ചെന്നൈ: ജോലി അന്വേഷിച്ചിറങ്ങുന്ന പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തി നഗ്നചിത്രമെടുത്ത് ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത ഐടി സ്ഥാപന ഉടമ പോലീസ് പിടിയില്‍. സേലൈയാര്‍ സ്വദേശിയായ 35 കാരന്‍ അഴകു സുന്ദരം എന്ന സെന്തില്‍ രാജയാണ് അറസ്‌റിലായത്. സ്‌കൈലൈന്‍ ടെക്‌നോളജീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് അറസ്റ്റിലായ അഴക് സുന്ദരം. നഗ്‌ന ചിത്രം പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു ഇയാള്‍.
ജോലി തേടിവരിയും ഇരയാക്കപ്പെടുകയും ചെയ്ത ഒരു ഉദ്യോഗാര്‍ത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്. ഈ വര്‍ഷം ആദ്യം ത്രിച്ചിയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്തിരുന്നു. നഗരത്തിലെ ഓഫീസിലേക്ക് വിളിക്കുകയും അവരില്‍ നിന്നും 10,000 മുതല്‍ 20,000 രൂപ വരെ വാങ്ങുകയും ചെയ്തിരുന്നു. പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിക്ക് ഓഫീസില്‍ വെച്ച് പൂരിപ്പിച്ചു വാങ്ങിയ അപേക്ഷയോടൊപ്പം 20,000 രൂപ കൂടി ഇയാള്‍ വാങ്ങുകയും ചെയ്തു.
ഇതിന് ശേഷമാണ് പെണ്‍കുട്ടി ഇയാളുടെ ചതിയില്‍പ്പെടുന്നത്. ജോലിയില്‍ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച ഒരു ഫോറം പൂരിപ്പിക്കാന്‍ നല്‍കി. കുടിക്കാന്‍ ഒരു ശീതളപാനീയം നല്‍കി. പിന്നീട് പെണ്‍കുട്ടി എഴുന്നേല്‍ക്കുമ്പോള്‍ മറ്റൊരു മുറിയില്‍ ആയിരുന്നു. തനിച്ച് പൂര്‍ണ്ണമായും നഗ്നയാക്കപ്പെട്ട നിലയില്‍ ആയിരുന്നു പെണ്‍കുട്ടി കിടന്നിരുന്നത്. അവര്‍ പിന്നീട് ഇവിടെ നിന്നും പോകുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയില്‍ നിന്നും പണം കൈപ്പറ്റിയിട്ട് ജോലിയൊന്നും ശരിയാക്കി നല്‍കാതിരുന്നതോടെ യുവതി പണം തിരികെ ആവശ്യപ്പെട്ടു. അപ്പോള്‍ പെണ്‍കുട്ടിയുടെ നഗ്നഫോട്ടോ കാട്ടി ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്ന് സുന്ദരം ഭീഷണി ഉയര്‍ത്തി. യുവതിയുടെ പരാതിയില്‍ സേലൈയാര്‍ പൊലീസ് സുന്ദരത്തെ അറസ്റ്റ് ചെയ്യുകയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവരുടെ ലൈംഗിക പ്രവര്‍ത്തി കണ്ടാസ്വദിക്കുന്നതില്‍ തല്‍പ്പരനാണ് സുന്ദരമെന്നാണ് അന്വേഷണത്തില്‍ പൊലീസിന് കണ്ടെത്താനായിരിക്കുന്നത്.