ചൈന നാലാമതും വീറ്റോ ചെയ്തു ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം തള്ളി

ന്യൂഡൽ‌ഹി : ചൈന നാലാമതും വീറ്റോ അവകാശം ഉപയോഗിച്ച് ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം തള്ളിച്ചു.ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയിൽ ‘സാങ്കേതിക’ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു വർഷങ്ങളായുള്ള ഇന്ത്യയുടെ ആവശ്യത്തിനു ചൈന ത‍ടസ്സം നിന്നത്.

പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റ ഭീകര സംഘടനയുടെ നേതാവാണ് അസ്ഹർ‌. ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം ഫ്രാൻസ്, യുകെ, യുഎസ് എന്നീ രാജ്യങ്ങളാണു കൊണ്ടുവന്നത്. പ്രമേയത്തിനെതിരെ നിലകൊണ്ട ചൈനയുടെ നടപടി നിരാശാജനകമാണെന്ന് ഇന്ത്യ പ്രതികരിച്ചു. സാധ്യമായ സമ്മർദനീക്കങ്ങളുമായി മുന്നോട്ടുപോകുമെന്നും ഇന്ത്യ അറിയിച്ചു.കശ്മീർ പ്രശ്നം പരിഹരിക്കാൻ എല്ലാ കക്ഷികളും അനുകൂലിക്കുന്ന സമവായനീക്കം കൊണ്ടേ കഴിയൂവെന്നാണു ചൈനയുടെ നിലപാട്.

മസൂദിനെ ആഗോള ഭീകരപട്ടികയിൽ പെടുത്താൻ പാക്കിസ്ഥാനു താൽപര്യമില്ലെന്നും ചൈന ചൂണ്ടിക്കാട്ടുന്നു. അൽഖായിദയുമായി ബന്ധപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിരോധനമേർപ്പെടുത്തുന്ന സമിതിക്കു മുമ്പാകെയാണ് അസ്ഹറിനെ കരിമ്പട്ടികയിൽ പെടുത്തണമെന്ന ആവശ്യവും ഉന്നയിക്കപ്പെട്ടത്.

മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ മൂന്നു തവണ സുരക്ഷാ കൗൺസിലിന് മുമ്പാകെ പ്രമേയം കൊണ്ടുവന്നെങ്കിലും വീറ്റോ അവകാശം ഉപയോഗിച്ചു ചൈന തടഞ്ഞിരുന്നു. അതാണ് ഇപ്പോഴും ആവർത്തിച്ചത്. പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നിലപാടു കടുപ്പിച്ചപ്പോൾ അസ്ഹർ മരിച്ചെന്ന തരത്തിൽ അഭ്യൂഹങ്ങൾ പുറത്തുവിട്ടാണു പാക്കിസ്ഥാൻ പ്രതിരോധിച്ചത്.

ചികിൽസയിലിരിക്കെ മരിച്ചതായാണു പ്രദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചു റിപ്പോർട്ടുകൾ പ്രചരിച്ചത്. പാക്കിസ്ഥാൻ സർക്കാർ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. ഗുരുതരമായ വൃക്ക രോഗം ബാധിച്ച മസൂദ് റാവൽപിണ്ടിയിലെ സേനാ ആശുപത്രിയിൽ ചികിൽസയിലാണെന്നും പതിവായി ഡയാലിസിസ് നടത്തി വരികയാണെന്നും റിപ്പോർട്ടുണ്ടായിരുന്നു.

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

 

Top