ചക്കയില്‍ നിന്ന് മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യാം!..

കൊച്ചി: നമുക്ക് അറിയുന്നതും അറിയാത്തതുമായി ഒരു നൂറായിരം ഗുണങ്ങള്‍ ചക്കയ്ക്കുണ്ട്. ഇതാ കുറെ ചക്കവിശേഷങ്ങള്‍. ചക്ക കേരളത്തിന്റെ മാത്രമല്ല, അയല്‍ സംസ്ഥാനമായ തമിഴ്നാടിന്റെ കൂടി ഔദ്യോഗിക ഫലമാണ്.പക്ഷെ ചക്കയില്‍ നിന്ന് മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ചാര്‍ജ് ചെയ്യാമെന്ന വസ്തുത ഏവരെയും ഞെട്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഓസ്ട്രേലിയയിലെ ഗവേഷകരാണ് ചക്കയിലെ ഈ സാധ്യത വെളിപ്പെടുത്തിരിക്കുന്നത്. എന്നാല്‍ ചക്ക മുഴുവന്‍ വേണ്ട, ചുളയും മടലുമെല്ലാം ഉപയോഗിച്ച് ബാക്കിവരുന്ന കൂഞ്ഞില്‍ മാത്രംമതി പവര്‍ബാങ്ക് ഉണ്ടാക്കാന്‍. ഓസ്ട്രേലിയയിലെ സിഡ്നി സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് കെമിക്കല്‍ ആന്‍ഡ് ബയോമോളിക്കുലര്‍ എന്‍ജിനിയറിങ്ങിലെ അസോസിയേറ്റ് പ്രൊഫസര്‍ വിന്‍സന്റ് ഗോമസ് നടത്തിയ ഗവേഷണത്തിലാണ് ചക്കയില്‍ നിന്നും ചാര്‍ജ് ചെയ്യാനുള്ള ഈ സാധ്യത കണ്ടെത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചക്കയുടെ കൂഞ്ഞില്‍ അടക്കമുള്ള മാംസളഭാഗം ഈര്‍പ്പം നീക്കംചെയ്ത് കാര്‍ബണ്‍ എയ്റോജെല്‍ ആക്കി ഉണ്ടാക്കുന്ന ഇലക്ട്രോഡുകള്‍ സൂപ്പര്‍ കപ്പാസിറ്ററുകള്‍ ആണെന്നാണ് കണ്ടെത്തല്‍. ചക്കക്കൂഞ്ഞിനെ ഓട്ടോക്ളേവ് വഴി വേവിച്ചശേഷം ഫ്രീസ് ഡ്രൈ (അതിശീത പ്രയോഗത്തിലൂടെ ഈര്‍പ്പരഹിതമാക്കുന്ന വിദ്യ) ചെയ്തുകഴിയുമ്പോള്‍ കാര്‍ബണ്‍ എയ്റോജെല്‍ കിട്ടും. ഇത് ഇലക്ട്രോഡുകളാക്കി അതില്‍ വൈദ്യുതി സംഭരിക്കുന്നു.

ഈ കപ്പാസിറ്ററുകള്‍ വഴി അതിവേഗ ചാര്‍ജ് മാറ്റവും സാധ്യമാണ്. അതിനാല്‍ തന്നെ മൊബൈലും ലാപ്‌ടോപ്പുമൊക്കെ അതിവേഗത്തില്‍ ചാര്‍ജ് ചെയ്യാനാവും. സാധാരണ ബാറ്ററികളില്‍ സംഭരിക്കുന്നതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ഇതില്‍ അതിവേഗം സംഭരിക്കാമെന്ന് ഗവേഷകന്‍ ചൂണ്ടിക്കാട്ടുന്നു.

ജൈവ അവശിഷ്ടങ്ങളില്‍നിന്ന് ലളിതവും രാസമുക്തവുമായ ഹരിതമാര്‍ഗങ്ങളിലൂടെ വികസിപ്പിക്കുന്ന ഈ കാര്‍ബണ്‍ എയ്റോജെല്‍ കപ്പാസിറ്റര്‍ പരിസ്ഥിതി സൗഹൃദവുമാണ്.ശേഷി കൂടുതലും നിര്‍മാണച്ചെലവ് കുറവുമെന്നാണ് ഗവേഷകന്‍ അവകാശപ്പെടുന്നത്. ചക്കയ്ക്കുപുറമേ ദുരിയാന്‍ പഴത്തിന്റെ കൂഞ്ഞും ഇതിനായി ഉപയോഗിക്കാമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.എന്തായാലും ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവുമധികം ഡിമാന്‍ഡുള്ള വസ്തുക്കളില്‍ ഒന്നായി മാറിയ ചക്കയുടെ ഡിമാന്‍ഡ് ഉടനൊന്നും കുറയില്ലെന്നു ചുരുക്കം.

