ന്യൂഡല്‍ഹി: ഇസ്രയേല്‍ അനുകൂല പോസ്റ്റിട്ടതിന് രണ്ട് മലയാളി നഴ്‌സുമാര്‍ക്കെതിരെ കുവൈറ്റില്‍ നടപടി. കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. ഒരു നഴ്‌സിനെ പുറത്താക്കിയെന്നും മറ്റൊരു നഴ്‌സിനെ പുറത്താക്കാനുള്ള നടപടി സ്വീകരിക്കുകയാണെന്നാണ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചത്. വിദേശ രാജ്യങ്ങളില്‍ ഇത്തരം പോസ്റ്റുകളിടുന്നതില്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കാന്‍ ആലോചിക്കുന്നതായും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തെ അനുകൂലിച്ച് കൊണ്ടാണ് നഴ്‌സുമാര്‍ പോസ്റ്റ് പങ്കുവച്ചത്. വാട്‌സാപ്പില്‍ ഇസ്രയേല്‍ അനുകൂല സ്റ്റാറ്റസ് പങ്കുവയ്ക്കുകയായിരുന്നു. പാലസ്തീന്‍കാര്‍ തീവ്രവാദികളാണെന്ന് പറഞ്ഞ് ഇസ്രയേലിന്റെ പതാക പങ്കുവച്ചുകൊണ്ടാണ് നഴ്‌സ് സ്റ്റാറ്റസ് ഇട്ടത്. അല്‍ സബാഹ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ നഴ്‌സുമാരെയാണ് കുവൈറ്റില്‍ നിന്ന് ആഭ്യന്തര മന്ത്രാലയം നാടുകടത്തിയത്.