സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വീണ്ടും അവധി നീട്ടി. ഒരു മാസത്തേക്ക് കൂടിയാണ് ജേക്കബ് തോമസ് അവധി നീട്ടിയത്. ഇത് സംബന്ധിച്ച അപേക്ഷ സര്‍ക്കാരിന് അദ്ദേഹം കഴിഞ്ഞ ദിവസം കൈമാറി. ഇതോടെ മൂന്നുമാസമാകും ജേക്കബ് തോമസിന്റെ അവധി.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രണ്ടുമാസം മുന്‍പാണ് ജേക്കബ് തോമസ് അവധിയെടുത്തത്. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമനുസരിച്ചാണ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചത്. വ്യക്തിപരമായ കാരണത്താല്‍ അവധിയെടുക്കുന്നതായാണ് കത്തില്‍ സൂചിപ്പിച്ചത്. കൂടാതെ, തിരിച്ചെത്തുന്ന ജേക്കബ് തോമസിനെ ഏതു പദവിയില്‍ നിയമിക്കുമെന്നു സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇതിന്റെ ഭാഗമായി സര്‍ക്കാരാണ് അവധിനീട്ടിയെടുക്കാന്‍ നിര്‍ദേശിച്ചതെന്നാണ് വിവരം.
ഹൈക്കോടതിയില്‍നിന്നുള്ള തുടര്‍ച്ചയായ വിമര്‍ശനവും ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധവും സിപിഐഎമ്മിലെ ഒരു വിഭാഗത്തിന്റെ അമര്‍ഷവും കണക്കിലെടുത്താണു ജേക്കബ് തോമസിനെ ആദ്യം നീക്കിയത്. ജേക്കബ് തോമസിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ വിമര്‍ശനം ഉയര്‍ത്തിയപ്പോള്‍ ‘ആ കട്ടില്‍ കണ്ട് ആരും പനിക്കണ്ട’ എന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാഴ്ച തികയും മുന്‍പേ അദ്ദേഹത്തെ കൈവിട്ടതിന് പിന്നില്‍ സിപിഐഎമ്മിന്റെ ശക്തമായ ഇടപെടലുണ്ടായിരുന്നു. തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഡയറക്ടറെ സര്‍ക്കാര്‍ മാറ്റാത്തത് എന്താണെന്നുവരെ ഹൈക്കോടതി ചോദിച്ചിരുന്നു. ഇ.പി.ജയരാജന്റെ ബന്ധുനിയമന കേസ്, ടി.പി.ദാസന്‍ ഉള്‍പ്പെട്ട സ്‌പോര്‍ട്‌സ് ലോട്ടറി കേസ്, കെ.എം.മാണിക്കെതിരായ ബാര്‍ കേസ് എന്നിവ സംബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ ചില നിര്‍ദേശങ്ങളോടു ജേക്കബ് തോമസ് യോജിച്ചില്ല. ഇ.പി. ജയരാജനെതിരെ അഴിമതി നടത്തി എന്ന വകുപ്പുപ്രകാരമാണു കേസെടുത്തത്. ഇത് അഴിമതിക്കു ശ്രമിച്ചു എന്നാക്കി മാറ്റിക്കൂടേ എന്ന നിര്‍ദേശത്തോടു ജേക്കബ് തോമസ് വിയോജിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ ഇടപെട്ടിട്ടും വഴങ്ങിയില്ല. ഇതു സിപിഐഎമ്മിനുള്ളില്‍ അതൃപ്തി സൃഷ്ടിച്ചു. തുടര്‍ന്നു ഡയറക്ടറെ മാറ്റണമെന്നു മുഖ്യമന്ത്രിയോടു പാര്‍ട്ടി നിര്‍ദേശിക്കുകയായിരുന്നു.
അതിനിടെ, ബാര്‍ കോഴ കേസ്, ഇ.പി.ജയരാജന്‍ കേസ് എന്നിങ്ങനെ പലതിലും വിജിലന്‍സിനെ ഹൈക്കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വിജിലന്‍സ് പ്രവര്‍ത്തനത്തിനു മാര്‍ഗരേഖ ഉണ്ടാക്കണമെന്നും പറഞ്ഞു. കേരളത്തില്‍ വിജിലന്‍സ് രാജാണോ എന്ന ചോദ്യത്തിനു ‘വലിയ അഴിമതി പരാതികള്‍ ഇവിടെ സ്വീകരിക്കില്ല’ എന്നു വിജിലന്‍സ് ആസ്ഥാനത്തു നോട്ടിസ് പതിച്ചാണു ജേക്കബ് തോമസ് പ്രതിഷേധിച്ചത്. സര്‍ക്കാര്‍ വിമര്‍ശിച്ചപ്പോള്‍ നോട്ടിസ് കീറിക്കളയുകയും ചെയ്തു.