അമ്മയ്ക്ക് തമിഴകം വിടനല്‍കി….അന്ത്യ വിശ്രമം അണ്ണനരികെ….

ചെന്നൈ: തമിഴകത്തിന്റെ അമ്മയ്ക്ക് പതിനായിരങ്ങളുടെ ബാഷ്പാജ്ഞലി. ഇനി ജനമനസുകളിലെ മരിക്കാത്തെ സ്മരകളുമായി തലൈവി തമിഴ്മക്കള്‍ക്കിടയില്‍ വാഴും.

29 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഡിസംബര്‍ സന്ധ്യയില്‍ എംജിആറിന് അന്ത്യവിശ്രമം നല്‍കിയ മറീനാ ബീച്ചില്‍ സമാനമായ രീതിയില്‍ തന്നെ അദ്ദേഹത്തിന്റെ പ്രിയനായികയ്ക്കും ആരാധകര്‍ അന്ത്യയാത്ര നല്‍കി. എംജിആറിന്റെ കാര്യത്തില്‍ സംഭവിച്ചതുപോലെ ആരാണ് തന്റെ അനന്തരാവകാശിയെന്ന് വ്യക്തമാക്കാതെയാണ് ജയയും യാത്രയായത്. പുരട്ചി തലൈവരുടെ വിലാപയാത്രയില്‍ നിന്ന് 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയലളിതയെ ഇറക്കിവിട്ട അതേ അണ്ണാഡിഎംകെ പ്രവര്‍ത്തകര്‍തന്നെ ഇന്ന് ജയലളിതയുടെ വിലാപയാത്രയെ കണ്ണീരോടെ അനുഗമിച്ചുവെന്നത് തമിഴകത്തിന്റെ ചരിത്രനിയോഗമായി മാറി.jaya06120256

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രത്യേക പേടകത്തില്‍, ദേശീയപതാക പുതപ്പിച്ചു കിടത്തിയ ജയയുടെ ഭൗതികദേഹം സൈനികോദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് വിലാപയാത്രയ്ക്കായി വാഹനത്തില്‍ കയറ്റിയത്. 4.20ന് തുടങ്ങിയ വിലാപയാത്ര ഒന്നര കിലോമീറ്റര്‍ പിന്നിട്ട് മറീനാ ബീച്ചില്‍ എത്തുമ്പോഴേക്കും അഞ്ചര മണി കഴിഞ്ഞിരുന്നു. മൃതദേഹം ചില്ലുപേടകത്തില്‍ നിന്ന് പുറത്തെടുത്തുവച്ചതോടെ ജനസാഗരം വാവിട്ടുകരഞ്ഞു. കര, വ്യോമ, നാവിക സേനകള്‍ പ്രത്യേകമായി സല്യൂട്ട് ചെയ്ത് ബ്യൂഗിള്‍ മുഴക്കിയതോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് ഒരുമിനിറ്റ് മൗനാചരണം.jaya-Supporters

കണ്ണീരൊപ്പി, കറുത്ത വസ്ത്രമണിഞ്ഞ് തോഴി ശശികല അരികെ നിന്നു. മുഖ്യമന്ത്രി പന്നീര്‍ ശെല്‍വവും അതിനു പിന്നാലെ മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും മൃതദേഹത്തില്‍ പുഷ്പാര്‍ച്ച നടത്തി, അവസാനമായി ഒരുവട്ടംകൂടി അന്ത്യാഞ്ജലി അര്‍പ്പിച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഗുലാംനബി ആസാദ് തുടങ്ങിയവരും പുഷ്പങ്ങളര്‍പ്പിച്ച് അന്ത്യപ്രണാമം നല്‍കി. അവസാനമായി ഒരുവട്ടം കൂടി എല്ലാ സേനാമേധാവികളും സല്യൂട്ട് നല്‍കി പ്രണമിച്ച ശേഷം ജയയുടെ മൃതദേഹത്തെ പുതപ്പിച്ച ദേശീയ പതാക നീക്കം ചെയ്തു.

