ഇടതുമുന്നണിയിൽ പൊട്ടിത്തെറി !വി​ജി​ല​ൻ​സ് ന​ട​പ​ടി​യ്ക്കെതിരേ സി​പി​ഐ മുഖപത്രം

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ന്‍​സ് റെ​യ്ഡി​നെ കടുത്ത ഭാഷയിൽ വി​മ​ര്‍​ശി​ച്ച് സി​പി​ഐ മു​ഖ​പ​ത്രം ജ​ന​യു​ഗം . ധ​ന​വ​കു​പ്പി​നെ ഇ​രു​ട്ടി​ൽ നി​ർ​ത്തി ന​ട​ത്തി​യ റെ​യ്ഡി​ന് പി​ന്നി​ലെ ചേ​തോ​വി​കാ​രം എ​ന്തെ​ന്ന​റി​യാ​ൻ ജ​ന​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ട്.റെ​യ്ഡി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ടോ​യെ​ന്ന സം​ശ​യം പ്ര​സ​ക്ത​മാ​ണെ​ന്നും മു​ഖ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​വാ​ദ വ്യ​വ​സാ​യ​ത്തി​ന് ഇ​ന്ധ​നം പ​ക​ർ​ന്ന റെ​യ്ഡെ​ന്നാ​ണ് വി​ജി​ല​ൻ​സ് ന​ട​പ​ടി​യെ സി​പി​ഐ വി​മ​ർ​ശി​ക്കു​ന്ന​ത്.കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ശ്വാ​സം​മു​ട്ടി​ച്ച് ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്ക​ലാ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍​ക്ക് പി​ന്നി​ലെ​ങ്കി​ല്‍ അ​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും ജ​ന​യു​ഗ​ത്തി​ലെ ലേ​ഖ​ന​ത്തി​ല്‍ പ​റ​യു​ന്നു.
എഡിറ്റോറിയൽ പൂർണ്ണമായി :

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ കേരള രാഷ്ട്രീയത്തില്‍ കൊടുമ്പിരികൊള്ളുന്ന വിവാദ വ്യവസായത്തിന് ഇന്ധനം പകര്‍ന്നുനല്കുന്ന സംഭവമായി കെഎസ്എഫ്ഇയില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ സംഘടിത റെയ്ഡ്. റെയ്ഡിലെ അനൗചിത്യം ധനമന്ത്രി ഡോ. തോമസ് ഐസക് തന്നെ ചൂണ്ടിക്കാണിക്കുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കാന്‍ വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയ്ക്ക് അധികാരമുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ കഴിഞ്ഞ അരനൂറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്നതും ഇടപാടുകാരുടെ വിശ്വാസ്യത ആര്‍ജിച്ചിട്ടുള്ളതുമായ പൊതുമേഖലാ ധനകാര്യ സ്ഥാപനത്തില്‍ വിജിലന്‍സ് നടത്തിയ റെയ്ഡ് സര്‍ക്കാരിലും പൊതുജനങ്ങള്‍ക്കിടയിലും ഞെട്ടല്‍ ഉളവാക്കിയതില്‍ അത്ഭുതമില്ല. കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റിന് വിധേയമാകുന്ന പൊതുമേഖലാ സ്ഥാപനമാണ് കെഎസ്എഫ്ഇ എന്നതുകൊണ്ടുതന്നെ റെയ്ഡിനെ തുടര്‍ന്ന് പുറത്തുവന്ന വാര്‍ത്തകള്‍ നടപടിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നു. പുറത്തുവന്ന, ചോര്‍ത്തി നല്കിയതെന്ന് കരുതപ്പെടുന്ന, വാര്‍ത്തയുടെ നിജസ്ഥിതി എന്തെന്ന് അറിയാന്‍ ഇടപാടുകാര്‍ക്ക് അവകാശവും പൊതുജനങ്ങള്‍ക്ക് താല്പര്യവുമുണ്ട്. സംഭവത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച ആഭ്യന്തര ഓഡിറ്റ്, വാര്‍ത്തകള്‍ സൃഷ്ടിച്ച ദുരൂഹതയ്ക്ക് അറുതിവരുത്തുമെന്നും ഇടപാടുകാരുടെ ആശങ്കകള്‍ ദുരീകരിക്കുമെന്നും പ്രതീക്ഷിക്കാം.

