
ശാസ്ത്രജ്ഞനായ നമ്പിനാരയണന്റെ നിയമ പോരാട്ടം വലിയോരു നീതിയാണ് കേരള സമൂഹത്തില്‍ നടപ്പാക്കിയത്. സ്വയം നീതി നേടുന്നതിന് പുറമേ കേരളവും രാജ്യവും രണ്ട് സ്ത്രീകളോട് ചെയ്ത തെറ്റുകള്‍ക്കും ചെറിയൊരു പരിഹാരമാകുകയാണ് സുപ്രീം കോടതി വിധി. വിധിയുടെ സാമൂഹിക പ്രസക്തിയെക്കുറിച്ച് സെയ്ദ് ആബി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്
കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
4 days., 4 night., 18 or 20 police officers front of my naked body –
– mariam Rasheeda !
നമ്പി നാരായണന്‍ ന് നീതി കിട്ടിയ വാര്‍ത്തയോട് പത്മജ വേണുഗോപാല്‍ പ്രതികരിച്ചത് കണ്ടപ്പോള്‍ ഓര്‍ത്ത് പോയ പഴയൊരു ബൈറ്റാണിത്. കരുണാകരന്‍ മാത്രമാണ് നീതി കിട്ടാതെ അനീതിക്കിരയായി വെന്ത് പോയ ഒരേഒരാളെന്ന് പത്മജ പറയുമ്പോള്‍ അവര്‍ക്കൊക്കെയും ചാര കേസ് വെറും കരുണാകരന്‍ മാത്രമായിരുന്നു. ”ഈശ്വരഭക്താ കരുണാകരാ , ഈച്ചരവാര്യരുടെ മകനെവിടെ” എന്ന പ്രകമ്പനം കൊള്ളിക്കുന്ന അടിയന്തരാവസ്ഥയിലെ മുദ്രാവാക്യം കേട്ട കേരളത്തിന് വെറുമൊരു കരുണാകരനല്ല ചാരക്കേസിന്റെ ചാരം! ഉമ്മന്‍ചാണ്ടിയും ചാണ്ടിയുടെ പത്രങ്ങളും ആന്റണിയുടെ കണ്ണടച്ച പാലുകുടിയും ഇല്ലാതാക്കിയ മനുഷ്യരുടെ എണ്ണം രാജ്യാതിര്‍ത്തിക്ക് പുറത്തേക്ക് നീണ്ടു.
മാലി സ്വദേശികളായ മറിയം റഷീദും , ഫൗസിയ ഹസ്സനും ജയിലിനുള്ളില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. പോലീസുകാര്‍ അവരോട് മോശമായി പെരുമാറി. അവസാനം രക്ഷപെട്ട് പുറത്തേക്ക് വന്നപ്പോള്‍ അവരോട് മൈത്രേയന്‍ പറഞ്ഞു,
”മറിയം , നിങ്ങള്‍ക്ക് നിയമനടപടി ആലോചിച്ച് കൂടെ.”
ദയനീയമായൊരു നോട്ടമായിരുന്നു ഉത്തരം. വൈകി കിട്ടുന്ന നീതിക്ക് മുമ്പില്‍ കലഹങ്ങളില്ലാതെ നിന്ന് പോകുന്ന 2 പെണ്ണുങ്ങളോട് മലയാളം പെരുമാറിയത് എങ്ങനെയാണ്. മനോരമ എഴുതിപെരുപ്പിച്ച നുണകളുടെ അസ്ത്രം തുളച്ചത് അവരുടെ പ്രതീക്ഷകളിലാണ്. അവരുടെ രാജ്യം ഭൂപടത്തില്‍ വലിയ വര്‍ണനകള്‍ക്ക് ഇടം നല്‍കാത്തത് കൊണ്ട്, കേരളം രക്ഷപെട്ടു. ഒരു യൂറോപ്പ് കാരി ആയിരുന്നു അവരെങ്കില്‍ കേരളം നഷ്ടപരിഹാരം കൊടുത്ത് ചരിത്രത്തില്‍ രസമില്ലാത്തൊരു ചിത്രം വരക്കുമായിരുന്നു.
