
പാകിസ്താനിലെ മൂന്ന് ഭീകര ക്യാമ്പുകളിലാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. കാട്ടിനുള്ളിലാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നെങ്കിലും ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളാണ് അവിടെയുള്ളത്. നിയന്ത്രണരേഖയില്‍നിന്ന് എണ്‍പതോളം കിലോമീറ്റര്‍ അകലെ പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയുടെ ഭാഗമായിരുന്നു ഈ ക്യാംപ്. അല്‍ ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ ഒളിച്ചിരുന്ന അബട്ടാബാദിന് അടുത്തുതന്നെ. ബാലാകോട്ട് നഗരത്തില്‍നിന്ന് 20 കിലോമീറ്ററായിരുന്നു അകലം. ജയ്‌ഷെ മുഹമ്മദിനൊപ്പം ഹിസ്ബുല്‍ മുജാഹിദ്ദീനും മറ്റു സംഘടനകളും ഭീകരരെ പരിശീലിപ്പിക്കാന്‍ ക്യാംപ് ഉപയോഗിച്ചിരുന്നു. ജയ്ഷ് തലവന്‍ മസൂദ് അസ്ഹറടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പഠിപ്പിക്കുകയും ഭീകരരെ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.
കുനാര്‍ നദീതീരത്തുള്ള ക്യാംപില്‍ സ്വിമ്മിങ് പൂള്‍ അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നീന്തല്‍ പരിശീലനം നടത്തുന്നതിനാണിതെന്ന് ആഭ്യന്തരമന്ത്രാലയം പറഞ്ഞു. പാകിസ്താന്‍ സൈന്യത്തിലെ മുന്‍ ഉദ്യോഗസ്ഥരാണ് ഇവിടെ പരിശീലിപ്പിക്കാന്‍ എത്തുന്നതെന്നാണ് വിവരം. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിക്കാന്‍, തന്ത്രങ്ങള്‍, സുരക്ഷാ വ്യൂഹം ആക്രമിക്കാന്‍, ബോംബ് നിര്‍മാണവും വിന്യാസവും, ചാവേര്‍ ആക്രമണത്തിനുള്ള തയാറെടുപ്പുകള്‍, ചാവേര്‍ ആക്രമണത്തിന് വാഹനങ്ങള്‍ തയാറാക്കുക, ഉയര്‍ന്ന മലനിരകളിലും അതീവ സമ്മര്‍ദ്ദത്തിലാകുന്ന അവസരങ്ങളിലും മറ്റും പെരുമാറേണ്ടതെങ്ങനെയെന്ന പരിശീലനവും ഇവിടെ നല്‍കിയിരുന്നു.
ചാവേര്‍ ആക്രമണങ്ങളിലാണ് ജയ്‌ഷെ കൂടുതല്‍ ശ്രദ്ധചെലുത്തുന്നത്. മതപരമായ ഉപദേശം പ്രത്യയശാസ്ത്രപരമായ മസ്തിഷ്‌കപ്രക്ഷാളനം എന്നിവയ്ക്കും അവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ജയ്‌ഷെ മുഹമ്മദ് ഭീകരരെയും അക്രമികളെയും പരീശീലകരെയും ബാലാകോട്ടിലെ ഈ ക്യാംപിലേക്ക് മാറ്റിയതായി ഇന്ത്യയ്ക്ക് രഹസ്യാന്വേഷണ വിഭാഗം അറിയിപ്പു നല്‍കിയിരുന്നു. 500 മുതല്‍ 700 പേരെ വരെ ഇവിടെ താമസിപ്പിക്കാന്‍ സാധിക്കും. പാചകക്കാരും ശുചീകരണത്തൊഴിലാളികളും ഇവര്‍ക്ക് സഹായവുമായി ഇവിടെയുണ്ട്. പാക്ക് അധിനിവേശ കശ്മീരില്‍ ആക്രമണത്തിനുള്ള സാധ്യത അവര്‍ പരിഗണിച്ചെങ്കിലും ഇത്രയും ഉള്ളിലേക്ക് കടന്നുചെന്നുള്ള ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. മുന്നൂറോളം ഭീകരരെ ഒറ്റയടിക്ക് വധിക്കാന്‍ അതിനാല്‍ ഇന്ത്യയ്ക്കു സാധിച്ചു.