പറഞ്ഞതെല്ലാം സത്യം; ഞാന്‍ എന്തിന് നുണ പറയണമെന്ന് ഒപി ജെയ്ഷ

OP-Jaisha

ബെംഗളൂരു: അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്‌ക്കെതിരെ പറഞ്ഞതെല്ലാം സത്യമെന്ന് ഒപി ജെയ്ഷ. താന്‍ എന്തിന് കള്ളം പറയണം. താന്‍ അനുഭവിച്ച കാര്യങ്ങളാണ് പറഞ്ഞത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വാദത്തിനെതിരെയാണ് ജെയ്ഷ പ്രതികരിച്ചത്.

റിയോയില്‍ മാരത്തണ്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം മാനേജര്‍ വെള്ളം നല്‍കിയിരുന്നു എങ്കിലും ജെയ്ഷ നിരസിക്കുകയായിരുന്നു എന്ന എഎഫ്ഐ യുടെ വിശദീകരണം ജെയ്ഷ നിഷേധിച്ചു. ഇത് സംബന്ധിച്ച് താന്‍ എന്തിന് നുണ പറയണമെന്ന് ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ജെയ്ഷ ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്തിനാണ് താന്‍ കള്ളം പറയേണ്ടത്, പറഞ്ഞതെല്ലാം സത്യമാണെന്ന് ജെയ്ഷ ആവര്‍ത്തിച്ചു. റിയോയില്‍ മത്സരത്തിനിടെ തനിക്ക് വെള്ളം ലഭിച്ചിരുന്നില്ല. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയെയോ അധികാരികളെയോ വിമര്‍ശിക്കുകയല്ല. 21 കിലോ മീറ്റര്‍ പിന്നിട്ടപ്പോഴേക്കും ഞാന്‍ തളര്‍ന്നിരുന്നു. ഒരടി മുന്നോട്ട് നീങ്ങാന്‍ സാധിക്കുമായിരുന്നില്ലെന്ന് ജെയ്ഷ പറയുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ജെയ്ഷ ആവശ്യപ്പെട്ടു.

റിയോയിലെ മാരത്തണ്‍ മത്സരത്തില്‍ ഒളിമ്പിക്സ് സംഘാടകര്‍ ഏര്‍പ്പെടുത്തിയ വെള്ളം കൊണ്ട് മാത്രമാണ് ഒ പി ജെയ്ഷ മത്സരാവസാനം വരെ പങ്കെടുത്തത്. മറ്റ് താരങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണവും ഊര്‍ജ്ജദായക പാനീയങ്ങളും ലഭിച്ചപ്പോള്‍ തനിക്ക് ഇന്ത്യന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ജെയ്ഷ പറഞ്ഞിരുന്നു. മത്സരത്തിന്റെ അവസാനം ജെയ്ഷ നിര്‍ജലീകരണം കാരണം കുഴഞ്ഞു വീഴുകയായിരുന്നു.

മൂന്ന് മണിക്കൂറിന് ശേഷം മാത്രമാണ് തന്നെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചത് എന്നും ജെയ്ഷ ആരോപിച്ചിരുന്നു. എന്നാല്‍, ജെയ്ഷയോടൊപ്പം ഇന്ത്യന്‍ ടീം മാനേജരും ഇന്ത്യന്‍ അത്ലറ്റിക്സ് ടീമിന്റെ ഡെപ്യൂട്ടി കോച്ചും ആശുപത്രിയിലേക്ക് അനുഗമിച്ചിരുന്നതായി എഎഫ്ഐ വിശദീകരണം നല്‍കിയിരുന്നു.

കോച്ചിന്റെ നിര്‍ബന്ധത്താലാണ് താന്‍ റിയോ മാരത്തണില്‍ പങ്കെടുത്തത് എന്നും തനിക്ക് 1500 മീറ്റര്‍ വേഗ മത്സരത്തിലായിരുന്നു താല്‍പര്യം എന്നുമുള്ള ജെയ്ഷയുടെ പ്രസ്താവനയ്ക്കെതിരെയും എഎഫ്ഐ രംഗത്തെത്തിയിരുന്നു. ജെയ്ഷ മാരത്തണ്‍ മത്സരങ്ങള്‍ക്ക് മാത്രമാണ് ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നത് എന്നും അതിനാല്‍ 1500 മീറ്റര്‍ വേഗ മത്സരങ്ങള്‍ക്ക് യോഗ്യത ലഭിക്കില്ലെന്നും എഎഫ്ഐ വ്യക്തമാക്കിയിരുന്നു.

Top