കോടനാട് എസ്റ്റേറ്റ് ശശികലയും സംഘവും ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്; വെളിപ്പെടുത്തലുമായി എസ്റ്റേറ്റ് ഉടമ

ചെന്നൈ: ആയിരത്തിലധികം കോടികള്‍ വിലവരുന്ന ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് തട്ടിയെടുത്തതാണെന്ന് ഉടമ.എസ്റ്റേറ്റിനെ ചൊല്ലി പുതിയ വിവാദങ്ങള്‍ക്കിടയിലാണ് വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് വംശജന്‍ പീറ്റര്‍ കാള്‍ എഡ്വേര്‍ഡ് ക്രെയ്ഗ് ജോണ്‍സ് രംഗത്തെത്തിയിരിക്കുന്നത്.

‘ദ് വീക്ക്’ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണു എസ്റ്റേറ്റ് തന്റെ പക്കല്‍ നിന്നും ഭീഷണിപ്പെടുത്തി തട്ടിയെടുത്തതാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊടനാട് എസ്റ്റേറ്റ് ജയലളിതയുടെ ഭരണകാലത്തു തോഴി ശശികലയും സംഘവും ഭീഷണിപ്പെടുത്തി തട്ടിയെടുക്കുകയായിരുന്നുവെന്ന മുന്‍ ഉടമസ്ഥന്റെ ആരോപണമാണ് ഒടുവില്‍ പുറത്തുവന്നത്. .
കൊടനാട് എസ്റ്റേറ്റിലെ ദുരൂഹ മരണവും ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങളും വീണ്ടും ഉയരുന്നതിനിടെയാണ് അതിനിര്‍ണായകമായ വെളിപ്പെടുത്തലുമായി ക്രെയ്ഗ് ജോണ്‍സ് രംഗത്തെത്തെത്തിയത്. ജയലളിതയുടെ വേനല്‍കാല വസതിയായിരുന്നു നീലഗിരി മലനിരകളിലെ കൊടനാട് എസ്റ്റേറ്റ്. ഇവിടെ ജയയുടെ വിഹിതം രേഖകള്‍ പ്രകാരം 3.13 കോടി മാത്രമാണ്. ബാക്കിയെല്ലാം ശശികല, സഹോദരഭാര്യ ഇളരവശി, കുടുംബത്തിലെ മറ്റു ബന്ധുക്കള്‍ എന്നിവരുടെ പേരിലാണ്.

നിലവില്‍ എസ്റ്റേറ്റിന്റെ മതിപ്പു വില ഏകദേശം 1,115 കോടി രൂപ വരും. തന്റെ പിതാവ് വില്യം ജോണ്‍സ് 1975ലാണു കൊടനാട് എസ്റ്റേറ്റ് വാങ്ങിയതെന്നു ക്രെയ്ഗ് പറയുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ സ്ഥലം തേയിലത്തോട്ടമായി വികസിപ്പിക്കുകയായിരുന്നു. മികച്ച വരുമാനം ലഭിച്ചുതുടങ്ങിയതോടെ കൊടനാട് ടീ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു.

തനിക്കു പുറമെ പിതാവ്, മാതാവ്, നാലു സഹോദരിമാര്‍ എന്നിവരായിരുന്നു ഉടമസ്ഥര്‍. ജയലളിതയ്ക്ക് എസ്റ്റേറ്റ് വാങ്ങാന്‍ താല്‍പര്യമുണ്ടെന്ന് 1992ല്‍ ചിലര്‍ അറിയിച്ചു. ബാങ്ക് വായ്പ തിരിച്ചടയ്ക്കാനുണ്ടായിരുന്നതിനാല്‍ ഒരു ഭാഗം വില്‍ക്കാന്‍ തങ്ങള്‍ക്കും സമ്മതമായിരുന്നു. എന്നാല്‍, രണ്ടു വര്‍ഷത്തിനു ശേഷം 906 ഏക്കര്‍ എസ്റ്റേറ്റ് മൊത്തമായി 7.6 കോടി രൂപയ്ക്കു വില്‍ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായി.- ക്രെയഗ് അഭിമുഖത്തില്‍ പറയുന്നു.

വില്‍പനയ്ക്കു തെളിവായി ആധാരമോ മറ്റു രേഖകളോ ഇല്ല. ശശികലയുടെ ബിനാമികളെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുകയാണു ചെയ്തത്. അഞ്ചു തവണ ജയലളിതയെ കണ്ടു. എന്നാല്‍, ശശികലയാണ് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചത്. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി കെ.എ.സെങ്കോട്ടയ്യന്‍, വ്യവസായി പി.രാജരത്നം, മദ്യ വ്യവസായി എന്‍.പി.വി.രാമസാമി ഉദയര്‍ എന്നിവര്‍ വഴി ശശികല സമ്മര്‍ദം ചെലുത്തി. എസ്റ്റേറ്റ് മൊത്തമായി വില്‍ക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നപ്പോള്‍ രാത്രി നമ്പര്‍ പ്ലേറ്റ് മറച്ച കാറുകളില്‍ നൂറ്റിയന്‍പതിലേറെ ഗുണ്ടകള്‍ വന്ന് ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.kodanadu

പിതാവിന്റെ സുഹൃത്തായിരുന്ന അന്നത്തെ ഗവര്‍ണര്‍ എം. ചന്ന റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, എസ്റ്റേറ്റില്‍നിന്ന് എത്രയും പെട്ടെന്നു രക്ഷപ്പെടാനായിരുന്നു പൊലീസിന്റെ ഉപദേശം.

