കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്‌നയെക്കുറിച്ച് പുതിയ നിഗമനങ്ങളുമായി പോലീസ്. ജസ്‌ന ജീവനോടെയുണ്ടെന്ന് ഉറപ്പ് പറയുന്ന അന്വേഷണ സംഘം ജസ്‌ന രൂപമാറ്റം വരുത്തിയിരിക്കാമെന്നും സംശയിക്കുന്നു. നാല് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തുന്നത്.
ജസ്ന സ്വയം എവിടെയെങ്കിലും മറഞ്ഞിരിക്കുകയാണോ എന്ന സംശയവും പൊലീസിനുണ്ട്. ആരെങ്കിലും ഒളിപ്പിച്ചിരിക്കുകയാണോ എന്നുള്ള സംശയത്തിലേക്കും പൊലീസ് എത്തിയിട്ടുണ്ട്. പ്രധാന നഗരങ്ങളിലെല്ലാം ജസ്നയുടെ ചിത്രമടക്കം നല്‍കി നോട്ടീസുകള്‍ പതിച്ചിട്ടും ഈ പെണ്‍കുട്ടിയെ ആരും കണ്ടെത്തുന്നില്ല എന്നത് ദുരൂഹമാണ്. അതിന് കാരണമായി പോലീസ് കരുതുന്നത് ജസ്ന തിരിച്ചറിയപ്പെടാതിരിക്കാന്‍ രൂപമാറ്റം നടത്തിയിട്ടുണ്ടാവും എന്നാണ്.
കണ്ണട വെച്ച, പല്ലില്‍ ക്ലിപ്പിട്ട ജസ്നയുടെ ചിത്രങ്ങളാണ് എല്ലായിടത്തും. അതുകൊണ്ട് തന്നെ ഈ പ്രത്യേകതകളുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ പോലീസ് സ്റ്റേഷനിലേക്ക് തുരുതുരെ കോളുകള്‍ എത്തുകയാണ്. അതിനാല്‍ തന്റെ രൂപത്തില്‍ ജസ്ന മാറ്റം വരുത്തിയിരിക്കാം. ജസ്നയുടെ മുഖം പൊതുസമൂഹത്തിന് വാര്‍ത്തകളില്‍ നിന്നും മറ്റും അത്രയേറെ പരിചിതമായിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പുറത്ത് ഇറങ്ങാതെ അജ്ഞാത കേന്ദ്രത്തിലായിരിക്കാനും സാധ്യത ഉണ്ട്. ഇത് സ്വന്തം ഇഷ്ടപ്രകാരമാണോ അതോ മറ്റാരെങ്കിലും സഹായത്തിനുണ്ടാവുമോ എന്ന ചോദ്യത്തിനും അന്വേഷണ സംഘത്തിന് ഉത്തരം ലഭിക്കേണ്ടതായുണ്ട്.
ജസ്നയ്ക്ക് വേണ്ടിയുള്ള അന്വേഷണം അവസാന ഘട്ടത്തിലാണ്. എന്നാല്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന തിരുവല്ല സിവൈഎസ്പി ആര്‍ ചന്ദ്രശേഖരപിള്ള വിരമിക്കുന്നത് അന്വേഷണത്തിന് തിരിച്ചടിയാവും. ജസ്നയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പ്രധാനമായും മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്. കുടകില്‍ നിന്നുള്ള ചില ഫോണ്‍വിളികളുടെ അടിസ്ഥാനത്തില്‍ മടിക്കേരി, മംഗളൂരു, കൊല്ലൂര്‍, കുന്താപുരം, കുടക് എന്നിവിടങ്ങളില്‍ വ്യാപക പരിശോധന പോലീസ് നടത്തിയിരുന്നു. വീടുകള്‍ കയറി ഇറങ്ങിയായിരുന്നു പരിശോധന. ജസ്നയുടെ ബന്ധുക്കള്‍ ഈ പ്രദേശങ്ങളില്‍ ഉള്ളതായി സൂചനകളുണ്ട്.
പിന്നാലെ ബെംഗളൂരു മെട്രോയില്‍ ജസ്നയെ പോലൊരു പെണ്‍കുട്ടിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അവിടെയും പരിശോധിച്ചിരുന്നു. ചുരിദാറിട്ട, കണ്ണട വെച്ച ഒരു പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് മെട്രോയിലെ സിസിടിവിയില്‍ പതിഞ്ഞത്. മെട്രോയ്ക്ക് ഉള്ളിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.