പത്തനംതിട്ട: കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് ബികോം വിദ്യാർഥിനി ജെസ്ന മരിയ ജെയിംസിൻ്റെ തിരോധാനത്തിന് കേന്ദ്രം ഇടപെടണമെന്ന ആവശ്യവുമായി പിതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തയച്ചു. ജെസ്ന കേസിലെ അന്വേഷണം ഫലപ്രദമല്ലെന്നും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നുമാണ് ജെസ്നയുടെ പിതാവ് കത്തിൽ അഭ്യർഥിച്ചിരിക്കുന്നത്.ജെസ്നയുടെ തിരോധാനത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറാനായി ബിഷപ് മാത്യു അറയ്ക്കലിന് പെണ്‍കുട്ടിയുടെ പിതാവ് നിവേദനം കൈമാറി. ജെസ്ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റൊരു വിവരവും ഇല്ലെന്നും ഈ സാഹചര്യത്തിലാണ് പരാതിയെന്നും പിതാവ് പറഞ്ഞു.
ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായ പുരോഗതിയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.എന്നാല്‍ തുറന്നു പറയുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ സൈമണ്‍ അടുത്തിടെ വിരമിക്കുകയും ചെയ്തതോടെ കേസന്വേഷണം ഏറെക്കുറെ വഴിമുട്ടിയ സാഹചര്യമാണുള്ളത്.
2018 മാര്‍ച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയില്‍ നിന്നുമാണ് ബിരുദ വിദ്യാര്‍ഥിനിയായ ജെസ്നയെ കാണാതായത്. രണ്ട് വര്‍ഷത്തിലേറെയായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു തുമ്പും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ലായിരുന്നു.ജെസ്നയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍-മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ചു. 4,000 നമ്പരുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി.
ജെസ്ന എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീട് ജെസ്നയെ ആരും കണ്ടിട്ടില്ല. ജെസ്നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കി. വീട്ടില്‍നിന്ന് പോകുമ്പോള്‍ ജെസ്ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല.ജെസ്‌നയുടെ തിരോധാനം നടന്ന് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന വിവരം ഏറെക്കുറെ സ്ഥിരീകരിച്ചിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിയാത്തതെന്തെന്ന ചോദ്യമാണ് മുഖ്യമായും ഉയര്‍ന്നത്.
ജെസ്‌ന മംഗലാപുരത്തെ ഇസ്ലാമിക് മതപഠന കേന്ദ്രത്തിലുണ്ടെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ ശക്തമായതും ഇതേത്തുടര്‍ന്നാണ്. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ജെസ്‌നയെ വെളിച്ചത്തു കൊണ്ടുവന്നാല്‍ ചില രാഷ്ട്രീയകക്ഷികള്‍ക്ക് ഇത് തിരിച്ചടിയാവുമെന്നും ഇതിനാലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തണുപ്പന്‍ സമീപനം സ്വീകരിക്കുന്നതെന്നുമാണ് ആരോപണം.
സംഭവം പ്രധാനമന്ത്രിയുടെ അടുത്ത് എത്തിയാല്‍ കേസിന് പുരോഗതിയുണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജെസ്‌ന വെളിച്ചത്തു വന്നാല്‍ അത് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുന്ന സാമുദായിക സമവാക്യങ്ങള്‍ മാറ്റിമറിക്കുമെന്ന ഭയമാണ് പലര്‍ക്കുമെന്നും സൂചനയുണ്ട്.ഇതോടൊപ്പം പെണ്‍കുട്ടിയെ മതപഠന കേന്ദ്രത്തിലെത്തിയെന്ന ആരോപണം സത്യമാണെങ്കില്‍ പിന്നിലാരെന്ന ചോദ്യവുമുയരുന്നു.
