കാക്കനാട്: തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ പ്രതിഷേധം കേരളത്തിലും. കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ തമിഴ് ടെക്കികളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. രണ്ട് മണിക്കൂര്‍ നീണ്ട മൗന പ്രതിഷേധത്തിനാണ് ഇന്‍ഫോ പാര്‍ക്ക് കവടം വേദിയായത്.
സംഘാടകരും ഉദ്ഘാടകനും ഇല്ലായിരുന്നു. വൈകീട്ട് അഞ്ചിന് ജോലി കഴിഞ്ഞിറങ്ങിയ ഒട്ടേറെ തമിഴ് യുവതീയുവാക്കള്‍ സ്വമേധയാ പ്രതിഷേധത്തില്‍ അണിചേര്‍ന്നു. വൈകീട്ട് ഏഴ് വരെ നീണ്ടു പ്രതിഷേധം. ഇന്‍ഫോ പാര്‍ക്കിനു മുന്നിലെ റോഡിലെ മീഡിയനില്‍ കയറിനിന്നാണ് ടെക്കികള്‍ പ്രതിഷേധിച്ചത്. ജെല്ലിക്കെട്ട് നിരോധനം സുപ്രീം കോടതി പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.
ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ പുതുമാദ്ധ്യമങ്ങളിലൂടെ ആശയ വിനിയമം നടത്തി പ്രതിഷേധത്തില്‍ അണിചേരുകയായിരുന്നു. മലയാളി ടെക്കികളോട് പ്രതിഷേധത്തില്‍ അണി ചേരണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കലും ആരും വന്നില്ല. ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്നുള്ള പ്ലക്കാര്‍ഡുകള്‍ പിടിച്ച് പ്രതിഷേധക്കാര്‍ അണിനിരക്കുകയായിരുന്നു. മുദ്രവാക്യം വിളിയോ മര്‍ഗതടസ്സവുമില്ലാതെ നടത്തിയ പ്രതിഷേധം ഇന്‍ഫോ പാര്‍ക്ക് പൊലീസിന് തലവേദനയുണ്ടാക്കിയില്ല. ഗതാഗതത്തിനും പ്രശ്‌നമുണ്ടായില്ല.
ഈ പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞ് കൂടുതല്‍ തമിഴര്‍ ഇന്‍ഫോ പാര്‍ക്കിലേക്ക് ഒഴുകിയെത്തി. അവരും പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നു.