ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പരക്കവെ അവരെ നേരത്തെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി ജഡ്ജിയുടെ കീഴില്‍ അന്വേഷണകമ്മിറ്റിയെ നിയോഗിക്കുമെന്ന കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഡോക്ടറുടെ വിവാദ വെളിപ്പെടുത്തല്‍.ജയലളിതയുടെ ചികിത്സയിലും മരണത്തിലും സംശയം പ്രകടിപ്പിച്ച് ജയയെ മുന്‍പ് ചികിത്സിച്ച ഡോക്ടര്‍ എം.എന്‍ ശങ്കര്‍ ആണ് രംഗത്ത് . ഒന്നിലേറെ രോഗങ്ങള്‍ ജയലളിതയെ അലട്ടിയിരുന്നെന്നും എന്നാല്‍ തന്റെ ചികിത്സയില്‍ അത്ഭുതകരമാംവിധം രോഗമുക്തി അവര്‍ നേടിയിരുന്നെന്നും ഡോ. ശങ്കര്‍ പറയുന്നു.താങ്കളെ ജയയില്‍ നിന്നും അകറ്റാന്‍ ആരെങ്കിലും ശ്രമിച്ചോ എന്ന ചോദ്യത്തിന് അത് തനിക്ക് അറിയില്ലെന്നായിരുന്നു ശങ്കറിന്റെ മറുപടി. ജയലളിതയുടെ മരണം ഒരു രാഷ്ട്രീയയുദ്ധമായതിന് ശേഷം മാത്രം എന്തുകൊണ്ടാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത് എന്ന ചോദ്യത്തിന് ഇപ്പോള്‍ മാത്രമാണ് ഇത് ഒരു വിവാദമായി വന്നതെന്നും അതുകൊണ്ട് തന്നെയാണ് ക്യാമറയ്ക്ക മുന്‍പില്‍ തനിക്ക് ഇത് പറയാന്‍ കഴിഞ്ഞതെന്നുമാണ് ശങ്കര്‍ പറയുന്നത്.
തമിഴ് ജനതയുടെ നല്ലതിന് വേണ്ടിയാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ എന്റെ ജാേലിയാണ് ചെയ്യുന്നത്. തൈറോയ്ഡ്, ഷുഗര്‍, സന്ധിവാതം തുടങ്ങി നിരവധി അസുഖങ്ങള്‍ നിയന്ത്രണത്തിലാക്കാനായത് എന്റെ ചികിത്സയില്‍ തന്നെയാണ്. എന്റെ ചികിത്സയ്ക്ക് ശേഷം അവര്‍ ആര്‍.കെ നഗര്‍ മണ്ഡലത്തിലെത്തി. അതിവേഗതയിലായിരുന്ന അവരെ ക്യാമറയ്ക്ക് പോലും പിന്തുടരാനായിരുന്നില്ല. കഴിഞ്ഞ സ്വാതന്ത്ര്യദിന ദിവസം 45 മിനുട്ടോളം അവര്‍ നിന്ന് സംസാരിച്ചു. അവര്‍ പൂര്‍ണമായും സുഖംപ്രാപിച്ച അവസ്ഥയായിരുന്നു അന്ന്. എന്നാല്‍ അതിന് ശേഷം അവരുടെ കുടുംബഡോക്ടര്‍ തുടര്‍ ചികിത്സയ്ക്കായി എന്നെ വിളിച്ചില്ല. അപ്പോളോ ആശുപത്രയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അവരെ കാണാന്‍ അനുവദിച്ചില്ല. തീര്‍ച്ചയായും അവരുടെ മരണത്തില്‍ അന്വേഷണം വേണം. ആളുകള്‍ക്ക് സത്യം അറിയണം. എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട് എന്ന് തന്നെയാണ് എല്ലാവരും വിശ്വസിക്കുന്നത്. അവര്‍ക്ക് നല്‍കിയിരുന്ന മരുന്നുകളെല്ലാം കൃത്യമായിരുന്നോ എന്ന കാര്യത്തില്‍പോലും സംശമുണ്ട്. – ശങ്കര്‍ പറയുന്നു. തമിഴ്‌നാടിനെ നയിക്കാന്‍ ശശികലയാണോ പനീര്‍ശെല്‍വമാണോ എത്തേണ്ടത് എന്ന ചോദ്യത്തിന് രണ്ട് പേരേയും താന്‍ പിന്തുണയ്ക്കുന്നില്ല എന്നായിരുന്നു ശങ്കറിന്റെ മറുപടി.