
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് ബിജെപി മുഖപത്രമായ ജന്മഭൂമി. വനിത മതിലില്‍ മുഖ്യമന്ത്രിയ്ക്കെതിരെ അവകാശ ലംഘന നോട്ടീസ് എന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട കാര്‍ട്ടൂണിലാണ് മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപമുള്ളത്. ‘തെങ്ങു കേറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം’ എന്നായിരുന്നു കാര്‍ട്ടൂണിലെ വാചകം.
കാര്‍ട്ടൂണിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയരുകയാണ്. സാക്ഷര കേരളത്തില്‍ ജാതീയത ഇല്ലെന്നുമൊക്കെ പറയുന്നവര്‍ ഇതൊക്കെ കാണണമെന്ന് വാദങ്ങള്‍ ഉയരുകയാണ്.
ദൃക്സാക്ഷി എന്ന പേരില്‍ ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന പോക്കറ്റ് കാര്‍ട്ടൂണില്‍ ആണ് പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുന്നത്. തെങ്ങു കയറേണ്ടവനെ മുഖ്യമന്ത്രിയാക്കിയത് വലിയ തെറ്റായിപ്പോയി എന്നതാണ് കാര്‍ട്ടൂണ്‍ നല്‍കുന്ന സന്ദേശം. മുന്‍പും ജാതീയമായിത്തന്നെ പിണറായി വിജയനെ സംഘപരിവാര്‍ കൂട്ടങ്ങള്‍ അധിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ ഒരു മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖപത്രത്തില്‍ ഇങ്ങനെ ഒരു ജാതീയ അധിക്ഷേപം പ്രസിദ്ധീകരിക്കപ്പെട്ടത് അംഗീകരിക്കാന്‍ ആകുന്നതല്ലെന്നാണ് പൊതു അഭിപ്രായം.