കൊച്ചി: ദളിത് വിദ്യാര്‍ഥിനി ജിഷ അതിദാരുണമായി കൊല്ലപ്പെട്ട കേസില്‍ പത്തുദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തത് പൊലീസിനെയും സര്‍ക്കാരിനെയും കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുമ്പോള്‍ കൊലക്കേസിലെ പ്രതി ദിവസങ്ങള്‍ക്കു മുമ്പേ പിടിയിലായതായി സൂചന. വോട്ടെടുപ്പ് ദിവസത്തിനു തൊട്ടുമുമ്പ് കൊലയാളിയെ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിച്ച് സര്‍ക്കാരിന്റെ പ്രതിഛായ മിനുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വെളിപ്പെടുത്തല്‍ വൈകിക്കുന്നതെന്നാണ് വിശ്വസനീയമായ വിവരമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
ജിഷയുടെ ക്രൂരമായ കൊലപാതകം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ സര്‍ക്കാരിനെതിരായ ബാര്‍, സോളാര്‍, കായല്‍ നികത്തല്‍ തുടങ്ങി എല്ലാ കോഴ-അഴിമതി ആരോപണങ്ങളും ജനശ്രദ്ധയില്‍ നിന്നു മാഞ്ഞു. ഇതു തിരിച്ചറിഞ്ഞാണ് ജിഷയുടെ കൊലയാളിയെ ഹാജരാക്കുന്നതു വൈകിപ്പിക്കുന്നതെന്നാണു സൂചന. വോട്ടെടുപ്പിനു തൊട്ടുമുമ്പ് അറസ്‌റ്റ് വെളിപ്പെടുത്തുന്നത് സര്‍ക്കാരിനു ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
യു.ഡി.എഫിനെതിരേ എതിരാളികള്‍ നടത്തുന്ന അഴിമതിവിരുദ്ധ സമരങ്ങളും ജിഷ വധക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളുമെല്ലാം അതോടെ അപ്രസക്‌തമാകും. ഇതിനു മുന്നോടിയായാണ് യു.ഡി.എഫിന്റെ ഉന്നത നേതാവ് ജിഷയുടെ മാതാവിനെ പ്രകോപിപ്പിച്ച് ഇടത് എം.എല്‍.എയ്‌ക്കെതിരേ പ്രതികരിപ്പിച്ചത് എന്നും ആരോപണവും ഉയരുന്നു. യു.ഡി.എഫ്. നേതാവ് മാധ്യമങ്ങളെപ്പോലും ഒഴിവാക്കി ജിഷയുടെ മാതാവുമായി കൂടിക്കാഴ്‌ച നടത്തി എം.എല്‍.എയ്‌ക്കെതിരേ വിവാദ പ്രസ്‌താവന പറഞ്ഞു പറയിപ്പിക്കുകയാണു ചെയ്‌തതെന്നാണ് ആശുപത്രിയോട് അടുപ്പമുള്ളവര്‍ നല്‍കുന്ന സൂചന. ഈ കൂടിക്കാഴ്‌ചയ്‌ക്കു പിന്നാലെയാണ് സിറ്റിങ് എം.എല്‍.എയ്‌ക്കെതിരേ ജിഷയുടെ മാതാവ് വികാരഭരിതയായി പ്രതികരിച്ചത്.
പ്രതി പിടിയിലായതോടെ അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്‌ഥര്‍ ശക്‌തമായ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്. അന്വേഷണം കുറുപ്പംപടിയിലും സമീപപ്രദേശങ്ങളിലും മാത്രമായി ചുരുങ്ങിയതും ഇതിന്റെ സൂചനയാണ്. ഇതു സംബന്ധിച്ച് അന്വേഷണച്ചുമതലയുള്ള ഉന്നത പോലീസ് ഉദ്യോഗസ്‌ഥന്‍ പ്രതികരിച്ചത് ഇങ്ങനെ- “മാധ്യമങ്ങളെ ഒഴിവാക്കി സ്വസ്‌ഥമായി കേസ് അന്വേഷിക്കുന്നതിന് രാത്രിയാണ് ഉചിതം.”അന്വേഷണപുരോഗതിയില്‍ തൃപ്‌തരാണെന്നാണ് ഡി.ജി.പിയും എ.ഡി.ജി.പിയും പറയുന്നത്. പ്രതി പിടിയിലായതായി എ.ഡി.ജി.പി. വെള്ളിയാഴ്‌ച സൂചന നല്‍കിയിരുന്നു.
