ചെന്നൈ: തമിഴ്നാട്ടിലെ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ജയലളിതയുടെ വീഡിയോ പുറത്ത്. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജയലളിത ആശുപത്രി കിടക്കയില്‍ വച്ച് ജ്യൂസ് പോലെ എന്തോ കുടിക്കുന്നതയായുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലായിട്ടുള്ളത്. ടിടിവി ദിനകരന്‍ വിഭാഗത്തിലെ വെട്രിവേല്‍ എന്നയാളാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിട്ടുള്ളതെന്നാണ് വെട്രിവേല്‍ അവകാശപ്പെടുന്നത്.
75 ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ജയലളിത 2016 ഡിസംബര്‍ ആറിനാണ് മരണമടയുന്നത്. ബുധനാഴ്ചയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. ജയലളിത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബന്ധുക്കളെ കാണാന്‍ അനുവദിച്ചില്ലെന്നുള്ള ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വീഡിയോ പുറത്തുവരുന്നത്. ജയലളിതയുടെ മരണം സ്വാഭാവികമല്ലെന്ന് അവകാശപ്പെട്ട് പലരും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
ജയലളിത ആശുപത്രിയില്‍ കഴിഞ്ഞത് പൂര്‍ണബോധത്തോടെയാണെന്നും കൂടുതല്‍ ദൃശ്യങ്ങള്‍ കയ്യിലുണ്ടെന്നും വെട്രിവേല്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ആര്‍കെ നഗര്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നിര്‍ണായക നീക്കവുമായി ടി.ടി.വി.ദിനകരന്‍ വിഭാഗം രംഗത്തെത്തിയത് തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും എന്നതാണ് തമിഴകം രാഷ്ട്രീയം ഉറ്റുനോക്കുന്നത്. സര്‍ക്കാരിനടക്കം അഭിമാന പോരാട്ടമായി തിരഞ്ഞെടുപ്പിന്റെ തലേന്ന് ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ ആര്‍.കെ നഗറില്‍ പുതിയ വെല്ലുവിളികള്‍ ഉയരുകയാണ്.
വീഡിയോ പുതിയ വിവാദങ്ങള്‍ക്ക് വഴി വെയ്ക്കുമെന്നാണ് കരുതുന്നത്. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ മുന്‍ മദ്രാസ് ഹൈക്കോടതി ജഡ‍്ജി എ അറുമുഖ സ്വാമി തലവനായ അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. സിബിഐ ഉള്‍പ്പെടെ ഏത് അന്വേഷണ ഏജന്‍സിയ്ക്ക് മുമ്പാകെ ഹാജരാകാനും തെളിവുകള്‍ സമര്‍പ്പിക്കാനും തയ്യാറാണെന്ന് നേരത്തെ തന്നെ ടിടിവി ദിനകരന്‍ വ്യക്തമാക്കിയിരുന്നു. ജയലളിത ചികിത്സയിലിരിക്കെ ശശികല പകര്‍ത്തിയ ദൃശ്യങ്ങള്‍ കൈമാറാനും ഒരുക്കമാണെന്നും ടിടിവി വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ 21 ന് നടക്കുന്ന ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ടിടിവി മത്സരിക്കുന്നത്.