ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത സെപ്റ്റംബര്‍ 22 നാണ് ഗുരുതരാവസ്ഥയില്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. 75 ദിവസത്തിനിപ്പുറം ഡിസംബര്‍ 5 ന് രാത്രിയില്‍ ജയലളിതയുടെ മരണം സംഭവിച്ചതായി ഔദ്യോഗിക അറിയിപ്പുണ്ടായി. എന്നാല്‍ പുരട്ചി തലൈവിയുടെ മരണത്തില്‍ പലതരം വിവാദങ്ങള്‍ ഉയിരെടുക്കുകയും അഭ്യൂഹങ്ങള്‍ പടരുകയും ചെയ്തു. ജയലളിത നേരത്തേ മരണപ്പെട്ടിരുന്നുവെന്നും എംബാം ചെയ്ത് മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കുകയായിരുന്നുവെന്നതായിരുന്നു പ്രധാന ആക്ഷേപം. മൃതദേഹം അഴുകാതെ സൂക്ഷിക്കുന്നതിനുള്ള പ്രക്രിയയാണ് എംബാമിങ്. ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ജയലളിതയുടെ മുഖത്ത് കണ്ട 4 പാടുകള്‍ മൃതദേഹം നേരത്തേ എംബാം ചെയ്‌തെന്നതിന്റെ തെളിവാണെന്നും ചിലര്‍ ആക്ഷേപമുന്നയിച്ചു. ജയലളിതയുടെ മരണത്തില്‍ ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ അന്വേഷിക്കുന്ന കമ്മീഷന്‍ ഇക്കാര്യവും പരിഗണിക്കുന്നുണ്ട്. ഇതേതുടര്‍ന്ന് എംബാം നിര്‍വഹിച്ച ഡോ.സുധ ശേഷയ്യനെ ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷന്‍ വിസ്തരിച്ചു. മദ്രാസ് മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തിന്റെ ഡയറക്ടറാണ് സുധ. ജയയില്‍ നിര്‍വഹിച്ച എംബാമിങ്ങിനെക്കുറിച്ചുള്ള അവരുടെ മൊഴി ഇങ്ങനെ. ഡിസംബര്‍ 5 ന് രാത്രി 10.30 ഓടെയാണ് ആശുപത്രിയില്‍ നിന്ന് തന്നെ ബന്ധപ്പെടുന്നത്. 11.40 ഓടെ താന്‍ അപ്പോളോ ആശുപത്രിയിലെത്തി. 12.20 നാണ് താന്‍ ജയയുടെ മൃതദേഹം കാണുന്നത്. ആശുപത്രി അധികൃതര്‍ തന്നെയും സംഘത്തെയും മരണ സര്‍ട്ടിഫിക്കറ്റ് കാണിച്ച ശേഷമാണ് താന്‍ എംബാമിങ് ആരംഭിച്ചത്. 15 മുതല്‍ 20 മിനിട്ടുകൊണ്ട് പ്രക്രിയ പൂര്‍ത്തിയാക്കുകയും ചെയ്തു. ഓട്ടോമേറ്റഡ് മെഷീന്‍ ഉള്ളതിനാലാണ് എംബാമിങ് പെട്ടെന്ന് പൂര്‍ത്തിയാക്കാനായതെന്നും അവര്‍ വ്യക്തമാക്കി. എംബാമിങ്ങിനിടെ മുഖത്ത് 4 കുത്തുകള്‍ കണ്ടിരുന്നു. ഇത് ട്രാക്യോസ്‌റ്റോമി ട്യൂബ് ഘടിപ്പിച്ചതുമൂലം ഉണ്ടായതായിരിക്കാം. എന്നാല്‍ ഈ കുത്തുകള്‍ ആഴത്തിലുള്ളതോ അതില്‍ നിന്ന് നിരൊലിപ്പോ ഉണ്ടായിരുന്നില്ല. ചുണ്ടുകള്‍ മുഴച്ചിരുന്നു. ഇത് വെന്റിലേറ്റര്‍ ഭാഗം ഘടിപ്പിച്ചതുമൂലമാകാമെന്നും അവര്‍ വ്യക്തമാക്കി.