സാമ്പത്തിക കുറ്റവാളികള്‍ക്ക് നേരെയെന്നതുപോലെ, സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്ന ധനവകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തി, നടത്തിയ റെയ്ഡിനു പിന്നിലെ ചേതോവികാരവും പ്രേരണയും എന്തെന്നറിയാന്‍ ധനവകുപ്പിനും സര്‍ക്കാരിനും എന്നതുപോലെ ജനങ്ങള്‍ക്കും അവകാശമുണ്ട്. സംസ്ഥാനത്ത് നടന്നുവരുന്ന മറ്റ് പല അന്വേഷണങ്ങളും പോലെ ഈ റെയ്ഡിനു പിന്നിലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടോ എന്ന സംശയവും പ്രസക്തമാണ്. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന ചിട്ടി കമ്പനികളില്‍ പലതിന്റെയും അധാര്‍മ്മിക ബിസിനസ് സംസ്കാരവും ഇടപാടുകാരെ കബളിപ്പിച്ച സംഭവങ്ങളും സമൂഹത്തിന് വലിയ സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ഇടയാക്കിയ തകര്‍ച്ചകളുമാണ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒരു ചിട്ടി കമ്പനി രൂപീകരിക്കാന്‍ പ്രേരകമായത്.

 

കേവലം രണ്ടു ലക്ഷം രൂപ മൂലധനവും 45 ജീവനക്കാരും പത്ത് ബ്രാ‍ഞ്ചുകളുമായി കുറികമ്പനികളുടെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന തൃശൂര്‍ ആസ്ഥാനമായി 1969 ലാണ് കെഎസ്എഫ്ഇ സ്ഥാപിതമായത്. ഇന്ന് അറുന്നൂറോളം ബ്രാഞ്ചുകളുമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സമ്മിശ്ര ബാങ്കിതര ധനകാര്യ കമ്പനിയായി അത് മാറിയിരിക്കുന്നു. കേരളത്തിലെ ചിട്ടി ബിസിനസിന്റെ ഏതാണ്ട് എണ്‍പതു ശതമാനം മൂലധനവും ഈ പൊതുമേഖലാ സ്ഥാപനത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇടപാടുകാര്‍ക്ക് സുരക്ഷിതമായ സമ്പാദ്യ സാധ്യതയും വായ്പാ സൗകര്യവും ഉറപ്പുനല്കുന്നതിനു പുറമെ സംസ്ഥാനത്തിന്റെ വികസന സംരംഭങ്ങള്‍ക്ക് പിന്തുണ നല്കാനും സ്ഥാപനത്തിന് കഴിയുന്നുണ്ട്. പ്രവാസികളുടെ കഠിനാധ്വാന ഫലം സുരക്ഷിത സമ്പാദ്യമാക്കി മാറ്റാനും അത് നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാനും ഉതകുന്ന പ്രവാസി ചിട്ടി, നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ലാപ്‌ടോപ് ലഭ്യമാക്കുന്ന പദ്ധതി എന്നിവ കെഎസ്എഫ്ഇയുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള ഉദാഹരണങ്ങളാണ്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പഠനം ഓണ്‍ലൈനായി പരിമിതപ്പെട്ട സാഹചര്യത്തില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്ന പദ്ധതിയായി ലാപ്‌ടോപ് ചിട്ടി മാറിയിരുന്നു.

ചിട്ടി കമ്പനികള്‍ സാമ്പത്തിക രംഗത്ത് സൃഷ്ടിച്ചിരുന്ന അനിശ്ചിതത്വത്തിന് അറുതിവരുത്തി ഈ രംഗത്തിന് സുസ്ഥിരതയും വിശ്വാസ്യതയും ഉറപ്പുവരുത്താന്‍ കെഎസ്എഫ്ഇക്ക് കഴിഞ്ഞിട്ടുണ്ട്. സ്വാഭാവികമായും സ്വകാര്യ ചിട്ടി ബിസിനസ് വൃത്തങ്ങളില്‍ അതുണ്ടാക്കുന്ന അസ്വാരസ്യം ഊഹിക്കാവുന്നതേയുള്ളു. കേരളത്തിന്റെ വികസന പ്രക്രിയയില്‍ പങ്കാളിയായ ഒരു ധനകാര്യ സ്ഥാപനത്തെ സര്‍ക്കാരിന്റെ തന്നെ മറ്റൊരു ഏജന്‍സി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയെന്നത് അസ്വാഭാവികവും അപലപനീയവുമാണ്. കെഎസ്എഫ്ഇയില്‍ ക്രമരഹിതവും നിയമവിരുദ്ധവുമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. ഇന്നലെ പ്രഖ്യാപിച്ച ആഭ്യന്തര ഓഡിറ്റ് ആ ദിശയിലുള്ള നടപടിയാകുമെന്ന് സമൂഹം പ്രതീക്ഷിക്കുന്നു. എന്നാല്‍ ഏതെങ്കിലും വീഴ്ചകളുടെയോ ക്രമക്കേടുകളുടേയോ പേരില്‍ പൊന്മുട്ടയിടുന്ന താറാവിനെ കശാപ്പ് ചെയ്യാന്‍ അനുവദിച്ചുകൂട. കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ അട്ടിമറിക്കലാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് പിന്നിലെങ്കില്‍ അത് അനുവദിക്കാനാകില്ല.

Top