ആദരണീയയായ ഡോ. സുനിത കൃഷ്ണന്‍ ,
ശമ്പളത്തിന് നിര്‍ത്തിയിരിക്കുന്ന സൈബര്‍ തൊഴിലാളികളൊന്നുമല്ല താങ്കളുടെ നവമാധ്യമ അക്കൗണ്ട്‌കള്‍ കൈകാര്യം ചെയ്യുന്നത് എന്ന പ്രതീക്ഷയിലാണ് താങ്കളോടുള്ള ചില ചോദ്യങ്ങള്‍ ഇവിടെ കുറിക്കുന്നത് .
മാഡം ,
1) സത്യം പറഞ്ഞാല്‍ പത്രം വായിക്കുന്ന സ്വഭാവമില്ല ; പ്രത്യേകിച്ച് മലയാള മനോരമ ഒട്ടും വായിക്കാറില്ല . ഓണ്‍ലൈന്‍ ലോകത്ത് നിന്ന് തന്നെയാണ് താങ്കള്‍ ഇന്ന് മനോരമയില്‍ എഴുതിയ ഒരു ലേഖനത്തെക്കുറിച്ച് കേട്ടത് . തുടര്‍ന്ന് മനോരമ പത്രം തേടിപ്പിടിച്ച് വായിക്കുകയാനുണ്ടായത് . സരിതാ നായര്‍ എന്ന സ്ത്രീ കഴിഞ്ഞ അനവധി മാസങ്ങളായി കേരളീയ സമൂഹത്തിലും , അവരുടെ മാധ്യമ അന്തസ്സുകളിലും , അവരുടെ പോതുബോധങ്ങളിലും സൃഷ്ട്ടിക്കുന്ന “പരിക്കുകളാണ്” താങ്കളുടെ ലേഖനത്തിന്‍റെ വിഷയമെന്ന് ചുരുക്കിപ്പറയാമെന്നു തോന്നുന്നു . താങ്കളുടെ ചില നിരീക്ഷണങ്ങള്‍ ശ്രദ്ധേയവും , പ്രധാനവും , പ്രസക്തവുമാണെന്ന് തന്നെയാണ് തോന്നിയത് .
2) യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന ലേഖനം സരിതാ നായര്‍ എന്ന സ്ത്രീയാണ് കേരളത്തിലെ ഇപ്പോഴത്തെ ആകെയുള്ള പ്രശ്നം എന്ന രൂപത്തിലാണ് പറഞ്ഞുവയ്ക്കുന്നത് . അടിയന്തിരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ രാജ്യമാകെ കൊണ്ഗ്രസ്സിനു കനത്ത തിരിച്ചടി നല്‍കിയപ്പോഴും കൊണ്ഗ്രസ്സിനെ വിജയിപ്പിച്ച , വിമോചന സമരം വിജയിപ്പിച്ച, നിരന്തരം പറ്റിക്കപ്പെടാന്‍ നിന്നുകൊടുക്കുന്ന , വ്യക്തി ശുചിത്വമുള്ള , എന്നാല്‍ സാമൂഹ്യ ശുചിത്വമില്ലാത്ത , മനുഷ്യനെ തെരുവില്‍ തല്ലിക്കൊല്ലുന്നതും , ബസ് കയറി പരിക്ക് പറ്റിയ മനുഷ്യന്‍ മരിക്കുന്നത് വരെ മൊബൈല്‍ ക്യാമറയുപയോഗിച്ചു റെക്കോര്‍ഡ് ചെയ്യുന്നതുമായ അതേ സമൂഹം തന്നെയാണ് മാഡം കേരളത്തില്‍ ഇപ്പോഴുമുള്ളത് .
