അധികൃതരും പരിശീലകരും റിയോ ബീച്ചില്‍ കറങ്ങി നടന്നു; ഒരിറ്റ് വെള്ളം പോലും കിട്ടാതെ തളര്‍ന്ന് വീണു മരണത്തോട് മല്ലിട്ട ജെയ്ഷ; വെള്ളം കിട്ടാതെ ബോധംകെട്ട് വീണത് മൂന്നുമണിക്കൂര്‍

OP-Jaisha

ദില്ലി: ഒളിമ്പിക്‌സില്‍ ഒപി ജെയ്ഷയോട് അധികൃതരും പരിശീലകരും കാണിച്ച അനാസ്ഥ പുറത്തുവരുന്നു. നിലവാരമില്ലാത്ത പരിശീലനം ലഭിച്ച ഒപി ജെയ്ഷയോട് ട്രാക്കില്‍ നിന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്താണ് കാണിച്ചത്. ഒരിറ്റ് വെള്ളം പോലും കിട്ടാതെ തളര്‍ന്ന് വീണു മരണത്തോട് മല്ലിടുകയായിരുന്നു ജെയ്ഷ. വള്ളം കിട്ടാതെ ബോധംകെട്ട് വീണത് മൂന്നുമണിക്കൂറോളമാണ്.

അത്ലറ്റുകളെക്കാള്‍ കൂടുതല്‍ തിക്കി നിറച്ച് കൊണ്ട് വരുന്ന ഒഫീഷൈല്‍ സംഘാംഗങ്ങള്‍ റിയോ ബീച്ചില്‍ കറങ്ങി നടന്ന് സുന്ദരികളെ കണ്ടപ്പോള്‍ ഒരിറ്റ് വെള്ളം പോലും കിട്ടാതെ തളര്‍ന്ന് വീണു മരണത്തോട് മല്ലിടുകയായിരുന്നു ജെയ്ഷ. 42 കിലോമിറ്റര്‍ മാരത്തോണ്‍ രണ്ട് മണിക്കൂറും 47 മിനിറ്റുമെടുത്താണ് ജെയ്ഷ മല്‍സരം പൂര്‍ത്തിയാക്കിയത്. ബെയ്ജിങ്ങില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പില്‍ രണ്ടു മണിക്കൂറും 34 മിനിറ്റുമെടുത്ത് മാരത്തണ്‍ ഓടിയ താരമാണ് ജെയ്ഷ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിയോയില്‍ വനിതകളുടെ മാരത്തണില്‍ പങ്കെടുത്ത മലയാളി താരം ഒ.പി.ജയ്ഷയ്ക്ക് മല്‍സരത്തിനിടെ കുടിക്കാന്‍ വെള്ളം പോലും നല്‍കാന്‍ ടീം അധികൃതര്‍ ആരും ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍ കായിക ലോകത്തെ തന്നെ ഞെട്ടിച്ചു. എന്നാല്‍ കുടിവെള്ളം വേണമെന്ന് താരം ആവശ്യപ്പെട്ടില്ലെന്ന വിചിത്രമായ ന്യായവുമായി അത്ലറ്റിക് ഫെഡറേഷനും എത്തി. ഓട്ടത്തിനിടെ വെള്ളം വേണമെന്ന് ജയ്ഷയോ കോച്ചോ ആവശ്യപ്പെട്ടില്ല. പിന്നെ എന്തിന് അതുകൊടുക്കണമെന്ന ചോദ്യമാണ് അത്ലറ്റിക് ഫെഡറേഷന്റേത്. ഇത് പുതിയ ചര്‍ച്ചകള്‍ക്കും വഴിവച്ചു. 42 കിലോമീറ്റര്‍ മാരത്തോണില്‍ പങ്കെടുക്കുന്ന ഒരാള്‍ക്ക് വെള്ളം വേണമെന്നത് ആര്‍ക്കും അറിവായുന്ന കാര്യമാണ്. അത് ഒരു അത്ലറ്റും വേണ്ടെന്ന് പറുകയുമില്ല. 42 കിലോമീറ്റര്‍ ഓടിത്തീര്‍ക്കേണ്ട മാരത്തണില്‍ പങ്കെടുത്ത പെണ്‍കുട്ടിക്കാണ് ഈ ദുര്യോഗം. മല്‍സരം പൂര്‍ത്തിയാക്കിയ ഉടനെ ജയ്ഷ തളര്‍ന്നുവീണിരുന്നു. മൂന്ന് മണിക്കൂറിന് ശേഷമാണ് ജയ്ഷയ്ക്ക് ബോധം തെളിഞ്ഞത്.

