വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുള്ളിച്ചാടുകയാണ് .ട്രംപിന്റെ മദ്ധ്യസ്ഥതയിൽ യു.എ.ഇയും ഇസ്രയേലും ചരിത്രപരമായ സമാധാന കരാറിൽ ഒപ്പിട്ടു. സമാധാന കരാറിൽ ഒപ്പിട്ട വിവരം ട്രംപ് തന്നെയാണ് അറിയിച്ചത്. കരാർ പ്രകാരം കൂടുതൽ പലസ്തീൻ പ്രദേശങ്ങൾ ഇസ്രയേൽ പിടിച്ചെടുക്കില്ലെന്ന് സമ്മതിച്ചതായാണ് സൂചന. പരസ്പരം ഉഭയകക്ഷി സഹകരണത്തിനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്.
ഇസ്രയേലുമായി നയതന്ത്രബന്ധത്തിനൊരുങ്ങുന്ന ആദ്യ അറബ് രാഷ്ട്രമാണ് യുഎഇ. ഊർജം, ടൂറിസം, നേരിട്ടുള്ള വിമാന സർവീസുകൾ, നിക്ഷേപം, സുരക്ഷ, വിവര സാങ്കേതിക വിദ്യ എന്നിങ്ങനെ വിവധ മേഖലകളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും വരും ആഴ്ചയിൽ കരാർ ഒപ്പിടുമെന്ന് യുഎഇ വിദേശകാര്യ മന്ത്രി അറിയിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിൽ ആക്കുന്നതിനായി ധാരണയിലെത്തിയതായി യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു. പലസ്തീൻ പ്രദേശങ്ങൾ കയ്യടക്കുന്നത് അവസാനിപ്പിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. ചരിത്ര നിമിഷമെന്നാണ് ഇരു രാജ്യങ്ങളുടെയും തീരുമാനത്തെ സ്വീകരിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തത്.
‘ചരിത്രപരമായ ഈ നയതന്ത്ര മുന്നേറ്റം മധ്യപൂർവേഷ്യ മേഖലയിൽ സമാധാനം കൈവരിക്കും. ഇതു മൂന്ന് നേതാക്കളുടെ ധീരമായ നയതന്ത്രത്തിനും കാഴ്ചപ്പാടിനും ഒരു തെളിവാണ്. ഈ മേഖലയുടെ വലിയ സാധ്യതകളെ തുറക്കുന്ന ഒരു പുതിയ പാത ഇസ്രായേലും യുഎഇയും നിർമിക്കും’– ട്രംപ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരാണ് ട്രംപ് പരാമർശിച്ച മൂന്നു പേർ.
അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമാണ് വിഷയം ചർച്ച ചെയ്തത്. മാസങ്ങളായി തുടർന്നു വന്ന ചർച്ച ട്രംപിന്റെ മദ്ധ്യസ്ഥതയിലാണ് അന്തിമ കരാറിലെത്തിയതെന്നാണ് റിപ്പോർട്ട്.ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളായ ഇസ്രയേലും യു.എ.ഇയും ചരിത്രപരമായ സമാധാന കരാറിലേർപ്പെട്ടെന്നും ഇത് വലിയ മുന്നേറ്റമാണെന്നും ട്രംപ് ട്വീറ്റ് ചെയ്യുകയായിരുന്നു. കരാർ യാഥാർത്ഥ്യമായതായി മുഹമ്മദ് ബിൽ അൽ നഹ്യാനും സ്ഥിരീകരിച്ചിട്ടുണ്ട്.