7.6 കോടി ഡിമാന്‍ഡ് ഡ്രാഫ്റ്റായാണു നല്‍കിയത്. നാലു കോടി രൂപ കൂടി പണമായി നല്‍കാമെന്നു പറഞ്ഞിരുന്നെങ്കിലും ലഭിച്ചില്ല. പിന്നീട് എണ്ണമറ്റ ആദായനികുതി റെയ്ഡുകളും നേരിടേണ്ടി വന്നു. പരാതിയുമായി ഡിഎംകെ നേതാക്കളെ സമീപിച്ചെങ്കിലും അവര്‍ക്കു രാഷ്ട്രീയ മുതലെടുപ്പില്‍ മാത്രമായിരുന്നു താല്‍പര്യം. പുതിയ സാഹചര്യത്തില്‍ സര്‍ക്കാരും കോടതിയും ഇടപെട്ട് എസ്റ്റേറ്റ് തിരികെ ലഭിക്കാന്‍ നടപടിയെടുക്കുമെന്നാണു പ്രതീക്ഷ. നേതാവും വനിതയുമെന്ന നിലയില്‍ ജയലളിതയോട് ബഹുമാനമുണ്ട്. എന്നാല്‍, ഭരണാധികാരിയെന്ന നിലയില്‍ അഴിമതിയും മുഖസ്തുതിയും കാരണം അവര്‍ തമിഴ്നാടിനെ വര്‍ഷങ്ങള്‍ പിന്നോട്ടടിച്ചെന്നും ക്രെയ്ഗ് അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ബെംഗളുരുവില്‍ മാനേജ്മെന്റ് കണ്‍സല്‍റ്റന്‍സി കമ്പനി നടത്തുകയാണ് അദ്ദേഹം.

തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ കൊടനാട് വ്യൂ പോയിന്റ് റോഡില്‍ കോട്ടഗിരിയില്‍നിന്ന് പത്തു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കൊടനാട് എസ്റ്റേറ്റിന്റെ തുടക്കമായി. ഏഴു മലകള്‍ ഉള്‍പ്പെട്ട 862 ഏക്കര്‍ തേയിലത്തോട്ടമാണിത്. തോട്ടത്തിനു നടുവിലായി ചെറിയൊരു കുന്നിന്മുകളിലാണ് ജയലളിതയുടെ അവധിക്കാല വസതിയായ ബംഗ്ലാവ്. ചെന്നൈയില്‍നിന്ന് വിമാനമാര്‍ഗം കോയമ്പത്തൂരിലെത്തുന്ന ജയലളിത ഹെലികോപ്റ്ററിലാണ് എസ്റ്റേറ്റിലെത്തിയിരുന്നത്. അവസാനമായി അവര്‍ ഇവിടെയെത്തിയത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പാണ്.

ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള താമസസ്ഥലം, ആശുപത്രി, എസ്റ്റേറ്റ് ഓഫിസ്, തേയില ഫാക്ടറി തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. പൂര്‍ണമായും ജയലളിതയുടെ സ്വന്തം സ്വത്തല്ല ഇത്. ഏപ്രില്‍ 23നാണ് കോടനാട് എസ്റ്റേറ്റില്‍ മോഷണശ്രമത്തിനിടെ കാവല്‍ക്കാരന്‍ ഓം ബഹാദൂര്‍ കൊല്ലപ്പെട്ടത്. ഒന്നാം പ്രതിയും ജയലളിതയുടെ മുന്‍ ഡ്രൈവറുമായ കനകരാജ് കോയമ്പത്തൂരില്‍ വാഹനാപടത്തില്‍ കൊല്ലപ്പെട്ടു. ഇതേ സമയത്തുന്നതെ കേസിലെ രണ്ടാം പ്രതി സയന്‍ സഞ്ചരിച്ചിരുന്ന കാറും അപകടത്തില്‍പ്പെട്ടു. ഇയാളുടെ ഭാര്യയും മകളും മരിച്ചു. സയനെ ഗുരതരാവസ്ഥയില്‍ ആശുപത്രിലെത്തിച്ചു രക്ഷപ്പെടുത്തി. കോടികള്‍ വിലപിടിപ്പുള്ള ജയലളിതയുടെ സ്വത്തുക്കള്‍ സ്വന്തമാക്കാനായി ശശികലയുടെ കുടുംബം നേതൃത്വം നല്കുന്ന മന്നാര്‍ഗുഡി മാഫിയയാണ് ഇതിന്റെയെല്ലം പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ആരോപണം ശക്തമാണ്.

Top