ്സ് പ്രതികരിച്ചത്.