കൊല്ലം: ഉത്ര കൊലപാതക കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സൂരജിന്‍റെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കൊല്ലപ്പെട്ട ഉത്രയുടെ സ്വർണ്ണാഭരണങ്ങൾ അൽപസമയം മുമ്പ് നടന്ന തെരച്ചിലിൽ സൂരജിന്‍റെ വീട്ടിൽ പിറകിലെ റബർ തോട്ടത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. 37 പവൻ സ്വർണ്ണമാണ് കണ്ടെടുത്തത്.
അച്ഛന് എല്ലാം അറിയാമായിരുന്നുവെന്ന് നേരത്തെ സൂരജ് മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പിതാവായ സുരേന്ദ്രനെ പൊലീസ് വിശദമായി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. സൂരജ് മുമ്പും വീട്ടിൽ പാമ്പിനെ കൊണ്ടു വന്നിട്ടുള്ളതായി അച്ഛൻ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം സൂരജിന്റെ കുടുംബാംഗങ്ങളുടെ മൊഴികളില്‍ വൈരുധ്യമുള്ളതിനാൽ അമ്മയെയും സഹോദരിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്.
അതേ സമയം സൂരജ് ലോക്കറിൽനിന്ന് മാറ്റിയ സ്വർണം അന്വേഷണ സംഘം കണ്ടെടുത്തു. വീടിനു പിറകിൽ റബർ തോട്ടത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. 98 പവനാണ് വിവാഹ സമയത്ത് ഉത്രയ്ക്ക് നൽകിയത്. കണ്ടെത്തിയത് എത്ര പവനെന്ന് തിട്ടപ്പെടുത്തുകയാണ്. ക്രൈം ബ്രാഞ്ചും റവന്യൂ ഉദ്യോഗസ്ഥരുമാണ് സ്വർണം പരിശോധിക്കുന്നത്. അടൂരിലെ ലോക്കറിൽ പരിശോധന നടത്തിയ ശേഷമാണ് സ്വർണം കണ്ടെത്തിയത്. ലോക്കർ നിരവധി തവണ സൂരജ് തുറന്നതായി കണ്ടെത്തിയിരുന്നു.