ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ ഹമാസിന് മുന്നില്‍ കീഴടങ്ങുന്നതിന് തുല്യമെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ഇത് യുദ്ധത്തിനുള്ള സമയമാണെന്നും നെതന്യാഹു പറഞ്ഞു.
ഒക്ടോബര്‍ 7ന് ബന്ദിയാക്കിയ മൂന്ന് പേരുടെ വീഡിയോ ഹമാസ് പുറത്തു വിട്ടു. ഹമാസിന്റെ ആക്രമണത്തില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നതില്‍ നെതന്യാഹു സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും തടവുകാരെ കൈമാറണമെന്നും ബന്ദികള്‍ ആവശ്യപ്പെടുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഇസ്രയേല്‍ ജയിലിലുള്ള പലസ്തീനികളെ മോചിപ്പിച്ചാല്‍ ബന്ദികളെ വിട്ടുനല്‍കാമെന്ന് ഹമാസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇസ്രയേലിന്റെ വ്യോമാക്രമണം ആരംഭിച്ച ശേഷം ഇതുവരെ 8306 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ ആക്രമണത്തില്‍ 1400 ഇസ്രയേലികള്‍ കൊല്ലപ്പെട്ടു.