തുടര്‍ന്ന് തോഴി ശശികല അന്തിമകര്‍മ്മങ്ങള്‍ നടത്തിയതോടെ ആറുമണിയോടെ തമിഴകത്തിന്റെ അമ്മയുടെ മൃതദേഹം പൂവുകളും ചന്ദനത്തടികളും പനിനീരും ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ കുഴിയിലേക്ക് അടക്കം ചെയ്തു. അവസാനമായി തങ്ങളുടെ ജീവശ്വാസമായി കരുതുന്ന അമ്മയെ ഒരുനോക്കുകാണാന്‍ എത്തിച്ചേര്‍ന്ന ജനസാഗരവും അതിനുപിന്നില്‍ നീലസാഗരവും സാക്ഷിയായി നില്‍ക്കേ അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് നിത്യനിദ്ര.
രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാഷ്ട്രീയ പ്രമുഖരും മുഖ്യമന്ത്രിമാരുമുള്‍പ്പെടെ നൂറുകണക്കിന് വിഐപികളാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ ചെന്നൈയിലെ രാജാജി ഹാളില്‍ എത്തിയത്.jaya06120256

തമിഴകത്തിന്റെ പ്രിയങ്കരിയായ ജന നായികയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ വിഐപികളുടെ ബാഹുല്യം ചെന്നൈ വിമാനത്താവളത്തിനു പോലും താങ്ങാനായില്ല. തിരക്കുമൂലം കേരള ഗവര്‍ണര്‍ സദാശിവവും മുഖ്യമന്ത്രി പിണറായിയും ഉള്‍പ്പെടെയുള്ളവര്‍ എത്തിയ വിമാനമടക്കം പല വിമാനങ്ങളും തിരിച്ചുവിടേണ്ട സാഹചര്യംപോലും ഉണ്ടായി. ജയലളിതയെന്ന ജനസമ്മതിയേറെയുള്ള രാഷ്ട്രീയ നേതാവിന്റെ മരണം എത്രത്തോളം രാജ്യത്തിന് ആഘാതമായെന്നതിന്റെ സൂചനയായി ഇത്.

അമ്മയുടെ സ്ഥിതി മോശമായെന്ന വാര്‍ത്ത അറിഞ്ഞതുമുതല്‍ ഞായറാഴ്ച വൈകീട്ടോടെ അപ്പോളോ ആശുപത്രിക്കുമുന്നിലേക്കും പിന്നീട് മരണത്തിനുശേഷം ഇന്നു പുലര്‍ച്ചെ ഔദ്യോഗിക വസതിയായ പോയ്സ് ഗാര്‍ഡനിലേക്കും രാവിലെ പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലേക്കുമെല്ലാം ജനലക്ഷങ്ങള്‍ ഒഴുകിയെത്തി. അമ്മയുടെ തിരിച്ചുവരവിനായി കാത്തിരുന്ന സാധാരണക്കാരായ പതിനായിരങ്ങള്‍ക്ക് താങ്ങാനാവുന്നതായിരുന്നില്ല ജയലളിതയുടെ വിയോഗവാര്‍ത്ത.Jayalalithaa

അവസാനമായി ചെന്നൈയിലെത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തിമോപചാരം അര്‍പ്പിക്കും വരെ മാത്രമായിരുന്നു അന്ത്യദര്‍ശനം. വാവിട്ടുകരഞ്ഞും നെഞ്ചത്തിടിച്ച് നിലവിളിച്ചും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആബാലവയോധികം ജനങ്ങള്‍ അവരുടെ പ്രിയപ്പെട്ട അമ്മയുടെ വേര്‍പാടില്‍ വിലപിച്ചു. രാജാജി ഹാളിനുമുന്നില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരം കിട്ടാത്തവര്‍ പലപ്പോഴും പൊലീസ് തീര്‍ത്ത ബാരിക്കേഡുകളും നിയന്ത്രണങ്ങളും ലംഘിച്ച് അമ്മയെ ഒരുനോക്കുകാണാന്‍ അവസരം തേടി.
മൃതദേഹംവൈകുന്നേരം 4.20ഓടെ വിലാപയാത്രയായി മൃതദേഹം മറീനാബീച്ചിലേക്ക് കൊണ്ടുപോകാന്‍ എടുത്തപ്പോള്‍ ജനലക്ഷങ്ങള്‍ അതിനൊപ്പം നിലവിളിയുമായി കൂടി. മൃതദേഹം വഹിച്ച വാഹനം വളരെ പതുക്കെ മാത്രമേ നീങ്ങാനായുള്ളൂ.

ഒന്നര കിലോമീറ്റര്‍ ദൂരം പിന്നിടേണ്ട വിലാപയാത്ര മറീനാ ബീച്ചില്‍ എത്താന്‍ ഒരു മണിക്കൂറോളം സമയമെടുത്തു എന്നതുതന്നെ അമ്മയെ ഒരുനോക്കുകാണാന്‍ അവസാനമായി എത്തിയ ജനബാഹുല്യത്തിന് തെളിവായി. റോഡിനിരുവശത്തും ആദ്യം പൊലീസിനെ അനുസരിച്ച് നിലയുറപ്പിച്ചവര്‍ പിന്നീട് വാഹനത്തെ പൊതിയുന്ന കാഴ്ചയാണ് കണ്ടത്. ഇതിനകം തന്നെ മറീനാ ബീച്ച് പരിസരം ജനലക്ഷങ്ങളാല്‍ നിറഞ്ഞിരുന്നു. ഭരണത്തിന്റെ അവസാനകാലത്ത് ജയലളിതയുടെ സര്‍ക്കാര്‍ ചെയ്ത ജനോപകാരപ്രദമായ നടപടികള്‍ അവരെ ദൈവതുല്യയാക്കി മാറ്റിയിരുന്നു തമിഴകത്ത് എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു ഇന്ന് കണ്ടത്.

