ബംഗ്ലൂരു : കർണാടകയിൽ നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെ, വിജയ പ്രതീക്ഷ പങ്കുവെച്ച് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. ജെഡിഎസിന് 50 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചത്. കോണ്‍ഗ്രസുമായോ ബിജെപിയുമായോ സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്നും കുമാരസ്വാമി പറഞ്ഞു.
തങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കുന്ന പാര്‍ട്ടിയുമായാകും സഖ്യത്തിലേര്‍പ്പെടുകയെന്നും കുമാരസ്വാമി പറഞ്ഞു. ’50 സീറ്റുകള്‍ ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ നിബന്ധനകള്‍ അംഗീകരിക്കുന്ന പാര്‍ട്ടിയുമായായിരിക്കും ഇത്തവണ സഖ്യമുണ്ടാക്കുക’, കുമാരസ്വാമി പറഞ്ഞു. സിംഗപ്പൂരിലേക്ക് പുറപ്പെടുന്നതിന് മുമ്പായിരുന്നു പ്രതികരണം. അഞ്ച് വികസന പദ്ധതികൾ നടപ്പാക്കാൻ തനിക്ക് കഴിയണമെന്നും തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന ആരുമായും സഖ്യത്തിന് തയ്യാറാണെന്നും കുമാരസ്വാമി വ്യക്തമാക്കി. ഡെക്കാൻ ഹെറാൾഡ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് കുമാരസ്വാമിയുടെ പ്രഖ്യാപനം.
ജെഡിഎസ് നിര്‍ണായക ശക്തിയായി മാറിയാൽ മുഖ്യമന്ത്രി പദവി അടക്കം വിലപേശി വാങ്ങാൻ കുമാരസ്വാമി ഒരുങ്ങുന്നുവെന്നാണ് സൂചന. നേരത്തെ തങ്ങൾക്ക് 70 സീറ്റ് കിട്ടുമെന്നായിരുന്നു ജെഡിഎസ് പ്രവചനം. ഇതിൽ നിന്നും മാറി വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് 50 സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷ കുമാരസ്വാമി പങ്കുവെക്കുന്നത്. കോൺഗ്രസും ബിജെപിയും പിന്തുണ തേടി സമീപിച്ചുവെന്ന് ജെഡിഎസ് നേതാവ് തൻവീർ അഹമ്മദ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ആവശ്യങ്ങൾ അംഗീകരിക്കുന്ന ആരുമായും സഖ്യത്തിന് തയ്യാറാണെന്ന കുമാരസ്വാമിയുടെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
നാളെയാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ. വോട്ടെടുപ്പിന് ശേഷം പുറത്ത് വന്ന പത്ത് എക്സിറ്റ് പോൾ ഫലങ്ങളിൽ അഞ്ചും കർണാടകയിൽ തൂക്ക് നിയമസഭയാകുമെന്നാണ് പ്രവചിക്കുന്നത്. ഇതിൽ നാലെണ്ണം കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും ഒരു എക്സിറ്റ് പോൾ സർവേ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിക്കുന്നു.