വെകുന്നേരത്തോടെ നല്ല വാര്‍ത്ത കേള്‍ക്കാം” എന്നാണ് അദ്ദേഹം പറഞ്ഞത്.എന്നാല്‍ പ്രതിയെ പിടികൂടാന്‍ സമയമെടുക്കുമെന്നു പറഞ്ഞ് എ.ഡി.ജി.പിയെ ഡി.ജി.പി. അന്നുതന്നെ തിരുത്തി. സംശയത്തേത്തുടര്‍ന്ന് പിടിയിലായവരുടെ എണ്ണം കൂടുതലായതിനാല്‍ തിരിച്ചറിയല്‍ പരേഡ് വേണ്ടിവരുമെന്നും ഡി.ജി.പി. പറഞ്ഞത് സര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് ആരോപണമുണ്ട്. സാക്ഷികളായ അയല്‍ക്കാര്‍ പ്രതിയെ തിരിച്ചറിഞ്ഞതായും വിശ്വസനീയ കേന്ദ്രങ്ങള്‍ പറയുന്നു.
വെള്ളിയാഴ്‌ച കുറുപ്പംപടി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ ഓഫീസിലെത്തിച്ച് പ്രതിയുടെ ചിത്രങ്ങളടക്കമുള്ള തെളിവുകള്‍ അയല്‍ക്കാരായ രണ്ടുപേരെ കാണിച്ചിരുന്നു. ജിഷയുടെ തൊട്ടയലല്‍പക്കത്തുള്ള സ്‌ത്രീയും പുരുഷനുമാണ് കൊലയാളിയെന്നു കരുതുന്നയാളെ നേരിട്ടു കണ്ടവര്‍. ജിഷയുടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടില്ല. കൊലപാതകത്തിനു ശേഷം രക്ഷപെട്ട പ്രതി ആയുധം സമീപത്തുള്ള പറമ്പിലോ കനാലിലോ എറിഞ്ഞിട്ടുണ്ടാകാം എന്നാണു പോലീസ് കരുതുന്നത്. ഇന്നലെയും ജിഷയുടെ വീടിനു സമീപം തെരച്ചില്‍ നടത്തിയിരുന്നു. കൊലചെയ്യാനുപയോഗിച്ച ആയുധം എവിടെയെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ലെന്നാണു വിവരം.
അതേസമയം ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്ന സാഹചര്യത്തില്‍ ദീപയ്ക്ക് പൊലീസ്കാവല്‍ ഏര്‍പ്പെടുത്തി. സുഹൃത്തായ ഇതരസംസ്ഥാന തൊഴിലാളിയെക്കുറിച്ച് അറിയാന്‍ ദീപയെ ചോദ്യംചെയ്ത സമയത്ത് ഇനിയും തങ്ങളെ ബുദ്ധിമുട്ടിച്ചാല്‍ ആത്മഹത്യചെയ്യുമെന്ന് ഭീഷണിമുഴക്കിയതിനെ തുടര്‍ന്നാണിത്. താലൂക്കാശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരിക്കുന്ന ദീപയെ വെള്ളിയാഴ്ച മൂന്നാംതവണയും ചോദ്യംചെയ്തു. പ്രതിയെക്കുറിച്ച് സൂചന കിട്ടിയതായി ദീപയുടെയും അമ്മയുടെയും മൊഴിയെടുത്ത വനിതാ കമീഷന്‍ അധ്യക്ഷ കെ സി റോസക്കുട്ടി പറഞ്ഞു. ഈ വിവരങ്ങള്‍ അന്വേഷണസംഘത്തിന് കൈമാറുമെന്നും അവര്‍ പറഞ്ഞു. അതിനിടെ, ജിഷയുടെ പെന്‍ ക്യാമറ സംബന്ധിച്ച് പൊലീസിന് ചില സംശയങ്ങളുണ്ട്.
ദീപയുടെ ഫോണില്‍ ഭായി എന്ന പേരില്‍ രേഖപ്പെടുത്തിയ സുഹൃത്തിനെയാണ് സംശയം. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി. പൊലീസ് തയ്യറാക്കിയ രൂപരേഖയുമായി ഇയാള്‍ക്ക് നല്ല സാമ്യമുണ്ടെന്നും പറയുന്നു. ഇയാള്‍ കഞ്ചാവ് വില്‍പ്പനക്കാരനാണെന്നും പെണ്‍വാണിഭസംഘവുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നു. ഭായി എന്ന പ്രതീക്ഷകൂടി അസ്തമിച്ചാല്‍ പൊലീസ് തീര്‍ത്തും ഇരുട്ടിലാകും.
തിരുവനന്തപുരം ഫോറന്‍സിക് ലാബ്, കാക്കനാട് അനലറ്റിക്കല്‍ ലാബ്, സൈബര്‍ പൊലീസ് എന്നിവരുടെ ശാസ്ത്രീയ പരിശോധനാഫലം തിങ്കളാഴ്ചയോടെ കിട്ടുമെന്ന് പൊലീസ്വൃത്തങ്ങള്‍ പറഞ്ഞു. ദീപയുടെ ഫോണ്‍വിളികളും പരിശോധിക്കുന്നു.