ചെന്നൈ: ജയലളിതയുടെ മരണത്തിനു തൊട്ടുമുമ്പ് പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കമുണ്ടായി, ആരോ പുറകില്‍ നിന്നും പിടിച്ചുതള്ളി, ഇതിനെത്തുടര്‍ന്നാണ് ജയലളിതയെ ആശിപത്രിയില്‍ കൊണ്ട് പോകേണ്ടി വന്നത്. ഡി.എം.കെ നേതാവ് പി.എച്ച്. പാണ്ഡ്യനാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ചെന്നൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പാണ്ഡ്യന്‍.
പോയസ് ഗാര്‍ഡനിലുണ്ടായ വാക്കുതര്‍ക്കത്തിനു പിന്നാലെ ജയലളിതയെ ആരോ പിറകില്‍ നിന്നും പിടിച്ചുതള്ളി. ഇതിനുശേഷം ഏറെ നേരം കഴിഞ്ഞാണ് ജയലളിതയെ ആശുപത്രിയിലേക്കു കൊണ്ടുപോയതെന്നും പാണ്ഡ്യന്‍ പറയുന്നു. ആശുപത്രിയില്‍ ജയലളിതയ്ക്ക് നല്ല ചികിത്സ ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും നിയുക്ത മുഖ്യമന്ത്രി ശശികലയ്ക്ക് ജയലളിത മരിച്ചപ്പോള്‍ ഒരിറ്റു കണ്ണീരുപോലും വന്നില്ലെന്നും പാണ്ഡ്യന്‍ പറയുന്നു. ജയലളിതയുടെ മരണത്തില്‍ വിഷമമുണ്ടായിരുന്നെങ്കില്‍ അവര്‍ മരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇനി എ.ഐ.എ.ഡി.എം.കെയെ രക്ഷിക്കാന്‍ ശശികല മാത്രമേയുള്ളൂവെന്ന തരത്തില്‍ പാര്‍ട്ടി നേതാക്കളെക്കൊണ്ട് പാര്‍ട്ടി ചാനലിലൂടെ പറയിപ്പിക്കില്ലായിരുന്നെന്നും പാണ്ഡ്യന്‍ പറയുന്നു.
ജയലളിത മരിച്ച് 20 ദിവസത്തിനുള്ളിലാണ് ശശികല അണ്ണാ ഡി.എം.കെയുടെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയായി. പിന്നീട് ഒരു മാസത്തിനുള്ളില്‍ നിയമസഭാ കക്ഷിയായി. ഇപ്പോള്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. ഇതെല്ലാം ജയലളിതയുടെ മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന സംശയങ്ങള്‍ക്ക് ബലം നല്‍കുന്നതാണെന്നും പാണ്ഡ്യന്‍ ആരോപിച്ചു. ശശികല തന്നെ ചതിച്ചെന്ന് ജയലളിത തന്നോട് പറഞ്ഞിരുന്നെന്നും പാണ്ഡ്യന്‍ പറയുന്നു. ‘ജയലളിതയുടെ മരണത്തില്‍ തുടര്‍ന്ന് ശശികല നടരാജന്‍ വേദനിച്ചിട്ടില്ല. അവരുടെ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണം നടത്തണം.’ അദ്ദേഹം ആവശ്യപ്പെട്ടു.
ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് മറച്ചുവെച്ചു. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട ശശികലയുടെ ബന്ധുക്കള്‍ ഇന്ന് പാര്‍ട്ടിയില്‍ തിരിച്ചെത്തിയെന്നും പി.എച്ച്. പാണ്ഡ്യന്‍ പറഞ്ഞു.
ജയലളിതയുടെ മരണത്തില്‍ യാതൊരു ഗൂഢാലോചനയുമില്ലെന്ന് പറഞ്ഞ് ജയലളിതയെ ചികിത്സ ഡോക്ടര്‍ റിച്ചാര്‍ ബീല്‍ രംഗത്തുവന്നതിനു പിന്നാലെയാണ് ദുരൂഹത ആരോപിച്ച് പാണ്ഡ്യന്‍ വാര്‍ത്താസമ്മേളനം നടത്തിയിരിക്കുന്നത്.
അതിനിടെ ശശികലയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച് തമിഴ്നാട്ടില്‍ അനിശ്ചതത്വം തുടരുകയാണ്. ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ അണ്ണാ ഡി.എം.കെയ്ക്കുള്ളില്‍ എതിര്‍പ്പു ശക്തമാകുന്നതായും റിപ്പോര്‍ട്ടുണ്ട്. ശശികല മുഖ്യമന്ത്രിയായാല്‍ നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും ഡി.എം.കെയ്ക്ക് അനുകൂലമായി വോട്ടു ചെയ്യുമെന്നും 40 എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാര്‍ പറഞ്ഞതായി തമിഴ് പത്രം ദിനമലര്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.