കൊച്ചി :ഏറെ പ്രകമ്പനം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്‌ലാം കുറ്റക്കാരനെന്ന് കോടതി. എറണാകുളം സെഷന്‍സ് കോടതിയാണ് ഏറെ നേരം നീണ്ടു നിന്ന വാദ പ്രതിവാദങ്ങള്‍ക്ക് ശേഷം സംഭവത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് വിധി പുറപ്പെടുവിച്ചത്. പ്രതിയുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ വീടിനുള്ളില്‍ അതിക്രമിച്ച് കയറല്‍, മാനഭംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ സാധിച്ചു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ തെളിവ് നശിപ്പിക്കല്‍, പട്ടിക വിഭാഗ പീഡനം എന്നിവയില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ കോടതിക്കായില്ല. കൊലപാതക സമയത്ത് പ്രതി ഉപയോഗിച്ചെന്ന് പറയപ്പെടുന്ന വസ്ത്രങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിരുന്നില്ല. ഇക്കാരണത്താലാണ് തെളിവ് നശിപ്പിക്കല്‍ എന്ന കുറ്റം അമീറുലിന്‍ മേല്‍ ചുമത്താന്‍ കഴിയാതിരുന്നത്. 2016 ഏപ്രില്‍ 28 ന് വൈകീട്ട് പെരുമ്പാവിലെ ജിഷയുടെ വീട്ടില്‍ വെച്ചാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടക്കുന്നത്. എറണാകുളം ലോ കോളജ് വിദ്യാര്‍ത്ഥിനിയായ ജിഷയെ പെരുമ്പാവൂരിലെ വീട്ടിനുള്ളില്‍ അതി ക്രൂരമായി പീഡനത്തിനിരയായതിന് ശേഷം മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സമൂഹ മാനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതകത്തില്‍ 2016 ജൂണ്‍ 14 ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ വെച്ചാണ് അമീറുല്‍ പിടിയിലാവുന്നത്. വിധി കേള്‍ക്കുന്നതിനായി ജിഷയുടെ അമ്മയും പ്രതിയും കോടതിയില്‍ എത്തിയിരുന്നു. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കാന്‍ കോടതി തയ്യാറാകണമെന്ന് നേരത്തെ ജിഷയുടെ അമ്മ രാജേശ്വരി ആവശ്യപ്പെട്ടിരുന്നു. കേസില്‍ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.