ചെന്നൈ: ജയലളിത വിടവാങ്ങുമ്പോള്‍ കോടികളുടെ സ്വത്തും പാര്‍ട്ടിയുടെ അവകാശവും കയ്യാളുന്നത് ആരായിരിക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലുയരുന്നത്. ജയലളിതയുടെ അനന്തരവകാശിയായി ശശികല എത്തുമെന്ന് അഭ്യൂഹമാണ് ഇപ്പോള്‍ തമിഴ്മക്കള്‍ക്കിടയിലുളളത്.
നീലഗിരി ജില്ലയില്‍ കോടനാട് എസ്റ്റേറ്റില്‍ ബംഗ്ളാവുകളോടുകൂടിയ 898 ഏക്കര്‍ തേയിലത്തോട്ടം. ഇതാണ് ജയയുടെ ഏറ്റവും മുന്തിയ സ്വത്ത്. ഏക്കറിന് ചരുങ്ങിയത് അഞ്ച് കോടി മതിപ്പുള്ളതിനാല്‍ ഇതിനു മാത്രം 4000 കോടി രൂപയാണ് മതിപ്പു വില. തിരുനല്‍വേലിയില്‍ 1,197 ഏക്കര്‍, വാലാജപേട്ടയില്‍ 200 ഏക്കര്‍, ഊത്തുക്കോട്ടയില്‍ 100 ഏക്കര്‍, ശിറുതാവൂരില്‍ 25 ഏക്കര്‍, കാഞ്ചിപുരത്ത് 200 ഏക്കര്‍, തൂത്തുക്കുടി തിരുവൈകുണ്ഠത്ത് 200 ഏക്കര്‍, സ്വകാര്യ ആഗ്രോ ഫാമിന്റെ പേരില്‍ 100 ഏക്കര്‍, ഹൈദരാബാദിലെ 14.50 ഏക്കര്‍ മുന്തിരി തോട്ടം.. തീര്‍ന്നില്ല, ജയലളിതയുടെയും ബിനാമികളുടെയും പേരില്‍ തമിഴ്നാട്ടിലും പുറം സംസ്ഥാനങ്ങളിലുമായി ഇതുപോലെ നിരവധി സ്വത്തുക്കളുണ്ട്.
അവസാനകാലത്ത് ജയലളിത സുധാകരനെയും ശശികലയെയും അധികം അടുപ്പിച്ചിരുന്നുമില്ല. പക്ഷേ ശശികലക്ക് മാത്രമാണ് ഇത്തരം രഹസ്യങ്ങള്‍ അറിയാവുന്നതുകൊണ്ട് പുതിയ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തെപോലും നിയന്ത്രിക്കുന്ന പുതിയ അധികാര കേന്ദ്രമായി ഇവര്‍ മാറുമെന്ന ഭീതിയും പാര്‍ട്ടിയിലുണ്ട്.എറ്റവും രസാവഹം പുതിയ തമിഴ്നാട് മുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വം ശശികലയുടെ നോമിനിയാണെന്നാണ്. പന്നീര്‍ ശെല്‍വത്തെ ജയക്ക് പരിചയപ്പെടുത്തിയതുപോലും ശശികലയാണ്. വിനീത വിധേയനായ പന്നീര്‍ ശെല്‍വത്തിന് ശശികലയുടെ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ കഴിയുമോയെന്നതും സംശയമാണ്.
ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള 24,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ‘വേദനിലയം’ വസതിക്കുമാത്രം 100 കോടിയിലധികം മതിപ്പുണ്ട്. 1967 ജൂലൈയില്‍ ജയലളിതയും അമ്മയും ചേര്‍ന്ന് 1.32 ലക്ഷം രൂപക്കാണ് പോയസ്ഗാര്‍ഡനിലെ വസതി വാങ്ങിയത്. 2015ല്‍ ചെന്നൈ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച ജയലളിത തന്റെ പേരില്‍ മൊത്തം 117.13 കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്ന് ഇലക്ഷന്‍ കമീഷനെ ബോധിപ്പിച്ചിരുന്നു. പക്ഷേ ഇതൊന്നുമല്ല മൊത്തം കാല്‍ലക്ഷം കോടിരൂപയുടെയെങ്കിലും ആസ്തി ജയലളിതക്കും ബിനാമികള്‍ക്കും ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
എം.ജി.ആറിന്റെ പാതയാണ് പിന്തുടര്‍ന്നത് പാര്‍ട്ടിയിലെ ‘രണ്ടാമന്‍’ എന്ന നിലയിലേക്ക് ആരെയും വളര്‍ത്തിക്കൊണ്ടുവരാന്‍ ജയലളിത മുതിര്‍ന്നിരുന്നില്ല. സംഘടനയില്‍ മേധാവിത്വം പുലര്‍ത്താന്‍ ശ്രമിച്ചവരെയെല്ലാം അതാത് സമയത്ത് അകറ്റിനിര്‍ത്താന്‍ ജയലളിത പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിനീതനും വിധേയനുമായ ഒ. പന്നീര്‍ശെല്‍വം വെറുമൊരു പകരക്കാരന്‍ മാത്രമായിരുന്നു. സിനിമാ നടന്‍ അജിത്തിന്റെ പേര് ഇടക്കാലത്ത് പറഞ്ഞുകേട്ടിരുന്നെങ്കിലും അദ്ദേഹം തല്‍ക്കാലം രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ളെന്നാണ് അറിയിച്ചത്. അതുകൊണ്ടുതന്നെയാണ് ജയലളിതയുടെ ‘ഉയിര്‍ തോഴി’ എന്ന പേരിലറിയപ്പെടുന്ന ശശികല നടരാജന്‍ പാര്‍ട്ടിയുടെ നിയന്ത്രണമേറ്റെടുത്തേക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
വിവിധ കേസുകളില്‍ ജയലളിതയോടൊപ്പം ശശികലയും ജയില്‍വാസമനുഭവിച്ചിരുന്നു. തഞ്ചാവൂര്‍ മന്നാര്‍ഗുഡിയിലെ തേവര്‍ കുടുംബാംഗമായ ശശികലജയലളിത സൗഹൃദം മൂന്ന് ദശാബ്ദക്കാലം നീണ്ടുനിന്നതാണ്. എം.ജി.ആറിന്റെ കാലത്ത് പാര്‍ട്ടിയുടെ പ്രചാരണവിഭാഗം സെക്രട്ടറിയായിരിക്കവെ അന്നത്തെ കടലൂര്‍ ജില്ല കലക്ടറായിരുന്ന വി എസ്. ചന്ദ്രലേഖയാണ് ശശികലയെ ജയലളിതക്ക് പരിചയപ്പെടുത്തിയത്. വീഡിയോ കാസറ്റ് വില്‍പന കേന്ദ്രം നടത്തിയിരുന്ന ശശികല വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളും മറ്റും വിഡിയോ എടുത്തു നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ജയലളിതയുടെ മുഴുവന്‍ പരിപാടികളുടെ വിഡിയോ ഷൂട്ടിങ് ചുമതല ശശികലക്കായിരുന്നു. തുടര്‍ന്നാണ് ശശികലജയലളിത ബന്ധം ശക്തിപ്പെട്ടത്.
ശശികലയുടെ നേതൃത്വത്തിലുള്ള ടി.ടി.വി. ദിനകരന്‍, വി.എന്‍. സുധാകരന്‍, വി. ഭാസ്‌കരന്‍ തുടങ്ങിയവരുള്‍പ്പെട്ട ഈ സംഘമാണ് പിന്നീട് ‘മന്നാര്‍ഗുഡി മാഫിയ’ എന്ന പേരിലറിയപ്പെട്ടത്. ഒ. പന്നീര്‍ശെല്‍വം പോലും ശശികലയുടെ നോമിനിയായിരുന്നു. 2011 ഡിസംബറില്‍ ശശികല, ടി.ടി.വി. ദിനകരന്‍ ഉള്‍പ്പെടെ 13 പേരെ സംഘടനയില്‍നിന്നും അധികാര കേന്ദ്രങ്ങളില്‍നിന്നും ജയലളിത പുറത്താക്കിയത് ഏറെ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. ഭരണത്തിലും സംഘടനയിലും ഇവര്‍ പിടിമുറുക്കുന്നതായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു നടപടി. പിന്നീട് 2012 മാര്‍ച്ചില്‍ ശശികല വീണ്ടും ഗാര്‍ഡനില്‍ തിരിച്ചത്തെി.
പുതിയ സാഹചര്യത്തില്‍ മന്നാര്‍ഗുഡി സംഘം വീണ്ടും പാര്‍ട്ടിയെ കൈയടക്കുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ അത് ചരിത്രത്തിന്റെ ആവര്‍ത്തനം എന്നേ കരുതാനും കഴിയൂ.
അവിഹിത സ്വത്ത് സമ്പാദന കേസിലെ സുപ്രീംകോടതി വിധി വരുന്നതിനുമുമ്പാണ് ജയലളിത യാത്രയായത്. ജയയെ വെറുതെവിട്ട കര്‍ണാടക ഹൈക്കോടതിവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വാദം പൂര്‍ത്തിയാക്കിയ സുപ്രീംകോടതി വിധി പറയുന്നതിന് അനിശ്ചിതമായി മാറ്റിവെക്കുകയായിരുന്നു.