ജെസ്നയുടെ തിരോധാനം നടന്നിട്ട് രണ്ട് വർഷത്തിൽ കൂടുതലായി. ക്രൈം ബ്രാഞ്ച് അന്വേഷണം ഒരിടത്തും എത്തിയില്ല. സത്യം പുറത്തു കൊണ്ടു വരാൻ കേന്ദ്രം ഇടപെടണം. മുൻപ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ നടത്തിയ പരാമർശങ്ങൾ പല തരത്തിലുമുള്ള അഭ്യൂഹങ്ങൾ സൃഷ്ടിച്ചു. കർണാടകത്തിലെ മതപഠന കേന്ദ്രത്തിൽ ഉണ്ടെന്ന് വരെ വാർത്തകൾ നിലനിൽക്കെ കേരള സമൂഹവും ജെസ്നയുടെ കുടുംബവും സത്യം അറിയാൻ കാത്തിരിക്കുകയാണെന്നും കത്തിൽ പറയുന്നു. പ്രധാനമന്ത്രിക്കായുള്ള കത്ത് ജെസ്നയുടെ പിതാവ് ജെയിംസ് യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണിയെ ഏൽപ്പിച്ചു. മാർ മാത്യു അറയ്ക്കലിൻ്റെ സാന്നിധ്യത്തിലാണ് കത്ത് കൈമാറിയത്.
സംഭവം പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ശ്രദ്ധയിൽ കൊണ്ടു വന്ന്, ദേശീയ ഏജൻസികളുടെ അന്വേഷണം കൊണ്ടു വരാൻ പരിശ്രമിക്കുമെന്ന് അനൂപ് ആന്റണി പറഞ്ഞു. കേരളത്തിൽ വർധിച്ചു വരുന്ന പ്രണയക്കുരുക്കിൽ പെട്ടുള്ള മതം മാറ്റവും ദേശസുരക്ഷയെ പോലും ബാധിക്കുന്ന രീതിയിലുള്ള സംഭവങ്ങളും എൻഐഎ ഉൾപ്പെടെയുള്ള ഏജൻസികൾ മുൻപ് സൂചിപ്പിച്ചിട്ടുള്ളതാണ്. അതിന്റെ പശ്ചാത്തലത്തിൽ ജെസ്ന വിഷയത്തിൽ അങ്ങനെയുള്ള മാനം ഉണ്ടെന്നുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെ എത്രയും പെട്ടെന്ന് സത്യം പുറത്ത് കൊണ്ടു വരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും അനുപ് വ്യക്തമാക്കി. അന്വേഷണം ഒരിടത്തും എത്താത്തത് കൊണ്ടാണ് കേന്ദ്രത്തെ സമീപിക്കുന്നതെന്ന് ജെസ്നയുടെ പിതാവ് വ്യക്തമാക്കി.
2018 മാർച്ച് 22 ന് രാവിലെ ബന്ധു വീട്ടിലേക്ക് എന്ന് പറഞ്ഞിറങ്ങിയ ജെസ്നയെ പിന്നീടാരും കണ്ടിട്ടില്ല. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും ഒരു തുമ്പും കണ്ടെത്താനായില്ല. ഇതിനിടയിൽ വന്ന കൊവിഡും ലോക്ക് ഡൗണും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. ജെസ്ന കേസ് അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് ടീമിന് നേതൃത്വം നൽകിയ എസ്പി കെ ജി സൈമണും ഇക്കഴിഞ്ഞ ഡിസംബർ 31 ന് വിരമിച്ചു.
അതേസമയം ജെസ്ന മരിയ ജയിംസിനെ കണ്ടെത്തുന്നതിനായി ഫയൽ ചെയ്ത ഹേബിയസ് കോർപ്പസ് ഹർജി കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടന നൽകിയ ഹർജിയാണ് പിൻവലിച്ചത്. സാങ്കേതിക പിഴവുകൾ ഉള്ള ഹർജി തള്ളേണ്ടിവരും എന്ന് ഹൈക്കോടതി കോടതി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഹർജി പിൻവലിച്ചത്. ജസ്നയെ കാണാതായിട്ട് മൂന്നു വർഷം തികയാൻ പോകുകയാണെന്നും വിഷയത്തിൽ കോടതി അടിയന്തിര ഇടപെടൽ നടത്തണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. മുൻ ക്രൈം ബ്രാഞ്ച് ഡിജിപി ടോമിൻ തച്ചങ്കരിയും ജസ്ന കേസിൽ ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാമെന്ന് ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.