ഇന്ത്യ എന്ന രാജ്യമാണ് അവരോട് അനീതി കാണിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വകാര്യമായ അധികാരത്തര്‍ക്കത്തിന്റെ ഫലമായി ഒരു ജനാധിപത്യരാജ്യത്തിന്റെ ശിരസ്സ് താഴ്ന്നു.
കുട്ടിക്ക് പഠിക്കാനായി ഒരു സ്‌കൂള്‍ തേടി വന്ന മറിയത്തെ പോലീസ് പിടിക്കുകയായിരുന്നു. പിന്നീട് റഷീദയുടെ കഥകളുണ്ടാക്കി, ശശികുമാറില്‍ തുടങ്ങി നമ്പിയില്‍ അവസാനിപ്പിക്കുകയായിരുന്നു പോലീസ്, എന്നാല്‍ കുറ്റക്കാരല്ല എന്ന് ഉറപ്പുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരെ സംരക്ഷിച്ചു എന്ന പ്രശ്‌നത്തിലാണ് കരുണാകരന്‍ കളത്തിലേക്ക് വരുന്നത്, പിന്നീട് അത് സൂത്രത്തില്‍ ഉപയോഗിക്കപ്പെട്ടു.
കരുണാകരന്‍ രാഷ്ട്രീയ ഇരയായിരുന്നു എങ്കില്‍ മറ്റുള്ളവര്‍ ജീവിതം റദ്ദ് ചെയ്തിട്ടാണ് സ്വദേശം തേടി പോയത്.കോണ്‍ഗ്രസ് ചെയ്ത രാജ്യദ്രോഹത്തിന്റെ ഒരു രാഷ്ട്രീയ മുഖം മാത്രമായിരുന്നു കരുണാകരന്‍.
പത്മജക്കും മുരളീധരനും നഷ്ടപെട്ട പ്രിവിലേജ് സാഹചര്യങ്ങളുടെ, രാഷ്ട്രീയ ഇടങ്ങളുടെ നഷ്ടബോധമാണ് ചാരക്കേസ് എങ്കില്‍ മലയാളിക്ക് അത് അങ്ങനെയല്ല. മനോരമക്ക്, സ്വന്തം താല്പര്യങ്ങള്‍ക്കും ജാതിക്കും പറ്റിയ ഒരു അശ്ലീലത്തെ മുഖ്യധാരയുടെ മുമ്പിലേക്ക് എഴുന്നള്ളിക്കാനുള്ള അവസരമായിരുന്നു ചാര കേസ് എങ്കില്‍ നമ്പിക്ക് അത് സ്‌നേഹിച്ച രാജ്യം നല്‍കിയ ശിക്ഷയായിരുന്നു.
നമ്പി ചരിത്രത്തിലേക്ക് പ്രവേശിക്കുന്നത് നല്ല തിളക്കത്തോടെയാണ്, ഒരു ഇരക്കും ഒരിടത്തും നടത്താനാവാത്ത പോരാട്ടത്തിന്റെ സംതൃപ്തിയുള്ള റിസള്‍ട്ട് ഈ നാടിന് സമ്മാനിച്ച നമ്പിയോട് നമ്മള്‍ കടപ്പെടുന്നു.
നമ്പി രക്ഷപെടുത്തിയത് കരുണാകരനെ ആണെന്ന് വെറുതെ പറയല്ലേ, റഷീദക്കും ഫൗസിയക്കും വേണ്ടി നടത്തിയ പോരാട്ടം കൂടിയാണിത്. പത്മജയോടല്ല,മാലിയിലെ ആ സിനിമാനടിയോട് ചോദിക്കണം വേദനകളുടെ കടുപ്പത്തെ കുറിച്ച്.