തിരുവനന്തപുരം: വ്യാജരേഖാകേസില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മെയ് 25 ന് ഹാജരാകാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. കേസില്‍ ജിജി തോംസണെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജി മജിസ്ട്രേട്ട് കോടതി തള്ളിയ ഉത്തരവ് ചോദ്യം ചെയ്തുള്ള ക്രിമിനല്‍ റിവിഷന്‍ ഹര്‍ജിയിലാണ് ജില്ലാ കോടതി ഉത്തരവ്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമായി സഹ പ്രവര്‍ത്തകന് നിയമനം ഉറപ്പാക്കാന്‍ വ്യാജ രേഖ ഉണ്ടാക്കിയെന്നാണ് കേസ്.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമായി സഹ പ്രവര്‍ത്തകന് നിയമനം തരപ്പെടുത്താന്‍ വ്യാജ രേഖ ചമച്ചെന്ന കേസില്‍ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മെയ് 25 ന് ഹാജരാകാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. കേസില്‍ ജിജി തോംസണെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജി മജിസ്ട്രേട്ട് കോടതി തള്ളിയ ഉത്തരവ് ചോദ്യം ചെയ്തുള്ള ക്രിമിനല്‍ റിവിഷന്‍ ഹര്‍ജിയിലാണ് ജില്ലാ കോടതി ഉത്തരവ്.
ആരോപിക്കുന്ന കുറ്റകൃത്യം ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെയുണ്ടായതിനാല്‍ തോംസണെ പ്രതി ചേര്‍ക്കാന്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 197 പ്രകാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് കാട്ടി മജിസ്ട്രേട്ട് കോടതി ഹര്‍ജി തള്ളിയ ഉത്തരവ് അസ്ഥിരപ്പെടുത്തി തോംസണെ പ്രതിയാക്കി വിചാരണ ചെയ്യണമെന്നാണ് ക്രിമിനല്‍ റിവിഷന്‍ ഹര്‍ജിയിലെ ആവശ്യം.
കേരള അഡ്മിനിസ്ട്രേറ്റീവ് അംഗമായി മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്കിനെ നിയമിക്കുന്നതിനെതിരെ അഭിഭാഷക സംഘടനയിലെ ഒരംഗം ഗവര്‍ണ്ണര്‍ക്ക് പരാതി ബോധിപ്പിച്ചിരുന്നു. പരാതി പരിഗണിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ നിര്‍ദ്ദേശിച്ച് പരാതി ഗവര്‍ണ്ണര്‍ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ് അയച്ചുകൊടുത്തു.
എന്നാല്‍ പരാതി പരിഗണിക്കേണ്ടതില്ലെന്ന് ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചതായി ജിജി തോംസണ്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചെന്നാണ് ഹര്‍ജിയിലെ ആരോപണം. ഗവര്‍ണ്ണറുടെ നിര്‍ദ്ദേശം തിരുത്തല്‍ വരുത്തി സുഹൃത്തും സഹപ്രവര്‍ത്തകനുമായ ജോസ് സിറിയക്കിനെ സഹായിച്ചെന്നാണ് മജിസ്ട്രേട്ട് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നത്.
എന്നാല്‍ പൊതു സേവകന്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ചെയ്യുന്ന കൃത്യങ്ങള്‍ക്ക് പ്രതിയാക്കി കേസെടുക്കാന്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 197 പ്രകാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി 2017ല്‍ ഹര്‍ജി തള്ളിയിരുന്നു.