കൊച്ചി: ജിഷ വധക്കേസില്‍ രഹസ്യ വിചാരണ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് രഹസ്യ വിചാരണ നടത്തുന്നതിനുള്ള ഉത്തരവിട്ടത്. കേസില്‍ സാക്ഷികള്‍ക്ക് പല മൊഴികളും നല്‍കാനുണ്ട്. അപ്പോള്‍ രഹസ്യ വിചാരണയല്ലേ നല്ലതെന്നു വിചാരണ നടപടികള്‍ തുടങ്ങുന്നതിനു മുന്നോടിയായി കേസ് പരിഗണിച്ച കോടതി ചോദിച്ചു. എന്നാല്‍ രഹസ്യ വിചരണയുടെ ആവശ്യമില്ലെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. ഇതു അംഗീകരിക്കാതെ കോടതി രഹസ്യ വിചാരണയ്ക്ക് ഉത്തരവിടുകയായിരുന്നു.
ഇനി കേസിന്റെ വിധി വരുന്നതുവരെ അടച്ചിട്ട മുറിയിലായിരിക്കും വിചാരണ നടക്കുക. മാധ്യമങ്ങള്‍ക്കും കേസിന്റെ വിചാരണ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയില്ല. ഏപ്രില്‍ അഞ്ചു വരെയുളള ഒന്നാംഘട്ട വിചാരണയില്‍ 21 സാക്ഷികളെയാണ് കോടതി വിസ്തരിക്കുക. ജിഷയുടെ അമ്മ രാജേശ്വരിയെ നാളെ വിസ്തരിക്കും.
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ ഒന്നായിരുന്നു ജിഷ വധക്കേസ്. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയായ ജിഷയെ കഴിഞ്ഞ ഏപ്രില്‍ 28 നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൂരമായി ബലാല്‍സംഗത്തിനിരയായ ശേഷമാണ് ജിഷ കൊല്ലപ്പെട്ടത്. കേസ് അന്വേഷണത്തില്‍ പോലീസിന് വന്‍ വീഴ്ച്ചയാണ് സംഭവിച്ചത്. നാളുകള്‍ നീണ്ട അന്വേഷണത്തിനു ശേഷമാണ് ഇതരസംസ്ഥാന തൊഴിലാളിയായ പ്രതിയായി അമീറുള്‍ ഇസ്ലാമിനെ പൊലീസ് പിടികൂടിയത്.