മാരത്തണില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കായി ഓരോ രാജ്യക്കാരും കുടുവെള്ളവും ഗ്ലൂക്കോസും എനര്‍ജി ജെല്ലുകളും തയ്യാറാക്കി വയ്ക്കാറുണ്ട്. ഓരോ രണ്ടര കിലോമീറ്റര്‍ പിന്നിടുമ്പോഴും ഇത്തരം ഡെസ്‌കുകള്‍ ഉണ്ടാകും. എന്നാല്‍, മാരത്തണ്‍ ഓടുന്ന വഴിയരികില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യന്‍ െഡസ്‌കുകളില്‍ ദേശീയ പതാകയല്ലാതെ ഒരുതുള്ളി വെള്ളം പോലുമില്ലായിരുന്നു. മറ്റു രാജ്യങ്ങളുടെ കൗണ്ടറുകളില്‍നിന്ന് കുടിവെള്ളവും മറ്റും എടുത്താല്‍ അയോഗ്യയാക്കപ്പെടും. ഒടുവില്‍ ഒരുപരിധിവരെയെങ്കിലും തുണയായത് രാജ്യാന്തര ഒളിംപിക് കമ്മിറ്റി തയാറാക്കിയ കൗണ്ടറുകളാണ്. അതുപക്ഷേ, എട്ടു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 500 മീറ്റര്‍ പിന്നിടുമ്പോള്‍ത്തന്നെ ക്ഷീണിക്കുമെന്നതിനാല്‍ ഈ സഹായവും പേരിനുമാത്രം. 30 കിലോമീറ്റര്‍ പിന്നിട്ടതോടെ ഒട്ടും ഓടാനാവാത്ത അവസ്ഥയിലായിരുന്നു താനെന്നും ജയ്ഷ ദേശീയ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ഇതോടെയാണ് വിവാദം പുറത്ത് അറിഞ്ഞത്.

ജെയ്ഷ ട്രാക്കില്‍ തളര്‍ന്ന് വീണത് കണ്ട കോച്ച് നിക്കോളാസ് ഭയന്നു വിറച്ചു. ജെയ്ഷ മരിച്ചെന്നായിരുന്നു അദ്ദേഹം കരുതിയത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇവിടെ ഡോക്ടറുമായി നിക്കോളാസ് ഇടഞ്ഞു. ജെയ്ഷയുടെ ആരോഗ്യ നിലയിലെ ആശങ്കയായിരുന്നു കാരണം. വാക്ക് തര്‍ക്കം സംഘര്‍ഷത്തിലേക്ക് എത്തി. ഒടുവില്‍ ഡോക്ടറുടെ പരാതിയില്‍ കോച്ചിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അര ദിവസം മുഴുവന്‍ കസ്റ്റഡിയിലും വിച്ചു. അതിന് ശേഷമാണ് വിട്ടയച്ചതെന്ന് ഒളിമ്പിക്സ് അസോസിയേഷനും പറയുന്നു.

ആവശ്യത്തിന് കുടിവെള്ളവും ഗ്ലൂക്കോസും ലഭിക്കാതെ 42 കിലോമീറ്റര്‍ ദൂരം ഓടിത്തീര്‍ത്താണ് ജയ്ഷ ഒടുവില്‍ ഫിനിഷിങ് ലൈനില്‍ തളര്‍ന്നുവീണത്. ഈ സമയത്ത് ടീം ഡോക്ടര്‍ പോലും സ്ഥലത്തില്ലായിരുന്നു. ഒടുവില്‍ ജയ്ഷയ്ക്ക് തുണയ്ക്കെത്തിയത് പുരുഷവിഭാഗം മാരത്തണില്‍ പങ്കെടുക്കാനെത്തിയ ടി.ഗോപിയും പരിശീലകന്‍ രാധാകൃഷ്ണന്‍ നായരും മാത്രമാണ്. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ മെഡിക്കല്‍ സംഘമാണ് ജയ്ഷയെ ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെവച്ച് ഏഴോളം ഗ്ലൂക്കോസ് ബോട്ടിലുകളാണ് ജയ്ഷയ്ക്ക് ഡ്രിപ്പായി നല്‍കിയത്. തുടര്‍ന്നായിരുന്നു കോച്ച് നിക്കോളാസ് ഡോക്ടറുമായി ഉടക്കിയതും പൊലീസ് കസ്റ്റഡിയിലായതും.

