പെരുമ്പാവൂര്‍: പൊതുജനം ഇപ്പോഴും വിശ്വസിക്കുന്നതുപോലെ ജിഷ വധക്കേസ് അട്ടിമറിച്ചതായി ജിഷ ആക്ഷന്‍ കൗണ്‍സില്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭത്തിനായി ഒരുങ്ങുന്നു.കേസന്വേഷണം പൂര്‍ത്തിയാക്കി 1500ഓളം പേജുള്ള കുറ്റപത്രത്തില്‍ പറയുന്ന 22 വയസുകാരനായ ഏക പ്രതിയാണ് കുറ്റവാളി എന്നതും കൂട്ടുപ്രതികളോ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചവരോ സഹായിച്ചവരോ ഇല്ലെന്ന പോലീസ് നിലപാടും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ വിലയിരുത്തി.
പ്രതിയെ പിടികൂടിയശേഷം കൂട്ടുപ്രതികള്‍ ഉണ്ടെന്ന് വ്യക്‌തമാക്കിയ പോലീസ് കൂട്ടുപ്രതികള്‍ എന്നത് മുഖ്യപ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ ഭാവനമാത്രമാണെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. പോലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി പ്രതിക്ക് ബന്ധമില്ലാത്തതും കുറ്റകൃത്യത്തിന് ഉപയോഗിച്ച തൊണ്ടി വസ്‌തുക്കള്‍ കണ്ടെടുക്കാന്‍ കഴിയാത്തതും കേസിനെ ദുര്‍ബലപ്പെടുത്തും.
ക്രൂരമായ രീതിയില്‍ കുറ്റകൃത്യം ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ച മനോവികാരം എന്തെന്ന് വ്യക്‌തമാക്കാനും പോലീസിനായിട്ടില്ല. കൊലപാതകത്തിന് കാരണമായി പറഞ്ഞ കുളിക്കടവ് സംഭവവും നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അന്വേഷണസംഘം തിരുത്തുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ കേസന്വേഷണത്തിന്റെ വിശ്വസനീയതയെ ബാധിച്ചെന്നും ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി.
ജിഷ വധക്കേസ് അട്ടിമറിച്ചതിനെ സംബന്ധിച്ച് അന്വേഷണം നടത്തുക, കേസില്‍ പുനരന്വേഷണം നടത്തി പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സമര രംഗത്തിനിറങ്ങാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജിഷയ്‌ക്ക് നീതി ലഭിക്കാനായി സമരരംഗത്തുണ്ടായിരുന്ന സംഘടനാ പ്രതിനിധികളുടെ സംയുക്‌തയോഗം നാളെ ഉച്ചയ്‌ക്ക് രണ്ടുമണിക്ക് പെരുമ്പാവൂര്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. യോഗത്തില്‍ അഡ്വ. സി.കെ. സെയ്‌തു മുഹമ്മദാലി അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍ പി. മനോഹരന്‍ ഉദ്‌ഘാടനം ചെയ്യുന്ന പരിപാടിയില്‍ വിവിധ രാഷ്‌ട്രീയ സാംസ്‌കാരിക സംഘടന പ്രതിനിധികള്‍ പങ്കെടുക്കും.