3) ഒരു സ്ത്രീ നടത്തുന്ന വെളിപ്പെടുത്തലുകളിലും , ബ്ലാക്ക് മെയിളിങ്ങിലുമാണ് മാഡം താങ്കളുടെ ആശങ്ക . പക്ഷേ എനിക്ക് തോന്നുന്നത് , കേരളത്തിന്‍റെ പൊതുവായ ഒരാശങ്ക അങ്ങിനെയല്ല , കാരണം , സരിതാ നായര്‍ എന്‍റെയും , താങ്കളുടെയും കേരളീയ പൊതുസമൂഹത്തിന്റെയും ആരുമല്ല . പക്ഷേ, അവര്‍ വിരല്‍ ചൂണ്ടുന്ന മനുഷ്യര്‍ നമ്മെ ഭരിക്കുന്നവരാണ്, നാം ജനാധിപത്യാവകാശം ഉപയോഗിച്ച് തിരഞ്ഞെടുത്തുകഴിഞ്ഞ ജനപ്രതിനിധികളാണ് . സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന സ്ത്രീയെ, അവരുടെ ആവശ്യത്തെ ചൂഷണം ചെയ്തു ഭരണപ്പാര്ട്ടികളിലെ മിക്കവാറും, നേതാക്കളും അവരുടെ മക്കളും, യുവ MLA മാരും പോലും ആ സ്ത്രീയെ ശാരീരികമായി ഉപയോഗിക്കുന്നു. ലക്ഷങ്ങളും, കൊടികളും തട്ടിയെടുക്കുന്നു. ഭരണകൂട പിന്തുണയുണ്ടെങ്കില്‍ തനിക്കിതൊരു തട്ടിപ്പ് പ്രസ്ഥാനമായി മാറ്റാം എന്ന് തിരിച്ചറിയുന്ന ആ സ്ത്രീ സകല ഉപഭോക്താക്കളെയും വഞ്ചിച്ചു കോടികള്‍ തട്ടുന്നു. ഈ വസ്തുതകളെല്ലാം താങ്കള്‍ വളരെ സാമര്‍ത്ഥ്യത്തോടെ താങ്കളുടെ ലേഖനത്തില്‍ നിന്ന് മറച്ചു പിടിച്ചിരിക്കുന്നു .
4) കേരളത്തിലെ മാധ്യമങ്ങള്‍ മറ്റെല്ലാ വിഷയങ്ങളും മാറ്റിവച്ചു വര്‍ഷങ്ങള്‍ ഈ സ്ത്രീയ്ക്ക് ചുറ്റും കറങ്ങുന്നു. അവര്‍ക്ക് ആരാധകര്‍ ഉണ്ടാകുന്നു. ഓട്ടോഗ്രാഫ് വാങ്ങുവാന്‍ പോലും തിക്കിത്തിരക്കുകള്‍, അതും അന്യസംസ്ഥാനത്തെ പ്രശസ്തമായ ക്ഷേത്ര മുറ്റത്തുപോലും.
5) വ്യവസായം തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന ഒരു സ്ത്രീയെ ഭരണാധികാരികള്‍ , (അടൂര്‍ പ്രകാശ് ഒരു ദിവസം ഇവരെ ഡയല്‍ ചെയ്തതൊക്കെ ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ആയിരിക്കും) എല്ലാ സാധ്യതകളും ഉപയോഗിച്ച് ചൂഷണം ചെയ്യുന്നു. തിരിച്ചുപോകുവാന്‍ ആവാത്ത വിധം ആ സ്ത്രീ, പുതിയ വാട്സാപ്പ് ക്ലിപ്പ് കാത്തിരിക്കുന്ന സമൂഹത്തിന്‍റെ പോലും “ഇരയായി” മാറുന്നു. ഒരേ സമയം മാധ്യമങ്ങളുടെയും..!
6) അവര്‍ ഒരു കുറ്റവാളിയും, ജയില്‍പ്പുള്ളിയും, സോളാര്‍ കമ്മീഷന്‍ ജഡ്ജി പോലും കുട്ടിയുടെ അച്ഛനെ വെളിപ്പെടുത്തണം എന്ന് പറഞ്ഞു അപമാനിക്കുന്ന ഹതഭാഗ്യയും ആയി മാറുന്നു. തന്നെ ഉപയോഗിച്ച “രാഷ്ട്രീയ മാന്യന്മാരെ ബ്ലാക്മെയില്‍” ചെയ്തു അവര്‍ തിരിച്ചടിക്കുന്നു. അമ്മയെപ്പോലും അതിനു സഹായിയായി കൂടെ കൂട്ടുന്നു. കോടികള്‍ പറഞ്ഞു വിലപേശുന്നു. ഒരു മന്ത്രി പുത്രന്റെ പേര് പറയാതിരിക്കാന്‍ വേണ്ടി കൊലയാളി നിസ്സാമിന്റെ കയ്യില്‍ നിന്നുപോലും വാങ്ങിക്കൊടുത്ത പണം അവരുടെ അമ്മ തന്നെ സ്വീകരിക്കുന്നു എന്ന് സമൂഹം അടക്കം പറയുന്നു.
7) ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രിയടക്കമുള്ള ഒരു സംസ്ഥാന ഭരണകൂടത്തെ ഈ സ്ത്രീ മുള്‍മുനയില്‍ നിര്‍ത്തുന്നു. ഒരു സമൂഹത്തിന്റെയും, അവരുടെ മാധ്യമങ്ങളുടെയും, നൈതികതയും, ധാര്‍മ്മികതയും വലിയ ചോദ്യചിഹ്നങ്ങളാക്കി ഈ സ്ത്രീ സാമൂഹ്യ – രാഷ്ട്രീയ സംവാദത്തിനുതകുന്ന വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. അത് ചിലപ്പോള്‍ നമ്മുടെ ജനാധിപത്യ മൂല്യങ്ങളെയും, പാരമ്പര്യങ്ങളെയും പോലും മായ്ച്ചു കളയുന്നു, വര്‍ത്തമാനകാലത്തില്‍ നിന്നും എന്നെന്നേക്കുമായി…!!
8) യഥാര്‍ഥത്തില്‍ മുകളില്‍ പറഞ്ഞതാണ് വസ്തുതയെന്നിരിക്കെ , ഖജനാവിന് നഷ്ട്ടമുണ്ടായോ എന്ന അശ്ലീല ചോദ്യം തുടരെഉന്നയിക്കപ്പെട്ടു കാണുന്നു. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ധാര്‍മ്മികതയും സത്യസന്ധതയുമാണ് സമൂഹത്തിന് മാതൃകയാവേണ്ടതെന്നുള്ള പൊതുമാനദണ്ഡം ലംഘിക്കപ്പെടുന്ന സ്ഥിതിവിശേഷമാണിപ്പോള്‍ പ്രബുദ്ധകേരളത്തിലുള്ളത്. അഴിമതിയും കെടുകാര്യസ്ഥതയും തട്ടിപ്പും എല്ലാകാലവും രാഷ്ട്രീയക്കാരുടെ സംശുദ്ധപ്രവര്‍ത്തനത്തെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ സ്ത്രീകളുമായുള്ള വഴിവിട്ടതും അവിഹിതവുമായ ബന്ധങ്ങളാണ് രാഷ്ട്രീയ-ജനപ്രതിനിധികളെ ഇപ്പോള്‍ ജനങ്ങള്‍ക്ക് അനഭിമതരാക്കുന്നത്.
9) താങ്കള്‍ ദൃശ്യമാധ്യമങ്ങളുടെ മാധ്യമ വിചാരണകളെയും , “സമാന്തര കോടതികള്‍ ” ആകുന്നതിനെയും നിശിതമായി വിമര്‍ശിച്ചു കാണുന്നു . ഒരു സ്ത്രീയുടെ “വെളിപ്പെടുത്തലുകള്‍ ” നിരന്തരം ബ്രേക്ക് ചെയ്യുന്ന ചാനലുകളേയും താങ്കള്‍ വെറുതെ വിടുന്നില്ല . നല്ലത് , ഒരു പരിധിവരെ യോജിക്കുന്നു . പക്ഷേ, ഈ സ്ത്രീ പിച്ചും പേയും പറയുകയല്ല എന്നും , രാജ്യം ഭരിക്കുന്ന ഭരണാധികാരികള്‍ അവരെ സാമ്പത്തികമായും , ശാരീരികമായും ചൂഷണം ചെയ്തു ഒരു ജനതയെ ആകെ അപമാനിച്ച കഥകളാണ് സരിതാ നായര്‍ പറയുന്നത് എന്നതും രാജ്യം കണ്ട സമാനതകളില്ലാത്ത സ്ത്രീ വിമോചക പ്രവര്‍ത്തകയായ താങ്കള്‍ക്കു എന്തേ മാഡം മനസ്സിലാകാതെ പോയി ..?!
10) താങ്കളുടെ ലേഖനത്തില്‍ എവിടെയും , മുഖ്യമന്ത്രി മുതല്‍ , ആ സ്ത്രീയെ ചൂഷണം ചെയ്ത മുഖ്യമന്ത്രിയുടെ ഓഫീസിലെ സഹായികള്‍ , MLA മാര്‍, മന്ത്രി പുത്രന്മാര്‍ , മറ്റു നേതാക്കള്‍ എന്നിവരുടെയാരുടെയും പേരുകള്‍ പോലും പരാമര്‍ശിക്കുന്നില്ല എന്നത് വളരെ നിഷ്കളങ്കമായി കാണണം എന്നാണോ താങ്കള്‍ പറയുന്നത് ?! ചൂഷിതയായ ഒരു സ്ത്രീ വലിയ സാമൂഹ്യ അപമാനവും , ചൂഷകരായ UDF ഭരണകൂടം വലിയ അഭിമാനവും ആകുന്നത് എങ്ങിനെയാണ് മാഡം ?!