കൃത്യസമയത്ത് വൈദ്യപരിചരണം ലഭിച്ചതുകൊണ്ട് അപകടമൊന്നും സംഭവിച്ചില്ലെന്നും ഇപ്പോള്‍ ജെയ്ഷ പൂര്‍ണ ആരോഗ്യവതിയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനിടെയാണ് നാടകീയമായി സംഭവങ്ങള്‍ അരങ്ങേറിയത്. ജെയ്ഷയെ കാണുന്നതിനായി പരിശോധനാമുറിയിലേക്ക് കയറാന്‍ശ്രമിച്ച പരിശീലകന്‍ നിക്കോളായി സ്നെസ്റേവിനെ ലേഡി ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് റിയോ പൊലീസ് ആറു മണിക്കൂറുകളോളം കസ്റ്റഡിയില്‍വച്ചു. ഡോക്ടര്‍മാരുമായി കലഹിച്ചതോടെയാണ് നിക്കോളായി അപമര്യാദയായി പെരുമാറിയെന്ന് ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കിയത്. റിയോയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് പിന്നീട് കോച്ചിനെ മോചിപ്പിച്ചത്.

റിയോയില്‍ ജെയ്ഷയുടെ ഒപ്പമുണ്ടായിരുന്ന സുധാ സിങിനെ അണുബാധ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജെയ്ഷുടെ ആരോപണങ്ങള്‍ അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എ.എഫ്.ഐ.) സെക്രട്ടറി സി.കെ. വാസന്‍ നിഷേധിച്ചു. മാരത്തണ്‍ താരങ്ങള്‍ കുടിവെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കേണ്ടത് സംഘാടക സമിതിയാണെന്നും വാസന്‍ പറഞ്ഞു. കായികതാരങ്ങളുടെ സുഖ സൗകര്യങ്ങള്‍ നോക്കേണ്ടത് എ.എഫ്.ഐ. ആണെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ പ്രതികരിച്ചു. എന്നാല്‍, ഇതൊന്നുമല്ല രസകരമായ വസ്തുത. ടീം ഇന്ത്യയെ സഹായിക്കാനെന്ന പേരില്‍ റിയോയില്‍ എത്തപ്പെട്ട സംഘം ഈ സമയങ്ങളില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്ത് ലൈക്കും ഷെറും കമന്റുകളും വാരിക്കൂട്ടി നടക്കുകയായിരുന്നു.

മാരത്തണില്‍ 89ാമതായിരുന്നു ജയ്ഷയുടെ ഫിനിഷ്. ഒപ്പം മല്‍സരിച്ച കവിത റൗത്ത് 120-ാം സ്ഥാനത്തും. 42 കിലോമീറ്ററാണു മാരത്തണിന്റെ ദൈര്‍ഘ്യം. മല്‍സരം നടക്കുമ്പോള്‍ റിയോയില്‍ 35 ഡിഗ്രി ചൂടായിരുന്നുവെന്നു ജയ്ഷ പറഞ്ഞു. ‘റോഡിലൂടെ മല്‍സരം പുരോഗമിക്കുന്തോറും ചൂട് കൂടിവന്നു. ഓരോ എട്ടു കിലോമീറ്റര്‍ കൂടുമ്പോഴാണു സംഘാടകര്‍ വെള്ളം ക്രമീകരിച്ചിരുന്നത്. പക്ഷേ, അത്രയും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഓരോ രണ്ടര കിലോമീറ്ററിലും അതതു രാജ്യങ്ങള്‍ക്കു വെള്ളവും പഴങ്ങളും വയ്ക്കാം. പക്ഷേ, ആ പോയിന്റുകളില്‍ ഇന്ത്യയുടെ പേരെഴുതിയ ബോര്‍ഡല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. മറ്റു രാജ്യക്കാര്‍ക്കായി വച്ചിരിക്കുന്ന വെള്ളമോ പഴങ്ങളോ എടുക്കാന്‍ വൊളന്റിയര്‍മാര്‍ സമ്മതിക്കില്ല. കുഴഞ്ഞു തളര്‍ന്ന് ഒരുവിധത്തിലാണു ഫിനിഷിലേക്കെത്തിയത്. ശരീരത്തിലെ ജലാംശം മുഴുവന്‍ നഷ്ടപ്പെട്ടിരുന്നു.