ചക്ക വിശേഷം

ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക എന്നിവിടങ്ങളിലും മലായ് പെനിൻസുലക്കു കിഴക്കു വശങ്ങളിലുമായിട്ടാണ് ചക്ക പ്രധാനമായിട്ടും ഉള്ളത്. പനസം എന്നൊരു പേരും ചക്കയ്ക്കുണ്ട്. ഏറ്റവും വലിയ കായ്ഫലം എന്നൊരു വിശേഷണം കൂടി നമ്മുടെ ചക്കയ്ക്കുണ്ട്. വരിക്ക, തേന്‍വരിക്ക, മുട്ടം വരിക്ക, സിന്ദൂര വരിക്ക എന്നിങ്ങനെ വിവിധ തരത്തിലുള്ള ചക്കകള്‍ ലഭ്യമാണ്. കേരളത്തില്‍ വികസിപ്പിച്ചെടുത്ത ചക്കയിനങ്ങളുമുണ്ട്. ചക്കയുടെ തോട് തൊട്ട് ചക്കക്കരു വരെ ഭക്ഷ്യയോഗ്യമാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ചക്ക കൊണ്ട് ജാം, പപ്പടം, പുഴുക്ക്, അട, പായസം, ഹല്‍വ, വൈന്‍, കട്ലറ്റ് എന്നിങ്ങനെ ഒരു നൂറു കൂട്ടം വിഭവങ്ങള്‍ ഉണ്ടാക്കാം.

ഔഷധ ഗുണങ്ങള്‍

കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, വിറ്റമിന്‍ എ, സി, വിവിധ ബി വിറ്റമിനുകള്‍ എന്നിവയുടെ കലവറയാണ് ചക്ക. കാത്സ്യം, സിങ്ക്, ഫോസ്ഫറസ് വിറ്റമിന്‍ സി എന്നിവയുടെ ഒന്നാന്തരം ഉറവിടമാണിത്. അതുകൊണ്ടുതന്നെ മികച്ച ആന്റി ഓക്‌സിഡന്റും. ചക്കയില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. സോഡിയത്തിന്റെ അളവാകട്ടെ തീരെ കുറവും. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും പ്രയോജനപ്രദമാണ്. തികച്ചും കൊളസ്‌ട്രോള്‍ രഹിതമായ ഭക്ഷണം കൂടിയാണ് ചക്ക. ഇതില്‍ കൊഴുപ്പ് ഇല്ലാത്തതിനാല്‍ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്. മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകും. അഞ്ചു ടേബിള്‍ സ്പൂണ്‍ ചക്കയില്‍ ഒരു കപ്പു ചോറിനു സമാനമായ കാലറി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ചക്കയും ചോറും ഒരുമിച്ചു കഴിക്കരുത്. ചക്കപ്പഴത്തിലും ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. ചര്‍മസംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് മികച്ച മരുന്നാണ് ചക്ക. പ്രായത്തെ ചെറുത്തുതോല്‍പിക്കാനും ചക്ക സഹായിക്കും. ഇത് കുടല്‍വ്രണത്തിനും നല്ലൊരു പ്രതിവിധിയാണ്

ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനുമുള്ള ശക്തിയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാന്‍സര്‍ കോശങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ ചക്കക്കുരിവിലുള്ള നിസിത്തിന്‍ സഹായിക്കും. ചക്കക്കുരുവില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന നെക്റ്റിന്‍ റേഡിയേഷന്‍ ചികിത്സയില്‍ ഫലപ്രദമാണ്.

തമിഴ്നാട്ടിലെ ചക്ക ഗ്രാമം

തമിഴ്നാട്ടിലെ കുടയൂര്‍ ജില്ലയിലെ പണ്‍റുട്ടി എന്ന ഗ്രാമമാണ് ചക്കഗ്രാമമെന്ന പേരില്‍ അറിയപ്പെടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിവര്‍ഷ ചക്ക ഉപഭോഗം ഇവിടെയാണ്. പണ്‍റുട്ടിക്കാരുടെ ജീവിതമാര്‍ഗം തന്നെ ചക്ക കൃഷിയാണെന്നു പറയാം. ഒരേക്കര്‍ തുടങ്ങി 10-20 ഏക്കറിലധികം വരെ ചക്കകൃഷി ഇവിടുത്തെ സ്ഥലവാസികള്‍ക്കുണ്ട്. പണ്‍റുട്ടിക്കാര്‍ സ്വന്തമായ കൃഷിരീതി വഴി വര്‍ഷത്തില്‍ എല്ലാ മാസവും തന്നെ ചക്ക വിളയിക്കുന്നുണ്ട്. പ്രതിദിനം 1500 ലോഡ് ചക്കയാണ് പണ്‍റുട്ടിയില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു അയക്കുന്നത്.

Top