കോട്ടയം: പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജെയ്ക് സി തോമസ് മന്ത്രി വിഎന്‍ വാസവനൊപ്പം എന്‍എസ്എസ് ആസ്ഥാനത്തും ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തും സന്ദര്‍ശനം നടത്തി. എന്‍എസ്എസ് ആസ്ഥാനത്തെത്തി ജി സുകുമാരന്‍ നായരേയും ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്ത് എത്തി കാത്തോലിക്ക ബാവയെയുമാണ് ജെയ്ക് സി തോമസ് കണ്ടത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും കൂടിക്കാഴ്ച നടത്തി. മന്ത്രി വി എന്‍ വാസവന് ഒപ്പമായിരുന്നു സന്ദര്‍ശനം.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയെങ്കിലും പ്രചാരണത്തില്‍ ബഹുദൂരം മുന്നിലെത്താനാണ് എല്‍ഡിഎഫിന്റെ ശ്രമം. പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ മണ്ഡലത്തില്‍ നടത്തിയ റോഡ് ഷോ യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചു. പുതുപ്പള്ളിയില്‍ സഹതാപ തരംഗമല്ല രാഷ്ട്രീയ പോരാട്ടം ആണ് നടക്കുന്നതെന്ന് ജോസ് കെ മാണി എംപി പ്രതികരിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലപര്യടനത്തിലാണ് ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ അടുത്ത മണിക്കൂറില്‍ വമ്പന്‍ റോഡ് ഷോ സംഘടിപ്പിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് മണ്ഡലത്തില്‍ നിറസാന്നിധ്യമായത്. ഉച്ചയ്ക്ക് ശേഷം ആരംഭിച്ച റോഡ് ഷോ മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലൂടെയും കടന്ന് പോയി.
ഇന്നും മണ്ഡലത്തിലെ വോട്ടര്‍മാരെ നേരിട്ട് കാണുകയാണ് ജെയ്ക് സി തോമസിന്റെ പ്രധാന പരിപാടി. സിപിഐഎം സംസ്ഥാന-ജില്ലാ നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ ജെയ്കിനൊപ്പം ചേരും. വൈകുന്നേരങ്ങളില്‍ കുടുംബയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ 40-ാം ചരമദിനത്തിന് ശേഷമേ യുഡിഎഫ് വിപുലമായ മണ്ഡലപര്യടനത്തിലേക്കും പ്രചരണത്തിലേക്കും കടക്കുകയുള്ളു. നിലവില്‍ വോട്ടര്‍മാരെ നേരില്‍ കാണുന്നുണ്ടെങ്കിലും കൊട്ടിഘോഷിച്ചുള്ള പര്യടനമില്ല. മറ്റന്നാള്‍ കെസി വേണുഗോപാല്‍, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ മണ്ഡലത്തിലെത്തും.