അയ്യങ്കാര്‍ കുടുംബത്തില്‍ പിറന്ന ജയലളിതയുടെ മൃതദേഹം അഗ്‌നിക്കു സമര്‍പ്പിക്കുമോ എന്ന ചോദ്യം അവരുടെ മരണശേഷം ഉയര്‍ന്നെങ്കിലും അതുണ്ടാവില്ലെന്നും ദ്രാവിഡ മുന്നേറ്റ പാര്‍ട്ടികളിലെ തന്റെ മുന്‍ഗാമികളേപ്പോലെ അവരെ അടക്കം ചെയ്യുകയാണ് വേണ്ടതെന്നുമുള്ള തീരുമാനമാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുത്തത് ജയലളിതയുടെ പ്രിയതോഴിയായി അറിയപ്പെടുന്ന ശശികലയാണെന്നതും ശ്രദ്ധേയമായി.Modi in Chennai

ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയവരെല്ലാം ശശികലയുമായി സംസാരിക്കുകയും ആശ്വാസവചനങ്ങള്‍ പറയുകയും ചെയ്തു. കൂപ്പുകൈകളുമായി അടുത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിരസ്സില്‍ കൈവച്ചാണ് അവരെ ആശ്വസിപ്പിച്ചത്. ഇന്നു രാവിലെ മൃതദേഹം രാജാജി ഹാളിനുമുന്നില്‍ അന്ത്യദര്‍ശനത്തിന് വച്ചപ്പോള്‍ മുതല്‍ കറുത്ത സാരിയുടുത്ത് ശശികല ജയലളിതയുടെ ഭൗതികദേഹത്തിന് അരികെതന്നെ ഉണ്ടായിരുന്നു. പുതിയ മുഖ്യമന്ത്രിയായ പന്നീര്‍ ശെല്‍വവും മറ്റു മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരും രണ്ടുവശത്തുമുള്ള പടവുകളില്‍ നിലയുറപ്പിച്ചിരുന്നു.

Jayalalithaa Demise
ശശികലയുടെ നിര്‍ദ്ദേശപ്രകാരമാണ് സംസ്‌കാരം ബ്രാഹ്മണ രീതി അനുസരിച്ച് ചിതയൊരുക്കി നടത്തുന്നതിന് പകരം അടക്കം ചെയ്താല്‍ മതിയെന്ന് തീരുമാനിച്ചതെന്നാണ് വിവരം. ജെസിബി ഉപയോഗിച്ച് പ്രത്യേകം കുഴിയെടുത്താണ് ജയയ്ക്ക് അന്ത്യവിശ്രമസ്ഥലം സജ്ജീകരിച്ചത്. ഇതോടെ മറീനാബീച്ചിലെ കാമരാജാര്‍ ശാലയില്‍ എംജി ആറിനെ അടക്കംചെയ്തതിന് സമാനമായ രീതിയില്‍ തമിഴകത്തിന്റെ അമ്മയ്ക്കും അന്ത്യവിശ്രമം ഒരുങ്ങുകായയിരുന്നു.

അമ്മ ഞങ്ങള്‍ക്ക് അയ്യങ്കാര്‍ ആയിരുന്നില്ലെന്നും അവര്‍ ജാതിക്കും മതത്തിനും അതീതമായ വ്യക്തിത്വമായിരുന്നുവെന്നുമാണ് സംസ്‌കാരത്തിനായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന ഗവ. സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചത്. മാത്രമല്ല, സമാനമായ രീതിയിലാണ് ദ്രാവിഡ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ക്കെല്ലാം സംസ്‌കാരം നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെരിയാറും അണ്ണാദുരൈയും എംജിആറും ഉള്‍പെടെ മുമ്പ് മരിച്ച ദ്രാവിഡ നേതാക്കന്മാരുടെയെല്ലാം മൃതദേഹം അടക്കം ചെയ്യുകയായിരുന്നു. അതിനാലാണ് ചന്ദനത്തടികളടുക്കി പനിനീര്‍തളിച്ച് തയ്യാറാക്കുന്ന കുഴിയില്‍ അടക്കംചെയ്ത് സംസ്‌കരിക്കാന്‍ തീരുമാനമെടുത്തത്.

Top