ഫിനിഷ് ചെയ്തതും ഞാന്‍ തളര്‍ന്നുവീണു. പിന്നീടുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ പറഞ്ഞാണ് അറിയുന്നത്. വൊളന്റിയര്‍മാര്‍ എന്നെ ഒരു ക്ലിനിക്കിലേക്കു മാറ്റി. അവിടെ തണുത്ത വെള്ളത്തിലാണു ഡോക്ടര്‍ എന്നെ കിടത്തിയത്. ഒരു കയ്യിലൂടെ ഗ്ലൂക്കോസും മറ്റേ കയ്യിലൂടെ സോഡിയവും കടത്തിവിട്ടു. ഡോക്ടര്‍ ഇടയ്ക്കിടെ എന്റെ മുഖത്തു തട്ടുന്നുണ്ടായിരുന്നു. കണ്ണു തുറന്നുവെന്നല്ലാതെ എന്താണു സംഭവിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അതിനിടയിലായിരിക്കണം എന്റെ പരിശീലകന്‍ നിക്കൊളായ് സ്നസരേവ് അവിടെയെത്തിയത്. അദ്ദേഹം എന്റെ കയ്യില്‍ പിടിച്ചു നോക്കിയപ്പോള്‍ പള്‍സില്ലായിരുന്നു. ഉടന്‍ അദ്ദേഹം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാധാകൃഷ്ണന്‍ നായരെ വിളിച്ചു പറഞ്ഞതു ജയ്ഷ മരിച്ചു, നിങ്ങള്‍ വേഗം ഇവിടേക്ക് എത്തണമെന്നാണ്. ഡോക്ടര്‍മാരോടു വിവരങ്ങള്‍ തിരക്കുന്നതിനിടെ നിയന്ത്രണം വിട്ട കോച്ചിനെ അധികൃതര്‍ പുറത്താക്കി. രാധാകൃഷ്ണന്‍ സാറും മറ്റുള്ളവരുമെത്തിയശേഷം എന്നെ ഗെയിംസ് വില്ലേജിലെ ക്ലിനിക്കിലേക്കു മാറ്റി. വൈകുന്നേരം മുതല്‍ രാത്രി പത്തുവരെ എനിക്ക് അവിടെ കഴിയേണ്ടിവന്നു.

ഇതുപോലൊരു സംഭവം ജീവിതത്തില്‍ ആദ്യമാണെന്നു താരം പറഞ്ഞു. മാരത്തണ്‍ ഓടാന്‍ പറ്റില്ലെന്നറിയിച്ച് അത്ലറ്റിക് ഫെഡറേഷനും സായിക്കും താന്‍ കത്തെഴുതിയിരുന്നു. പക്ഷേ, കോച്ച് സമ്മതിച്ചില്ല. 1500ല്‍ മല്‍സരിച്ചു യോഗ്യത നേടാനുള്ള തന്റെ ശ്രമത്തെ നിക്കൊളായ് നിരുല്‍സാഹപ്പെടുത്തി. ഇനി ഒരിക്കലും മാരത്തണില്‍ മല്‍സരിക്കുന്നില്ലെന്നും 1500ല്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയശേഷം വിരമിക്കുകയാണു ലക്ഷ്യമെന്നും താരം പറഞ്ഞു.

Top