11) അവര്‍ അഭിനയിക്കുന്ന നാല് സിനിമകളുടെ അണിയറക്കാരോട് അവരെ അഭിനയിപ്പിക്കാന്‍ നാണമില്ലേ എന്ന് ചോദിക്കുന്നു താങ്കള്‍ ?ആത്യന്തികമായി സിനിമ ഒരു വ്യവസായവും കച്ചവടവുമാണല്ലോ മാഡം . സരിതാ നായരെ അഭിനയിപ്പിക്കുന്നതില്‍ അതിന്റെ അണിയറക്കാര്‍ കച്ചവട വിജയം പ്രതീക്ഷിക്കുന്നുവെങ്കില്‍ അതിലെന്താണ് തെറ്റ്? താങ്കളും ഭര്‍ത്താവും മാസങ്ങള്‍ക്ക് മുന്പ് നിര്‍മ്മിച്ച ചിത്രം കച്ചവട ചേരുവകള്‍ പാടേ ഒഴിവാക്കിയാണ് സംവിധാനം ചെയ്തത് എന്ന് അവകാശപ്പെടാന്‍ താങ്കള്‍ക്കു കഴിയുമോ ? മാത്രമല്ല സരിതാ നായര്‍ അഭിനയം തൊഴിലായി സ്വീകരിക്കുന്നതില്‍ എന്താണ് മാഡം നിയമപരമായോ , ധാര്‍മ്മികമായോ തെറ്റ് ?!
12) സരിതാ നായര്‍ എന്ന സ്ത്രീ, UDF ഭരണകൂടവും , രാഷ്ട്രീയക്കാരും അവരെ ചൂഷണം ചെയ്യുകയും , വഞ്ചിക്കുകയും , സ്വതന്ത്രമായി കോടതിയില്‍ മൊഴി നല്‍കാന്‍പോലും അനുവദിക്കാതിരിക്കുകയും ചെയ്യുന്നതിന്റെ ടെലിഫോണ്‍ റെക്കോര്‍ഡ് അടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലല്ലേ മാഡം, താങ്കള്‍ പറയുന്ന അസഹ്യമായ വെളിപ്പെടുത്തലുകള്‍ നടത്തുന്നത് ?! ആ നിലയില്‍ , ആ സ്ത്രീ ഇവിടുത്തെ ഭരണകൂട വേട്ടയുടെ ഇരയായിരുന്നു എന്ന് , ഇരകളുടെ പുനരധിവാസം സാധ്യമാക്കുന്ന സാമൂഹ്യപ്രവര്‍ത്തകയായിട്ടുള്ള താങ്കള്‍ക്കു മനസ്സിലായില്ലെങ്കില്‍ പിന്നെ ആര്‍ക്കു മനസ്സിലാകും മാഡം..?
13) ചുരുക്കത്തില്‍ ശരാശരി മലയാളി പുച്ചത്തോടെ കാണുന്ന മനോരമയുടെ പേജ് ഉപയോഗിച്ച് ഭരണകൂട ചൂഷകരെ വെള്ള പൂശാന്‍ നടത്തിയ ഒരു വൃഥാശ്രമമാണ് താങ്കളുടെ ലേഖനം എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ എങ്ങിനെ കുറ്റപ്പെടുത്തും മാഡം ?! ആരുടെയെങ്കിലും രാഷ്ട്രീയ നേട്ടത്തിനുള്ള ടൂളായി അധപതിക്കാതെ , എക്കാലവും വേട്ടയാടപ്പെടുന്നവരുടെ നീതിയ്ക്കും , അവകാശങ്ങല്‍ക്കുമായി പോരാടാന്‍ താങ്കള്‍ക്കു ഇനിയും സാധിക്കട്ടെ എന്നാശംസിച്ചുകൊണ്ട്
ഹൃദയം നിറഞ്ഞ സ്നേഹാദരവുകളോടെ,
(നവമാധ്യമപ്രവര്‍ത്തകനും ഹൈക്കോടതിയിലെ അഭിഭാഷകനുമാണ് ലേഖകന്‍.)