ടെല്‍ അവീവ്: ഹമാസ്- ഇസ്രയേല്‍ യുദ്ധം തുടരുന്നതിനിടെ, 24 മണിക്കൂറിനുള്ളില്‍ ഗാസയുടെ വടക്കന്‍ ഭാഗത്തുനിന്ന് ജനങ്ങളോട് തെക്കോട്ടുമാറാന്‍ ഇസ്രായേലിന്റെ മുന്നറിയിപ്പ്. 11 ലക്ഷത്തിലധികം ആളുകളാണ് ഗാസയില്‍ ജീവിക്കുന്നത്. അതേസമയം, ഇത്രയും ആളുകളോട് ഒഴിഞ്ഞുപോകാനാവശ്യപ്പെട്ട നടപടി വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി.
ഹമാസിനെ പൂര്‍ണമായി തുടച്ചുനീക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേല്‍ നടപടി വലിയ വിപത്തിന് കാരണമാകുമെന്നും ഗാസക്കാരോട് കൂട്ടമായി സ്ഥലം മാറാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും യുഎന്‍ ഇസ്രായേല്‍ സൈന്യത്തോട് ആവശ്യപ്പെട്ടു. ഇത്രയും മനുഷ്യര്‍ ഒരുമിച്ച് സ്ഥലം മാറിപ്പോകേണ്ട അവസ്ഥയുണ്ടായാല്‍ വിനാശകരമായ പ്രത്യാഘാതമായിരിക്കും ഫലമെന്ന് യുഎന്‍ വ്യക്തമാക്കി. എന്നാല്‍, ഹമാസ് തടങ്കലിലാക്കിയ ഇസ്രായേലി പൗരന്മാരെ വിട്ടയച്ചില്ലെങ്കില്‍ ഗാസയിലേക്കുള്ള കുടിവെള്ളമടക്കം റദ്ദാക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.